സര്‍ക്കാറിനെതിരെ അഡ്വ. ജനറല്‍ കോടതിയിലെത്തിയത് വിവാദമായി

Posted on: March 15, 2014 12:10 am | Last updated: March 15, 2014 at 12:10 am
SHARE

കൊച്ചി: ആദായ നികുതി കേസില്‍ സര്‍ക്കാറിനെതിരെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഹാജരായി അനുകൂല ഉത്തരവ് സമ്പാദിച്ചത് വിവാദമാകുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുള്‍ക്കെതിരെയാണ് അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി ഹാജരായത്. ഹൈക്കോടതിയിലെ ഗവ. പ്ലീഡര്‍മാരില്‍ നിന്ന് ആദായ നികുതി ഈടാക്കാന്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ എറണാകുളം സബ് ട്രഷറി ഓഫീസര്‍ക്ക് നല്‍കിയ നിര്‍ദേശം ചോദ്യം ചെയ്താണ് കോടതിയെ സമീപിച്ചത്.
സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളത്തില്‍ യാത്രാബത്തയടക്കമുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് ആദായ നികുതി ഈടാക്കുന്നത് തടയാനായിരുന്നു ഹരജി. അഡ്വക്കറ്റ് ജനറലിനെ സഹായിക്കുന്നതിനായി പ്രത്യേകം നിയോഗിച്ച സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ ടോം കെ തോമസ്, സീനിയര്‍ ഗവ. പ്ലീഡര്‍മാരായ സി എസ് മണിലാല്‍, റോഷന്‍ ആന്‍ഡ്രൂസ് എന്നിവരുടെ സ്വകാര്യ ഹരജിയിലാണ് അഡ്വക്കറ്റ് ജനറല്‍ ഹരജിക്കാര്‍ക്ക് വേണ്ടി സര്‍ക്കാറിനെതിരെ ഹാജരായത്. ഹരജിയിലെ എതിര്‍കക്ഷിയായ സബ് ട്രഷറി ഓഫീസര്‍ക്ക് വേണ്ടി അഡ്വക്കറ്റ് ജനറലിന് കീഴിലുള്ള മറ്റൊരു ഗവ. പ്ലീഡര്‍ ഹാജരായി. ആദായ നികുതി ഈടാക്കാതെ ശമ്പളം വിതരണം ചെയ്യാന്‍ കോടതിയില്‍ നിന്ന് അഡ്വക്കറ്റ് ജനറല്‍ ഉത്തരവ് സമ്പാദിച്ചു.
അക്കൗണ്ടന്റ് ജനറലിന്റെ നിര്‍ദേശപ്രകാരമാണ് ആദായ നികുതി വകുപ്പ് സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളത്തില്‍ നിന്ന് നികുതി ഈടാക്കാന്‍ ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ എറണാകുളം സബ് ട്രഷറി ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഉത്തരവ് നടപ്പായാല്‍ അഡ്വക്കറ്റ് ജനറലും 110 ഗവ. പ്ലീഡര്‍മാരും ഒരു മാസത്തെ ശമ്പളം ആദായ നികുതിയായി നല്‍കേണ്ടി വരും. ഇപ്പോള്‍ നല്‍കിവരുന്ന ആദായ നികുതിക്ക് പുറമെയാണിത്.
ഹരജി നല്‍കുന്നതിന് മുന്നോടിയായി നികുതി വകുപ്പ് സ്‌പെഷ്യല്‍ ഗവ. പ്ലീഡറില്‍ നിന്ന് അനുകൂല നിയമോപദേശത്തിന് ശ്രമിച്ചെങ്കിലും ഈ നീക്കം പാളിയതിനെ തുടര്‍ന്നായിരുന്നു ഹരജി.
ഭരണഘടനാ സ്ഥാനമായ അഡ്വക്കറ്റ് ജനറല്‍ കേരള ഗവ. ലോ ഓഫീസേഴ്‌സ് കോന്‍ഡക്ട് റൂള്‍സ് ലംഘിച്ച് സര്‍ക്കാറിനെതിരെ ഹാജരായത് നിയമവൃത്തങ്ങളില്‍ അമ്പരപ്പുളവാക്കി.