Connect with us

Malappuram

യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രചാരണം നടത്തുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Published

|

Last Updated

ചങ്ങരംകുളം: പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിനെതിരെ ശക്തമായ പ്രചരണം നടത്തുമെന്ന് നന്നംമുക്ക് മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് കെ മുരളീധരനും ഇവരെ അനുകൂലിക്കുന്ന കോണ്‍ഗ്രസ് എ ഗ്രൂപ്പ് പ്രവര്‍ത്തകരും പറഞ്ഞു.

നന്നംമുക്ക് പഞ്ചായത്തിലെ യു ഡി എഫ് സംവിധാനം തകരാന്‍ കാരണക്കാരായ മുസ്‌ലിം ലീഗിന്റെ ഇംഗിതത്തിന് വഴങ്ങുന്ന നിലവിലെ നേതൃത്വത്തിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇവര്‍ പറഞ്ഞു. നന്നംമുക്ക് കോണ്‍ഗ്രസില്‍ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാറ്റി നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍.
കഴിഞ്ഞ ദിവസം ചങ്ങരംകുളത്തുവെച്ച് യോഗം ചേരുകയും പൊന്നാനി മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളില്‍ നിന്നുമുള്ള എ ഗ്രൂപ്പ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ബദല്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇവര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.
നന്നംമുക്ക് വൈസ് പ്രസിഡന്റ് ലീഗിലെ കാട്ടില്‍ അശ്‌റഫിനെതിരെ സി പി എം അവിശ്വാസം കൊണ്ടുവന്നപ്പോള്‍ എ ഗ്രൂപ്പിലെ മൂന്ന് മെമ്പര്‍മാരോട് യു ഡി എഫിനൊപ്പം നില്‍ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി ഇവരുടെ ആവശ്യം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കുകയായിരുന്നു. ഇത് അംഗീകരിക്കാമെന്ന് പാര്‍ട്ടി ഉറപ്പ് നല്‍കി. അവിശ്വാസ പ്രമേയം ഈ അംഗങ്ങളുടെ കൂടി പിന്തുണയോടെ പരാജയപ്പെടുത്തിയ ശേഷം പാര്‍ട്ടി വാക്കുപാലിച്ചില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി.
ഇതില്‍ പ്രതിഷേധിച്ച് എ ഗ്രൂപ്പിലെ മൂന്ന് അംഗങ്ങളും മെമ്പര്‍ സ്ഥാനം രാജിവെക്കുകയാണെന്ന് കാണിച്ച് ഡി സി സിക്ക് കത്തു നല്‍കിയിട്ടുണ്ട്. പ്രശ്‌നം പരിഹക്കാനായി ഡി സി സി സെക്രട്ടറി മദുസൂദനന്‍ ചങ്ങരംകുളത്തെത്തി ചടര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.