ഇസ്‌റാഈലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കില്ല: അറബ് ഉച്ചകോടി

Posted on: March 27, 2014 8:24 am | Last updated: March 28, 2014 at 7:25 am
SHARE

2014326104154260734_20കുവൈത്ത് സിറ്റി: ഇസ്‌റാഈലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറബ് രാഷ്ട്രങ്ങള്‍. കുവൈത്തില്‍ നടക്കുന്ന അറബ് ലീഗ് ഉച്ചകോടിയിലാണ് ഇസ്‌റാഈലിനെതിരെ രൂക്ഷ വിമര്‍ശവുമായി അറബ് നേതാക്കള്‍ രംഗത്തെത്തിയത്. ഇസ്‌റാഈലിനെ ജൂതരാഷ്ട്രമായി പരിഗണിക്കുന്നതിന് അറബ് രാഷ്ട്രങ്ങള്‍ക്ക് പൂര്‍ണമായ വിയോജിപ്പാണെന്ന് ഉച്ചകോടിയുടെ സമാപന ദിവസമായ ഇന്നലെ അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. രണ്ട് ദിവസമായി കുവൈത്ത് തലസ്ഥാനമായ കുവൈത്ത് സിറ്റിയില്‍ തുടരുന്ന ഉച്ചകോടി ഇന്നലെയാണ് സമാപിച്ചത്.
1990കളുടെ തുടക്കത്തില്‍ ഇസ്‌റാഈല്‍ -ഫലസ്തീന്‍ വിഷയത്തില്‍ നടന്ന സമാധാന ചര്‍ച്ചയിലാണ് ഇസ്‌റാഈലിനെ അംഗീകരികാന്‍ ഫലസ്തീന്‍ തയ്യാറായത്. ഫലസ്തീനിലേക്ക് കുടിയേറ്റം നടത്തിയ ജൂത വംശജര്‍ പിന്നീട് ഫലസ്തീന്‍ മേഖലയില്‍ ആധിപത്യം പുലര്‍ത്തുകയായിരുന്നു. ഇസ്‌റാഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ യു എസിന്റെ നേതൃത്വത്തില്‍ സമാധാന ശ്രമം നടക്കുന്നതിനിടെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് അറബ് ലീഗ് പ്രമേയം എന്നതും ശ്രദ്ധേയമാണ്. ഇസ്‌റാഈലിനെ ജൂത വംശജരുടെ പൈതൃക ഭൂമിയായി അംഗീകരിക്കണമെന്ന നിലപാടാണ് നെതന്യാഹു ഉന്നയിക്കുന്നത്. ഇത് അംഗീകരിക്കപ്പെട്ടാല്‍ ഇസ്‌റാഈല്‍ പുറത്താക്കിയ അറബ് വംശജര്‍ക്ക് തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി എന്നെന്നേക്കുമായി നഷ്ടമായേക്കും. ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ അവകാശവാദം അറബ് ലീഗ് നേതാക്കള്‍ നേരത്തെ തള്ളിയിരുന്നു.
ഉച്ചകോടിയുടെ സമാപനത്തില്‍ സിറിയക്കെതിരെ രൂക്ഷ വിമര്‍ശമാണ് അറബ് നേതാക്കള്‍ ഉന്നയിച്ചത്. സിറിയന്‍ വിഷയത്തില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ച അറബ് ലീഗ്, സിറിയന്‍ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഏറ്റുമുട്ടലിനിടെ സിറിയയില്‍ നടന്ന കൂട്ടക്കുരുതിക്ക് പിന്നില്‍ സിറിയന്‍ സര്‍ക്കാറാണെന്നും നിരായുധരായ ജനങ്ങള്‍ക്ക് നേരെ ക്രൂരമായ ആക്രമണമാണ് സൈന്യം നടത്തുന്നതെന്നും അറബ് ലീഗ് നേതാക്കള്‍ ആരോപിച്ചു. സിറിയന്‍ വിഷയത്തിലെ ഒന്നാം ജനീവ സമാധാന സമ്മേളനത്തില്‍ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തില്‍ സിറിയന്‍ വിഷയത്തില്‍ പരിഹാരം കാണണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സിറിയന്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്തുന്ന വിമതര്‍ക്കും മറ്റും ആയുധങ്ങളടക്കമുള്ള സഹായം നല്‍കണമെന്ന് ഉച്ചകോടിയിലെത്തിയ സിറിയന്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതാവ് അഹ്മദ് അല്‍ ജര്‍ബ ആവശ്യപ്പെട്ടിരുന്നു. സിറിയയിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകരെ വിപ്ലവകാരികളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.