Connect with us

Business

കൊപ്രയുടെ ലഭ്യത കുറഞ്ഞു; റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍

Published

|

Last Updated

കൊച്ചി: നാളികേര വിളവെടുപ്പ് മുന്നേറുന്നതിനിടയിലും കൊപ്രയുടെ ലഭ്യത വര്‍ധിക്കാഞ്ഞത് മില്ലുക്കാരെ അസ്വസ്തരാക്കി. ടയര്‍ ലോബി റബ്ബര്‍ കര്‍ഷകരുടെ കണക്ക് കുട്ടലുകള്‍ തെറ്റിച്ചു. കുരുമുളക് പുതിയ വിദേശ അന്വേഷണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. സ്വര്‍ണ വില താഴ്ന്നു.
കാര്‍ഷിക മേഖലകളില്‍ നാളികേര വിളവെടുപ്പ് പുരോഗമിച്ചു. ഗ്രാമീണ വിപണികളില്‍ പച്ച തേങ്ങ വില്‍പ്പനക്ക് ഇറങ്ങിയെങ്കിലും കൊപ്രയുടെ ലഭ്യത ഇനിയും ഉയര്‍ന്നിട്ടില്ല. പല വിപണികളിലും കൊപ്ര ചെറിയതോതില്‍ വില്‍പ്പനക്ക് എത്തിക്കെത്തിയത് കണ്ട് മില്ലുകാര്‍ മത്സരിച്ച് ചരക്ക് വാങ്ങി കൂട്ടി. 8750 ല്‍ നിന്ന് കൊപ്ര 8900 ലേക്ക് മുന്നേറി. ഇതിനിടയില്‍ വെളിച്ചെണ്ണ വില 12,300 ല്‍ നിന്ന് റെക്കോര്‍ഡായ 12,500 രൂപയായി. തേങ്ങയ്ക്കും കൊപ്രയ്ക്കും ഉയര്‍ന്ന വില ലഭിക്കുന്നതിനാല്‍ വിളവെടുപ്പ് രംഗം വരും ദിനങ്ങളില്‍ കൂടുതല്‍ സജീവമാക്കും.
കുരുമുളകിന് വിദേശ വിപണികളില്‍ നിന്ന് പുതിയ ഓര്‍ഡററില്ല. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 9000 ഡോളര്‍. ആഭ്യന്തര വ്യാപാരികള്‍ കുരുമുളക് വിപണിയില്‍ താത്പര്യം കാണിച്ചില്ല. ഇത് മുലം ഉത്പന്നത്തിന്റെ നിരക്ക് സ്‌റ്റെഡിയായി നീങ്ങി. 50,900 ല്‍ അണ്‍ ഗാര്‍ബിള്‍ഡ് മുളകും ഗാര്‍ബിള്‍ഡ് കുരുമുളക് 52,900 രൂപയിലാണ്.
ടെര്‍മിനല്‍ വിപണിയിലേയ്ക്കുള്ള ചുക്ക് വരവ് കുറഞ്ഞു. കാര്‍ഷിക മേഖലകളില്‍ സ്‌റ്റോക്ക് കുറവായതിനാല്‍ വിപണി മികവ് നിലനിര്‍ത്താം. മീഡിയം ചുക്ക് വില 23,000 രൂപയിലും ബെസ്റ്റ് ചുക്ക് 24,000 രൂപയിലുമാണ്.
റബ്ബര്‍ കര്‍ഷകര്‍ ഓഫ് സീസണിലെ വിലക്കയറ്റത്തെ പ്രതീക്ഷിച്ച അവസരത്തില്‍ ടയര്‍ വ്യവസയികള്‍ ഷീറ്റു വില താഴ്ത്തി. മുഖ്യ വിപണികള്‍ ഷീറ്റു ക്ഷാമത്തിന്റെ പിടിയിലാണ്. അതുകൊണ്ട് തന്നെ നിരക്ക് മെച്ചപ്പെടാനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു. നാലാം ഗ്രേഡ് 14,850 ല്‍ നിന്ന് 14,700 രൂപയായി കുറഞ്ഞു. അഞ്ചാം ഗ്രേഡ് റബ്ബര്‍ 14,500 ല്‍ വിപണനം നടന്നു. കൊച്ചിയില്‍ 800 ടണ്‍ റബ്ബറിന്റെ കൈമാറ്റം നടന്നു. ടോക്കോമിലും സിക്കോമിലും റബ്ബര്‍ മികവിലാണ്.
പവന് 520 രൂപ കുറഞ്ഞു. പവന്‍ 22,680 രൂപയില്‍ നിന്ന് 22,160 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2835 രൂപയില്‍ നിന്ന് 2770 രൂപയായി. ലണ്ടനില്‍ സ്വര്‍ണ വില ഔണ്‍സിന് 1382 ഡോളറില്‍ നിന്ന് 1335 ഡോളറായി.