കേരള രാഷ്ട്രീയത്തിലെ കാക്കകളും കുയിലുകളും

Posted on: March 26, 2014 6:00 am | Last updated: March 25, 2014 at 11:37 pm
SHARE

rspവില്യം ഷെ്ക്‌സ്പിയര്‍ നാടകം എഴുതുന്ന കാലത്ത് ഇംഗ്ലണ്ടില്‍ കാണാന്‍ ചന്തമുള്ള പെണ്‍കുട്ടികളുള്ള പ്രഭുക്കന്മാരുടെ വീടിനു ചുറ്റും ചൂളം വിളിച്ചും കണ്ണ് കാണിച്ചും ഒക്കെ പൂവാലന്മാര്‍ കറങ്ങി നടക്കുമായിരുന്നു. ബുദ്ധി കുറഞ്ഞ ചില പെണ്‍കിടാങ്ങള്‍ അവരുടെ മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് ഇത്തരം പൂവാലന്മാരുടെ പിന്നാലെ ഇറങ്ങിത്തിരിച്ചു സ്വന്തം ജീവിതം കുളമാക്കുമായിരുന്നു. ഇത്തരം ധാരാളം പെണ്ണുങ്ങളെയും അവരെ വഴി തെറ്റിക്കുന്ന ആണുങ്ങളെയും ഷെക്‌സ്പിയര്‍ തന്റെ പല നാടകങ്ങളിലും കഥാപാത്രങ്ങളാക്കിയിട്ടുണ്ട്. അവരിലൊരു പ്രധാന കഥാപാത്രമായിരുന്നു വെനീസിലെ ബ്രബാന്‍ഷ്യോ പ്രഭുവിന്റെ മകള്‍ ഡെസ്ഡിമോണോ. ഒഥല്ലോ എന്ന പട്ടാള നായകന്റെ വീര സാഹസിക കഥകളില്‍ ആകൃഷ്ടയായി അപ്പനെ കബളിപ്പിച്ച് കാമുകന്റെ പിന്നാലെ ഇറങ്ങിത്തിരിച്ച നിമിഷം മുതല്‍ ഡെസിഡിമോണോക്കു മാത്രമല്ല അവള്‍ ഭര്‍ത്താവായി വരിച്ച ഒഥല്ലോ എന്ന കാപ്പിരിക്കും മനസ്സമാധാനം ലഭിച്ചിട്ടില്ല. ഒടുവില്‍ ആ പാവം പെണ്ണിന്റെ കഴുത്ത് ഞെരിച്ച് അവളെക്കൊന്നിട്ട് സ്വയം നെഞ്ചത്ത് കത്തിയിറക്കി ചാകാനായിരുന്നു കാപ്പിരിയുടെ വിധി. ആ ദുരന്ത കഥയുടെ അനുകരണമാണോ കൊല്ലത്തെ ആര്‍ എസ് പിയും കേരളത്തിലെ കോണ്‍ഗ്രസും ചേര്‍ന്ന് നടത്തിയിരിക്കുന്നത്?
എന്‍ കെ പ്രേമചന്ദ്രന് വീണ്ടും പാര്‍ലമെന്റില്‍ പോകാന്‍ മോഹം. എന്നും സമരവും സത്യഗ്രഹവും ധര്‍ണയും ആയി കഴിയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടൊപ്പം നിന്ന് ആയുസ്സ് പാഴാക്കുന്നതിലും നല്ലത് ആയ കാലത്ത് കിട്ടുന്ന അവസരം ഉപയോഗിക്കുന്നതായിരിക്കും ബുദ്ധി എന്ന് അവരുടെ രണ്ട് എം എല്‍ എമാര്‍ക്കും തോന്നിയിരിക്കും. അഖില ലോക വിപ്ലവസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പീക്കിംഗ് ആയ കൊല്ലത്തു തങ്ങളുടെ പി ബി മെമ്പര്‍ എം എ ബേബിയെ തന്നെ മത്സരിപ്പിക്കണം എന്നു സി പി എമ്മിന്റെ നിര്‍ബന്ധ ബുദ്ധി ഇതുവരെയും വിശദീകരിക്കപ്പെട്ടിട്ടില്ല. എന്തായാലും പ്രേമചന്ദ്രന്‍ എന്ന ഡെസ്ഡിമോണ, ഉമ്മന്‍ ചാണ്ടി എന്ന ഒഥല്ലോയുടെ പിന്നാലെ പോയി. അവരെ തമ്മിലടിപ്പിക്കാനുള്ള ഇയാഗോമാര്‍ക്കാണോ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പഞ്ഞം? പാവം ഡെസ്ഡിമോണോ! ഏത് നിമിഷത്തിലായിരിക്കുമോ കഴുത്തു ഞെരിച്ചു കൊല്ലലിന് വിധേയമാകുക.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു വിപ്ലവം പോരാ എന്നു കണ്ടെത്തി ലോക വിപ്ലവത്തിന്റെ കുത്തകാവകാശമേറ്റെടുത്ത് നാടുവിട്ട മഹാനായ ട്രോട്‌സ്‌കിയുടെ അനുയായികളാണ് ആര്‍ എസ് പിക്കാര്‍. ട്രോട്‌സ്‌കിക്ക് ഇത്തരം ചില ഷിബു ബേബി ജോണുമാരെയും പ്രേമചന്ദ്രന്മാരെയും പോലുള്ള അനുയായികളെ കിട്ടിയില്ലായിരുന്നെങ്കില്‍ ലോക വിപ്ലവത്തിന്റെ ഗതി തന്നെ അപകടത്തിലാകുമായിരുന്നു. വിത്തിനു സൂക്ഷിക്കേണ്ട മുന്തിയ ഇനം സാധനങ്ങളാണ്. ഇത്രയും കാലം തിരുവനന്തപുരത്തെ എ കെ ജി സെന്ററിലായിരുന്നു ഈ വിത്തുകളത്രയും മുള പൊട്ടാതെ സൂക്ഷിച്ചിരുന്നത്. ഇനി അത് എറണാകുളത്തെ ഇന്ദിരാ ഭവനില്‍ സൂക്ഷിക്കും. രണ്ടായാലും കൊല്ലത്തെ ആര്‍ എസ് പിക്കാര്‍ ലോക വിപ്ലവം പൂര്‍ത്തിയാക്കുക തന്നെ ചെയ്യും.
ലിയണ്‍ ട്രോട്‌സ്‌കി എന്ന വിപ്ലവകാരിയുടെ ഒരു ലഘു ജീവചരിത്രക്കുറിപ്പ് ഇങ്ങനെ: 1879ല്‍ യുക്രെയ്‌നില്‍, കൃഷിക്കാരായ ജൂത മാതാപിതാക്കളുടെ മകനായി ജനിച്ചു. ഒരു സോഷ്യലിസ്റ്റ് രഹസ്യ സംഘടനയില്‍ ചേര്‍ന്നു വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനു 1898ല്‍ സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു. 1902ല്‍ വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച് ലണ്ടനിലേക്കു പലായനം ചെയ്തു. അവിടെ വെച്ചായിരുന്നു ലെനിനുമായുള്ള പ്രഥമ സന്ധിക്കല്‍, 1903ല്‍ റഷ്യന്‍ സോഷ്യല്‍ – ഡെമോക്രാറ്റിക് വര്‍ക്കേഴ്‌സ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ലെനിന്റെ പ്രതിയോഗികളുമായി ചേര്‍ന്നു ട്രോട്‌സ്‌കി മെന്‍ഷെവിക് പാര്‍ട്ടി രൂപവത്കരിച്ചു. അറസ്റ്റ് ചെയ്യപ്പെട്ട് സൈബീരിയയിലേക്കു നാടുകടത്തപ്പെട്ടു. അവിടെ വെച്ച് നിരന്തര വിപ്ലവമെന്ന തന്റെ സിദ്ധാന്തം ആവിഷ്‌കരിച്ചു കൊണ്ട് റിസള്‍ട്ട്‌സ് ആന്‍ഡ് പ്രോസ്‌പെക്റ്റസ് എന്ന ഗ്രന്ഥം രചിച്ചു. 1907ല്‍ വിയന്നയിലേക്കു രക്ഷപ്പെട്ടു. ബാള്‍ക്കന്‍ യുദ്ധത്തില്‍ (1912-13) പത്രപ്രവര്‍ത്തകനായി. യൂറോപ്പിലും യു എസിലും ചുറ്റി സഞ്ചരിച്ചു. 1917ല്‍ റഷ്യന്‍ വിപ്ലവം കൊടുമ്പിരിക്കൊണ്ടപ്പോള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ തിരിച്ചെത്തി ബോള്‍ഷവിക്ക് ഗ്രൂപ്പില്‍ ചേര്‍ന്നു തൊഴിലാളികളുടെ സോവ്യറ്റിന്റെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. താത്കാലിക സര്‍ക്കാറിനെ തകിടം മറിച്ച് ലെനിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ലെനിന്‍ തന്റെ പിന്‍ഗാമിയായി ട്രോട്‌സ്‌കിയെ പരിഗണിച്ചിരുന്നെങ്കിലും ലെനിന്റെ മരണശേഷം അധികാരത്തില്‍ വന്ന സ്റ്റാലിന്‍ ട്രോട്‌സ്‌കിയെ തന്റെ മുഖ്യ രാഷ്ട്രീയ പ്രതിയോഗിയായി കരുതി പടിപടിയായി പി ബിയില്‍ നിന്നും സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും ഒടുവില്‍ റഷ്യയില്‍ നിന്നു തന്നെയും പുറത്താക്കി. 1936ല്‍ മെക്‌സിക്കോവില്‍ വെച്ച് സ്റ്റാലിനെതിരായ ഗൂഢാലോചനക്കുറ്റം ആരോപികപ്പെട്ട് ഒരു സ്പാനിഷ് കമ്യൂണിസ്റ്റുകാരന്റെ കൈകളാല്‍ വധിക്കപ്പെട്ടു.
ഇന്ത്യയില്‍ ബംഗാളിന്റെ മണ്ണില്‍ രൂപപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ ട്രോട്‌സ്‌കിയുടെ ആശയങ്ങളുടെ സ്വാധീനം ഉണ്ടായതിന്റെ ഫലമായിരുന്നു ആര്‍ എസ് പി. ബംഗാള്‍ വിമോചനം ലക്ഷ്യമാക്കിയ പ്രവര്‍ത്തകരിലൂടെയാണ് 1940ല്‍ ബംഗാളില്‍ ആര്‍ എസ് പി ജന്മമെടുത്തത്. 1949ല്‍ കൊല്ലത്തെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ഉജ്ജ്വല നേതാക്കന്മാരായിരുന്ന ശ്രീകണ്ഠന്‍ നായരും കെ ബാലകൃഷ്ണനും ബേബി ജോണും ഒക്കെ ചേര്‍ന്നാണ് ആര്‍ എസ് പി കേരള ഘടകത്തിനു രൂപം നല്‍കിയത്. തീയില്‍ക്കുരുത്തത് വെയിലത്തു വാടുകയില്ലെന്നൊക്കെ വെറുതെ പറയുന്നതാണ്. അധികാരമോഹത്തിന്റെ വെയിലിന് ഏത് തീയേക്കാളും ചൂടേറും. അത് ഏത് ആദര്‍ശത്തിന്റെ നാമ്പുകളെയും കരിച്ചുകളയും. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ ബദ്ധശത്രുക്കളായിരിക്കുമ്പോള്‍ തന്നെ 11 വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസിന്റെ തോളിലിരുന്നുകൊണ്ട് കേരളം ഭരിച്ച പാരമ്പര്യം ആര്‍ എസ് പിക്കുണ്ട്.
ഇതു വളരെ നേരത്തെ കൂട്ടി ആസൂത്രണം ചെയ്ത ഒരു തിരക്കഥയുടെ പൂര്‍ത്തീകരണം ആണ് എന്ന് സി പി എം ആരോപിക്കുന്നു. പ്രതിപക്ഷത്തു നിന്നു രണ്ട് എം എല്‍ എമാര്‍ ഏത് നിമിഷവും ഭരണപക്ഷത്തിന്റെ ചാക്കില്‍ കയറാന്‍ തയ്യാറായി നില്‍ക്കുന്നു എന്നു മാസങ്ങള്‍ക്കു മുമ്പ് തന്നെ ചീഫ് വിപ്പ് പറഞ്ഞപ്പോള്‍ അത് ജോര്‍ജിന്റെ വിടുവായ ത്തം എന്ന് കരുതിയവര്‍ക്ക് തെറ്റിപ്പോയിരിക്കുന്നു. ഇത് മാത്രമല്ല, സോളാര്‍ വിവാദം, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഇങ്ങനെ ഒട്ടുമിക്ക വിഷയങ്ങളിലും പി സി ജോര്‍ജ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്നു പിന്നീട് ബോധ്യമായിട്ടുള്ളതാണല്ലോ. ജോര്‍ജ് പറഞ്ഞതത്രയും റിക്കാര്‍ഡ് ചെയ്ത് പി സി ജോര്‍ജിനെ തന്നെ കേള്‍പ്പിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ കാലിലും നാവിലും കെ എം മാണി ഇട്ട പൂട്ട് പൊട്ടിച്ച് ഒരു ഭ്രാന്തനെപ്പോലെ വഴിയെ ഓടുമായിരുന്നു. പാവം കേരളീയര്‍! എന്തെല്ലാം കേട്ടു. എന്തെല്ലാം കണ്ടു, ഇനി എന്തെല്ലാം കേള്‍ക്കണം, എന്തെല്ലാം കാണണം. വെറുതെയാണോ തിരഞ്ഞെടുപ്പ് കാലം ജനാധിപത്യത്തിന്റെ ഉത്സവകാലമാണെന്നു പറയുന്നത്? ഈ ഉത്സവ പന്തലില്‍ എന്തൊക്കെ കാഴ്ചകള്‍! ആന, ആട്, ഒട്ടകം, മയില്‍, സര്‍പ്പസുന്ദരി, അത്ഭുത മനുഷ്യന്‍, കത്തിയേറ്, കറക്കിക്കുത്ത്, മലക്കം മറിച്ചില്‍, ചെണ്ടകൊട്ട്, ആന എഴുന്നള്ളത്ത്, പിടിച്ചുപറി, പോക്കറ്റടി, അസഭ്യ ഭാഷണം, ബലാല്‍സംഗം, വെച്ചൂട്ട്, നേര്‍ച്ച വിളമ്പല്‍, പ്രസാദ വിതരണം. ഇതെല്ലാം ഇല്ലെങ്കില്‍ പിന്നെ എന്തുത്സവം! ഒരു ചന്തയില്‍, ദേശീയത, അടുത്ത ചന്തയില്‍ ജനാധിപത്യം, മറ്റൊന്നില്‍ സോഷ്യലിസം. ആവശ്യക്കാര്‍ക്ക് കറന്നെടുക്കാന്‍ പാകത്തില്‍ ഈ പശുക്കളെയെല്ലാം നിരത്തി നിറുത്തിയിരിക്കുന്നു. പക്ഷേ, ഈ പശുക്കളെല്ലാം വെറും മച്ചി പശുക്കളാണെന്നാര്‍ക്കാണറിയാത്തത്? മച്ചി പശുവിനെ തൊഴുത്ത് മാറ്റിക്കെട്ടിയതു കൊണ്ടു മാത്രം പ്രസവിക്കാനൊന്നും പോകുന്നില്ല. ഏതു തൊഴുത്തിലായാലും അതിനു പുല്ലും വെള്ളവും കിട്ടണം.
എന്തു വീറോടും വാശിയോടും കൂടിയാണ് എന്‍ കെ പ്രേമചന്ദ്രന്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ടു ഉമ്മന്‍ ചാണ്ടിക്കെതിരെ ആഞ്ഞടിച്ചിരുന്നത്? തൊഴില്‍ പരമായി നമ്മുടെ രാഷ്ട്രീയക്കാരില്‍ മിക്കവരും വക്കീലന്മാരാണല്ലോ. ആര്‍ക്കു വേണ്ടിയും എന്തും വാദിച്ചു സമര്‍ഥിക്കുന്നതാണല്ലോ വക്കീലിന്റെ ജോലി. ഈ ജോലി കോടതിയിലേക്കാള്‍ ഭംഗിയായ രീതിയില്‍ അവര്‍ പൊതുജന വേദികളില്‍ നിറവേറ്റുന്നു. കോടതിയിലെ ന്യായാധിപന്മാര്‍ക്ക് മുമ്പില്‍ അവര്‍ കേള്‍ക്കുന്ന വാദപ്രതിവാദങ്ങളുടെ ശരിതെറ്റുകള്‍ പരിശോധിക്കാന്‍ ആവശ്യമായ തെളിവുകളും ആധികാരികമായ നിയമപുസ്തകങ്ങളും ഉണ്ട്. പൊതുജനം എന്ന ന്യായാധിപന് മുമ്പില്‍ അത്തരം സാമഗ്രികളൊന്നും ഇല്ലാത്തതിനാല്‍ രാഷ്ട്രീയക്കാര്‍ എന്ത് പറഞ്ഞാലും വിശ്വസിച്ചു കൊള്ളും. പറഞ്ഞതത്രയും നിന്ന നില്‍പ്പില്‍ വിഴുങ്ങാന്‍ ഉള്ള കഴിവില്‍ പി സി ജോര്‍ജിനെയും കടത്തിവെട്ടുന്നവര്‍ കേരളത്തില്‍ ഏറെയുണ്ട്.
പറഞ്ഞതു മാത്രമല്ല എഴുതിയതും വിഴുങ്ങാന്‍ ശേഷിയുള്ള ഒരാള്‍, കഴിഞ്ഞ പാര്‍ലമെന്റ്തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് മത്സരിക്കാന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്തെന്തു പൊല്ലാപ്പുകളാണുണ്ടാക്കിയത്? ഗാട്ടും കാണാച്ചരടും, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപകടകാരിയായ കടന്നാക്രമണം, സോഷ്യലിസത്തിന്റെ മഹത്വം ഇങ്ങനെ എത്രയെത്ര പുസ്തകങ്ങളാണ് അദ്ദേഹം പുറത്തുവിട്ടു വായനക്കാരെ പ്രബോധിപ്പിച്ചത്. എങ്ങനെയെങ്കിലും ഒന്നു പാര്‍ലമെന്റില്‍ പോകണം. അതിനൊരു സീറ്റ്. അതാര് തന്നാലും അവര്‍ക്കു സര്‍വ പിന്തുണയും. പാര്‍ട്ടികളില്‍ നിന്നൊരു സീറ്റ്, ജനങ്ങളില്‍ നിന്നൊരു വോട്ട് അതിനു വേണ്ടി ആരുടെ മുന്നിലും നട്ടെല്ല് മഴവില്ലുപോലെ വളക്കാന്‍ മടിയില്ലാത്തവരേ രാഷ്ട്രീയത്തിലേക്കു വരേണ്ടൂ. അതിടതായാലും വേണ്ടില്ല. വലതായാലും വേണ്ടില്ല. എന്തിടത്? എന്തു വലത്? വലതു സ്റ്റാറ്റസ്‌കോക്ക് വേണ്ടി വാദിക്കുന്നവരും ഇടതു സമ്പൂര്‍ണ മാറ്റത്തിനായി നിലകൊള്ളുന്നവരും എന്നൊക്കെയുള്ള വ്യവസ്ഥാപിത അര്‍ഥങ്ങള്‍ പാഴും ശൂന്യവും ആയിരിക്കുന്നു. ഇടതും വലതും പറഞ്ഞു നിന്നിടത്തു നിന്നു വെയിലുകൊള്ളേണ്ട ഒരു കാര്യവും ഇല്ല. എന്തെങ്കിലും ഒരു കാര്യം പറഞ്ഞ് ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയുണ്ടാക്കുക. സ്വന്തം ചുറ്റുവട്ടത്തു നിന്നു കുറേപ്പേരെ ഒപ്പം കൂട്ടുക. ഇടതിന്റെ തൊഴുത്തിലും വലതിന്റെ തൊഴുത്തിലും ഉണ്ടാകുന്ന ആദ്യത്തെ ഒഴിവില്‍ സ്ഥാനം പിടിക്കുക. അവര്‍ തീറ്റിയും കുടിയും തന്നു പോറ്റിക്കൊള്ളും. അതല്ലേ ഗൗരിയമ്മയും എം വി രാഘവനും പരീക്ഷിച്ച് തെളിയിച്ചിരിക്കുന്നത്. എം വി രാഘവന് താനുണ്ടാക്കിയ പാര്‍ട്ടിയുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ പങ്കിട്ട് അനുഭവിക്കാന്‍ മക്കളും മരുമക്കളും ഉണ്ട്. പാവം ഗൗരിയമ്മ; സഖാവിന് അതുമില്ല. കൊച്ചു പാര്‍ട്ടികള്‍ ഉണ്ടാക്കി ക്ലച്ച് പിടിപ്പിക്കുക എളുപ്പമാണ്. സമ്പൂര്‍ണ വിപ്ലവം, സോഷ്യലിസം, ജനാധിപത്യം മതേതരത്വം എന്നൊക്കെ ശബ്ദമുയര്‍ത്തി അമറുക. ഫലമുണ്ടാകാതിരിക്കില്ല.
2014 ഇത്തരം മച്ചി പശുക്കളുടെ കാലമാണ്. കാക്കയുടെ കൂട്ടില്‍ മുട്ടയിട്ടിട്ട് പറന്നകലുന്ന കുയിലുകളെ ഓര്‍മിക്കുക. പാവം കാക്ക ആ മുട്ടയത്രയും അടയിരുന്നു വിരിയിച്ചു കൊള്ളും. തന്നത്താനേ ഇര തേടാറാകുമ്പോള്‍ കുയിലിന്റെ കുഞ്ഞുങ്ങള്‍ കാക്കയെ കളിയാക്കിക്കൊണ്ടു പുറത്തേക്കു പറന്നു പോയിക്കൊള്ളും. ഇതെപ്പോഴാണാവോ നമ്മുടെ മുഖ്യധാരാ വലതുപക്ഷവും ഇടതുപക്ഷവും കൃത്യമായി മനസ്സിലാക്കുക.