റഷ്യ സൈനിക സന്നാഹം അവസാനിപ്പിക്കണം: ഒബാമ

Posted on: March 28, 2014 11:46 pm | Last updated: March 28, 2014 at 11:46 pm

OBAMA..putin

വാഷിംഗ്ടണ്‍/മോസ്‌കോ: റഷ്യക്കെതിരെ കനത്ത മുന്നറിയിപ്പുമായി അമേരിക്ക. ഉക്രൈന്‍ അതിര്‍ത്തിയിലെ സൈനിക സന്നാഹം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ ഭീഷണി. ക്രിമിയന്‍ മേഖലയിലെ ഭയപ്പെടുത്തല്‍ അവസാനിപ്പിച്ച് ഉക്രൈന്‍ അതിര്‍ത്തി പ്രദേശത്ത് നിന്ന് റഷ്യ തങ്ങളുടെ സൈന്യത്തെ ഉടന്‍ പിന്‍വലിക്കണമെന്ന് സി ബി എസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി. ‘ക്രിമിയയുടെ റഷ്യന്‍ പ്രവേശവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ റഷ്യ ചര്‍ച്ചക്ക് തയ്യാറാകണം. ഉക്രൈന്‍ അതിര്‍ത്തിയിലെ റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നതാണ്.’
അതേസമയം, ഉക്രൈന്‍ വിഷയത്തില്‍ യൂറോപ്യന്‍ യൂനിയന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയ അമേരിക്ക റഷ്യക്കെതിരായി സ്വീകരിച്ച കണിശ നിലപാടില്‍ മാറ്റം വരുത്തുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയോട് ചര്‍ച്ചക്ക് തയ്യാറാകണമെന്ന ഒബാമയുടെ ആവശ്യം ഇതിനുദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളെയും അമേരിക്കയുടെ വിദേശ നിലപാടിനെയും റഷ്യ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും ഉക്രൈനിലെ റഷ്യന്‍ ഇടപെടലല്ല പ്രശ്‌നം മറിച്ച് അവിടുത്തെ ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് അമേരിക്കയുടെ ആഗ്രഹവും ആവശ്യവുമെന്നും ഒബാമ വ്യക്തമാക്കി.
അതിനിടെ, ഒബാമയുടെ ആവശ്യത്തെ നിരസിച്ച് കൊണ്ട് റഷ്യന്‍ സൈന്യത്തോട് അതിര്‍ത്തി മേഖലയില്‍ പ്രത്യേക വിന്യാസം നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ആവശ്യപ്പെട്ടു. ഉക്രൈനിന്റെ കിഴക്കന്‍ ഉപദ്വീപായിരുന്ന ക്രിമിയന്‍ മേഖലയില്‍ നിന്ന് ഉക്രൈന്‍ സൈന്യം പൂര്‍ണമായും പിന്തിരിഞ്ഞിട്ടുണ്ടെന്നും കരിങ്കടല്‍ തീരത്തുള്ള പ്രദേശം പൂര്‍ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്നും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തിനെതിരെ ഏറ്റുമുട്ടലിന് തുനിയാതെ തന്നെ സമാധാനപരമായാണ് ഉക്രൈന്‍ സൈന്യം കരിങ്കടല്‍ കടന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിയന്‍ മേഖലയില്‍ ഇടപെടല്‍ നടത്തിയ സൈനിക േമധാവികളെയും ഉദ്യോഗസ്ഥരെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ അനുമോദിച്ചു. പാശ്ചാത്യ ശക്തികളുടെ സഹായത്തോടെ ഉക്രൈനില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയെ തുടര്‍ന്ന് ഹിത പരിശോധനയിലൂടെ ക്രിമിയന്‍ മേഖല റഷ്യന്‍ ഫെഡറേഷനില്‍ അംഗമായതും അവിടെ റഷ്യ നടത്തിയ ഇടപെടലും പാശ്ചാത്യ ശക്തികളെ ചൊടിപ്പിച്ചിരുന്നു.