Connect with us

Gulf

രാജ്യം കാലാവസ്ഥാ വ്യതിയാനത്തിലേക്കെന്നു സൂചന

Published

|

Last Updated

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. ഇന്നലെ പുലര്‍ച്ചെ മുതലാണ് മഴ ശക്തമായത്. രാജ്യം കാലാവസ്ഥാ വ്യതിയാനത്തിലേക്ക് കൂടുതല്‍ നീങ്ങുന്നതിന്റെ സൂചന നല്‍കുകയാണ് അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തുടര്‍ച്ചയായ മഴ.
ദുബൈയിലും മറ്റ് പ്രമുഖ നഗരങ്ങളിലുമെല്ലാം റോഡുകളില്‍ ഇറങ്ങിയവര്‍ നാട്ടിലെ ജൂണ്‍ മാസമാണോയെന്നു സംശയിക്കുന്നത്രയുമായിരുന്നു മഴയുടെ മേളം. രാവിലെ ശക്തിപ്പെട്ട മഴ ഇടക്ക് കൂടിയും കുറഞ്ഞും രാത്രി വരെ ദുബൈ നഗരത്തില്‍ തുടര്‍ന്നു.
ചൊവ്വാഴ്ച രാത്രി മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങിളില്‍ ഇടിയോടു കൂടി മഴ ആരംഭിച്ചിരുന്നു. ഷാര്‍ജയിലും സ്ഥിതി ഒട്ടും വ്യത്യസ്തമായിരുന്നില്ല. പൊതുവില്‍ മഴയെ വലിയൊരു അനുഗ്രഹമായി പ്രവാസി സമൂഹം ഉള്‍പ്പെടെയുള്ളവര്‍ കണ്ടപ്പോള്‍ വാഹനങ്ങളുമായി പുറത്തിറങ്ങിയവര്‍ ഗതാഗതക്കുരുക്കിലും മറ്റും ഏറെ ബുദ്ധിമുട്ടി. മഴയുടെ കനത്ത സന്നാഹത്തില്‍ പതിവ് പരിപാടികള്‍ മാറ്റിവെച്ച് മഴ നോക്കി സമയം പോക്കിയവരും കുറവല്ല. ദുബൈ, ഷാര്‍ജ റൂട്ടില്‍ വാഹനം ഓടിച്ചവരാണ് ശരിക്കും ബുദ്ധിമുട്ടിയത്. പലര്‍ക്കും ദീര്‍ഘനേരം വേണ്ടി വന്നു, ദുബൈയിലും ഷാര്‍ജയിലും എത്തിച്ചേരാന്‍. ഓഫീസുകളിലേക്ക് ഇറങ്ങിയ പലര്‍ക്കും സമയത്തിന് എത്താനായില്ല.
ദുബൈ നഗരവും പരിസരവും വെള്ളത്തിനടിയിലായി. പരക്കെ പെയ്ത മഴയില്‍ നഗരത്തോടൊപ്പം എമിറേറ്റിന്റെ മറ്റ് ഭാഗങ്ങളിലും വെള്ളം പൊങ്ങി. റോഡുകളില്‍ വാഹനങ്ങള്‍ക്ക് നീങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. അടുത്ത കാലത്തൊന്നും തുടര്‍ച്ചയായുള്ള ഇത്തരം ഒരു മഴക്ക് ദുബൈ നഗരം സാക്ഷിയായിട്ടില്ലെന്നു നൈഫില്‍ കഫറ്റേരിയ നടത്തുന്ന നാദാപുരം സ്വദേശി മുഹമ്മദ അസ്‌ലം പറഞ്ഞു.
കാലാവസ്ഥ മോശമായതിനാല്‍ വാഹനം ഓടിക്കുന്നവരും കാല്‍നടക്കാരുമെല്ലാം ശ്രദ്ധിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാറുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു റോഡുകളില്‍ പലയിടത്തും. ഇത് നിരവധി അപകടങ്ങള്‍ക്കാണ് ദുബൈ, അബുദാബി നഗരങ്ങളില്‍ കാരണമായത്.
അബുദാബിയിലും കനത്ത മഴയായിരുന്നു ഇന്നലെ മുഴുവന്‍. വാഹനം ഓടിക്കുന്നവര്‍ മറ്റ് വാഹനങ്ങളില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണമെന്നും ടയറുകളുടെ ഗുണനിലവാരവും ബ്രേക്കും പരിശോധിക്കണമെന്നും അബുദാബി പോലീസിലെ ലഫ്. കേണല്‍ ജമാല്‍ അല്‍ അമീരി കഴിഞ്ഞ ദിവസം അഭ്യര്‍ഥിച്ചിരുന്നു.
അബുദാബി ട്രാഫിക്കിന്റെ പരിധിയില്‍ പെട്ട സ്ഥലങ്ങളില്‍ നിന്ന് മാത്രം മഴക്കെടുതികളെക്കുറിച്ചുള്ള 1,040 പരാതികള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഇന്നലെ രാവിലെ മുതല്‍ ഉച്ചക്ക് 12 മണിവരെയുള്ള പരാതികളുടെ എണ്ണമാണിത്.
പരാതികളില്‍ 816 എണ്ണം അബൂദാബിയില്‍ നിന്ന് തന്നെയായിരുന്നു. 224 എണ്ണം അല്‍ ഐനില്‍ നിന്നും. ചൊവ്വാഴ്ചയും കാലാവസ്ഥാ മാറ്റം കാരണം പോലീസ് ഓപ്പറേഷന്‍ റൂമിലേക്ക് പരാതികളുടെ പ്രളയമായിരുന്നെന്ന് പോലീസ്. 2,156 ട്രാഫിക് പരാതികളാണ് ചൊവ്വാഴ്ച ലഭിച്ചത്. ഇതില്‍ 1,825 എണ്ണവും അബുദാബിയില്‍ നിന്നും 328 അല്‍ ഐനില്‍ നിന്നുമായിരുന്നെന്ന് പോലീസ്. ഓപ്പറേഷന്‍ റൂമിലേക്ക് പരാതികള്‍ രണ്ടു ദിവസങ്ങളായി ഒഴുകുന്നുണ്ടെങ്കിലും ഗുരുതരമായ അപകടങ്ങളോ അപകട മരണങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പലയിടങ്ങളിലും അപകടങ്ങള്‍ കാരണം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ചില സ്ഥലങ്ങളില്‍ കുരുക്കഴിക്കാന്‍ പോലീസിന് മഴയെത്തും വിയര്‍ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുണ്ട്.
ദുബൈ ഗ്ലോബല്‍ വില്ലേജ് മഴയയെ തുടര്‍ന്ന് ഇന്നലെ അടച്ചിട്ടു. സിവില്‍ ഡിഫന്‍സിന്റെയും ദുബൈ പോലീസിന്റെയും അഭിപ്രായം തേടിയ ശേഷമാണ് അടച്ചിടാന്‍ തീരുമാനിച്ചത്.

Latest