സി പി എമ്മിന് കണ്ണൂര്‍ ‘ചതിയന്‍’ മണ്ഡലം

  Posted on: March 21, 2014 12:01 am | Last updated: March 21, 2014 at 12:01 am
  SHARE

  Kannur Lc‘കാലുമാറ്റക്കാര്‍’ക്കുവേണ്ടി ഊണും ഉറക്കവും കളഞ്ഞ പാരമ്പര്യമാണ് കണ്ണൂര്‍ മണ്ഡലത്തിലെ പാര്‍ട്ടി സഖാക്കളുടെത്. രാപ്പകല്‍ ഉണ്ണാതെ ഉറങ്ങാതെ പണവും പ്രയത്‌നവും ചെലവഴിച്ചാലും ഒടുവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ‘കാലുമാറിയ’ ചരിത്രം കണ്ണൂരിലേതുപോലെ മറ്റൊരു മണ്ഡലത്തിലും ഉണ്ടാകാനിടയില്ല. 1980 മുതല്‍ കണ്ണൂരിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇത്തരമൊരു സ്ഥിതിവിശേഷം ആവര്‍ത്തിച്ചത് തിരഞ്ഞെടുപ്പ് രംഗത്തെ ചരിത്ര കൗതുകം കൂടിയാണ്.

  1980ല്‍ കണ്ണൂരിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി കോണ്‍ഗ്രസ് യു വിഭാഗത്തിലെ കെ കുഞ്ഞമ്പുവായിരുന്നു. അന്നത്തെ ഡി സി സി പ്രസിഡന്റ് എന്‍ രാമകൃഷ്ണനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. വീറുംവാശിയുമേറിയ തിരഞ്ഞെടുപ്പായിരുന്നു അത്. കുഞ്ഞമ്പുവിനെ വിജയിപ്പിച്ചെടുക്കല്‍ അഭിമാന പ്രശ്‌നമായിക്കരുതി പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങി. ഒടുവില്‍ 75,000ത്തിലധികം വോട്ടിന് കുഞ്ഞമ്പു വിജയക്കൊടി നാട്ടി. ജയിപ്പിച്ചതിന്റെ ക്ഷീണം മാറും മുമ്പേ രണ്ട് വര്‍ഷത്തിനുള്ളില്‍ അതേ കുഞ്ഞമ്പു യു ഡി എഫിലെത്തി. കുഞ്ഞമ്പുവിന്റെ പാര്‍ട്ടി എ വിഭാഗം കോണ്‍ഗ്രസില്‍ ലയിച്ചതിന്റെ ഭാഗമായിരുന്നു അത്.
  1984ലും സി പി എമ്മിന്റെ നഷ്ടക്കണക്കുകളുടെ ചരിത്രം ആവര്‍ത്തിച്ചു. 84ല്‍ സി പി എമ്മിന്റെ സ്ഥാനാര്‍ഥിയായി കണ്ണൂരില്‍ മത്സരിച്ചത് പ്രമുഖ നേതാവ് പാട്യം ഗോപാലന്റെ സഹോദരന്‍ പാട്യം രാജനായിരുന്നു. രാഷ്ട്രീയത്തില്‍ പാട്യം രാജന് വലിയ സ്ഥാനമുണ്ടാക്കിക്കൊടുത്ത തിരഞ്ഞെടുപ്പായിരുന്നു അത്. രാജനെ ജയിപ്പിച്ചെടുക്കാന്‍ സി പി എം കൈമെയ് മറന്ന് രംഗത്തിറങ്ങി. പാര്‍ട്ടിക്ക് കാര്യമായി വേരില്ലാത്ത സ്ഥലങ്ങളില്‍ പോലും രാജനുവേണ്ടി സഖാക്കള്‍ ഊണും ഉറക്കവുമൊഴിച്ച് പ്രവര്‍ത്തനം നടത്തി. എന്നാല്‍, എതിര്‍ സ്ഥാനാര്‍ഥിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഈ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ചു. മുല്ലപ്പള്ളിയുടെ ജയത്തിന് രാജീവ് തരംഗം കൂടി കാരണമായി. പാട്യം രാജന്‍ പരാജയപ്പെട്ടെങ്കിലും സി പി എം നേതൃനിരയിലെ പ്രധാന നേതാവായി മാറുകയും ചെയ്തു. മൂന്ന് വര്‍ഷത്തിനകം രാജന്‍ സി പി എം വിട്ട് സി എം പിയിലുമെത്തി.
  1989ലും സി പി എമ്മിന് വളര്‍ത്തിയെടുത്ത മറ്റൊരു നേതാവിനെ കൂടി നഷ്ടമായി. മുല്ലപ്പള്ളിക്കെതിരെ 89ല്‍ സി പി എം രംഗത്തിറക്കിയത് പി ശശിയെയായിരുന്നു. സി പി എമ്മിന്റെ സംസ്ഥാന നേതൃനിരയിലേക്കുയര്‍ന്നു വരേണ്ടിയിരുന്ന പി ശശിയും സ്വഭാവ ദൂഷ്യാരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കു പുറത്തായി. 1996ലും സി പി എമ്മിന്റെ പരിശ്രമം പാഴായ ചരിത്രമാണ് കണ്ണൂരില്‍ കണ്ടത്. കെ സുധാകരനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് വിട്ടുവന്ന എന്‍ രാമകൃഷ്ണനെ സി പി എം പിന്തുണച്ചു. സ്വതന്ത്രനായി മത്സരിച്ച രാമകൃഷ്ണനിലൂടെ മണ്ഡലം പിടിച്ചെടുക്കാന്‍ പഴയ വൈരം മറന്ന് സി പി എം ആവുന്നത്ര പരിശ്രമിച്ചു. ഊണും ഉറക്കവും കളഞ്ഞ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രാമകൃഷ്ണനു വേണ്ടി ഓടി നടന്നു. രാമകൃഷ്ണന്‍ തിരഞ്ഞെടുപ്പില്‍ പരാജയെപ്പെട്ടു. വര്‍ഷങ്ങള്‍ക്കകം കോണ്‍ഗ്രസില്‍ രാമകൃഷ്ണന്‍ തിരിച്ചെത്തുകയും സി പിഎമ്മിന് വീണ്ടുമെതിരാകുകയും ചെയ്തു.
  1999ലും 2004ലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനപ്രയത്‌നം നടത്തി കണ്ണൂര്‍ മണ്ഡലം അബ്ദുല്ലക്കുട്ടിയെന്ന നേതാവിലൂടെ തിരിച്ചെടുത്തുവെങ്കിലും ഏറ്റവുമൊടുവില്‍ അബ്ദുല്ലക്കുട്ടിയും സി പി എം പാളയം വിട്ട് പുറത്തുപോയി. അഞ്ച് തവണ തുടര്‍ച്ചയായി കണ്ണൂര്‍ മണ്ഡലം കൈയടക്കിവെച്ച മുല്ലപ്പള്ളി രാമചന്ദ്രനെ വീഴ്ത്തിയാണ് അബ്ദുല്ലക്കുട്ടിയിലൂടെ 1999ല്‍ മണ്ഡലം പാര്‍ട്ടി പിടിച്ചെടുത്തത്. 2004ലും 80,000ലധികം വോട്ടിന് അബ്ദുള്ളക്കുട്ടിയെ ജയിപ്പിച്ചെടുത്തു. എന്നാല്‍ അഞ്ച് കൊല്ലം പൂര്‍ത്തിയാകുന്നതിന് മുമ്പ് അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസിലെത്തിയെന്ന് മാത്രമല്ല കെ സുധാകരന് വേണ്ടി 2009ലെ തിരഞ്ഞെടുപ്പില്‍ നാടുനീളെ ഓടി നടക്കുന്നത് സി പി എമ്മിന് കാണേണ്ടി വന്നതും മറ്റൊരു ചരിത്രം.