Ongoing News
ഖുശ്‌വന്ത് സിംഗ് അന്തരിച്ചു

ലോക പ്രശസ്തനായ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന്‍ ഖുശ്‌വന്ത് സിംഗ് അന്തരിച്ചു. 99 വയസ്സായിരുന്നു.പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് ലോധി ശ്മശാനത്തില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഏറെക്കാലം ചികിത്സയിലായിരുന്നു.
ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ്, ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി എന്നിവയുടെ പത്രാധിപരായിരുന്ന ഖുശ്വന്ത് സിംഗ് 1980 മുതല്‍ 1986 വരെ രാജ്യസഭാംഗമായിരുന്നു. ട്രെയിന്‍ ടു പാകിസ്ഥാന്‍ ആണ് ഖുശ്വന്ത് സിംഗിന്റെ ഏറ്റവും പ്രശസ്തമായ കൃതി. ദി ഹിസ്റ്ററി ഓഫ് സിക്ക്‌സ്, ദ വോയ്‌സ് ഓഫ് ഗോഡ് ആന്‍ഡ് അദര്‍ സ്‌റ്റോറീസ്, സി സിഖ്‌സ് ടുഡേ, ഐ ഷാല്‍ നോട്ട് ഹിയര്‍ ദി നൈറ്റിംഗേല്‍, ട്രാജഡി ഓഫ് പഞ്ചാബ്, ബ്ലാക്ക് ജാസ്മിന്‍ തുടങ്ങി അമ്പതിലധികം പുസ്തകങ്ങളുടെ കര്‍ത്താവാണ് ഖുശ്വന്ത് സിംഗ്. “ട്രൂത്ത് ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ”് ആണ് ആത്മകഥ. അവസാനം വരെ എഴുത്തില്‍ സജീവമായിരുന്ന ഖുശ്വന്ത് സിംഗിന്റെ അവസാന കൃതി 2013ല്‍ പുറത്തിറങ്ങിയ ” ഗുഡ്, ബാഡ് ആന്‍ഡ് റിഡിക്യുലസ്” ആണ്.
പഞ്ചാബിലെ ഹദാലി ജില്ലയില്‍ 1915 ഫെബ്രുവരി രണ്ടിനായിരുന്നു ഖുശ്വന്ത് സിംഗിന്റെ ജനനം. അച്ഛന്‍ ശോഭ സിംഗ് പ്രശസ്ത ബില്‍ഡറായിരുന്നു. പഞ്ചാബിലെയും തമിഴ്‌നാടിലെയും ഗവര്‍ണറായിരുന്നു ഖുശ്വന്തിന്റെ അമ്മാവന്‍. ഡല്‍ഹിയിലെ മോഡേണ്‍സ്‌കൂള്‍, ലാഹോറിലെ ഗവണ്‍മെന്റ് കോളജ്, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ്, ലണ്ടനിലെ കിംഗ്‌സ് കോളജ് എന്നിവിടങ്ങളിലാണ് ഖുശ്വന്ത് സിംഗ് വിദ്യാഭ്യാസം നേടിയത്. ഇംഗ്ലണ്ടില്‍ നിന്ന് ബാരിസ്റ്റര്‍ ബിരുദവും നേടി. ഇന്ത്യന്‍ വിദേശകാര്യ വകുപ്പില്‍ പി ആര്‍ ഓഫീസറായി അദ്ദേഹം സേവനമനുഷ്ടിച്ചു. പിന്നീട് സര്‍ക്കാര്‍ ജോലി രാജിവെച്ച് മുഴുസമയ എഴുത്തിലേക്ക് തിരിയുകയായിരുന്നു. രാഹുല്‍, മാല എന്നിവര്‍ മക്കളാണ്.