കഷ്ടകാലം തീര്‍ക്കാന്‍ കുളം നികത്തി ലാലു

    Posted on: March 14, 2014 2:06 am | Last updated: March 14, 2014 at 6:18 pm
    SHARE

    Lalu-Prasad_0പാറ്റ്‌ന: രാഷ്ട്രീയത്തിലെ തിരിച്ചടികളില്‍ നിന്ന് പരിഹാരം തേടി ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് വാസ്തുദോഷം പരിഹരിക്കുന്നു. എം എല്‍ എമാരും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടതോടെ പ്രതിസന്ധിയിലാണ് ആര്‍ ജെ ഡി. ഇത്തവണ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയെങ്കിലും മതിയായ ആത്മവിശ്വാസമില്ലാതെയാണ് ലാലുവും കൂട്ടരും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കാലിത്തീറ്റ കേസില്‍ ജാമ്യം ലഭിച്ചതൊഴിച്ചാല്‍ രാഷ്ട്രീയത്തില്‍ ഈയിടെ ലാലുവിന് നേരിടേണ്ടി വന്നത് തിരിച്ചടികളാണ്. വീടിന് സമീപത്തെ കുളമാണ് ദോഷങ്ങള്‍ വരുത്തുന്നതെന്നാണ് വാസ്തു വിദഗ്ധര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുളം മൂടി. മുന്‍ മുഖ്യമന്ത്രിയും ഭാര്യയുമായ റാബ്‌റി ദേവിയുടെ സര്‍ക്കുലാര്‍ പത്ത് റോഡിലെ ഔദ്യോഗിക വസതിക്ക് സമീപമാണ് കുളമുള്ളത്. ഇത് മണ്ണും മണലും നിറച്ചാണ് മൂടിയത്. 2006 ലാണ് കുളം നിര്‍മിച്ചത്. വിടിന്റെ മധ്യഭാഗത്തായതിനാല്‍ വിപരീത ഊര്‍ജം ബാധിക്കുന്നതാണ് ലാലുവിന്റെ കഷ്ടകാലത്തിന് കാരണമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടാല്‍ ആര്‍ ജെ ഡിയുടെ രാഷ്ട്രീയ ഭാവി പ്രതിസന്ധിയിലാകും.