Connect with us

Articles

അതിക്രമങ്ങള്‍ പുതിയ രൂപഭാവങ്ങള്‍ കൈവരിക്കുകയാണ്‌

Published

|

Last Updated

ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, എന്‍ അലി അബ്ദുല്ല എന്നിവരുമായി ഇ പി സ്വാലിഹ് നടത്തിയ അഭിമുഖം

മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടുക എന്നതാണ് സുന്നി സംഘടനകളുടെ നയം. വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്‌കാരികവുമായ ശാക്തീകരണത്തിലൂടെയേ അത്തരം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനാകൂ. ഗുജറാത്തിലെയും കാശ്മീരിലെയും പശ്ചിമ ബംഗാളിലെയും സാമൂഹിക സേവന അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച പാഠം അതാണ്. മികച്ച പശ്ചാത്തല സൗകര്യങ്ങളും സുരക്ഷിതത്വവും നല്‍കി മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെ സുരക്ഷിതപൂര്‍ണവും മികച്ചതുമാക്കി മാറ്റിയാല്‍ മാത്രമേ അര്‍ഥപൂര്‍ണമായ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ. പോളിംഗ് ബൂത്തില്‍ പോയി വോട്ട് ചെയ്തുവരാന്‍ ഏറ്റവും കുറഞ്ഞത് ആരോഗ്യമുള്ള ഒരു ശരീരമെങ്കിലും വേണ്ടേ? ആ ശരീരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടത്താവുന്ന മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം. ഉത്തരേന്ത്യയിലെ ഞങ്ങളുടെ സേവന പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികളിലാണ് ഞങ്ങളുടെ പ്രതീക്ഷ. അവരുടെ ഭാവിയിലാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സുന്നി സംഘടനകള്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന അഭിമുഖം. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കഫെ ഡിസെന്‍സസ് മാഗസിന്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്ന്.

 

ഇ പി സ്വാലിഹ്: 2012ല്‍ അസമിലുണ്ടായ മുസ്‌ലിംവിരുദ്ധ കലാപത്തെ തുടര്‍ന്ന്, അസമിനു പുറത്ത് നിന്ന് അവിടെ ആദ്യമെത്തിയ മുസ്‌ലിം നേതാക്കളില്‍ നിങ്ങളും ഉണ്ടായിരുന്നു. അസമില്‍ എന്താണ് നിങ്ങള്‍ കണ്ടത്?

ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി: അസമിലെ മുസ്‌ലിംകളുമായി ബന്ധപ്പെട്ട് 2000 മുതല്‍ തന്നെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഉത്തരേന്ത്യയിലെ മുസ്‌ലിം ഗ്രാമങ്ങളുടെ ഉത്ഥാന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. ആള്‍ ഇന്ത്യാ ഇസ്‌ലാമിക് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രൈമറി തലം മുതല്‍ സെക്കന്‍ഡറി തലം വരെ വിദ്യാഭ്യാസം നല്‍കുന്ന നൂറു കണക്കിന് സ്ഥാപനങ്ങളും പള്ളികളും നിര്‍മിച്ചിട്ടുണ്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും. ഞാനിത് പറഞ്ഞത്, ഈ ഭാഗങ്ങളിലെ സാമൂഹിക, സാംസ്‌കാരിക രാഷ്ട്രീയ ചലനങ്ങളെപ്പറ്റി പൊതുവിലും മുസ്‌ലിം ജീവിതത്തെപ്പറ്റി പ്രത്യേകിച്ചും കൃത്യമായ ധാരണ നേരത്തെ ഞങ്ങള്‍ക്കുണ്ടായിരുന്നുവെന്ന് വ്യക്തമാക്കാനാണ്. അതുകൊണ്ട് തന്നെ 2012ലെ അസമിലേക്കുള്ള ഞങ്ങളുടെ വരവ് ആദ്യത്തേതായിരുന്നില്ല, വര്‍ഷങ്ങളായി നടന്നുവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. അസമിലെ റിലീഫ് ക്യാമ്പുകളില്‍ ഞങ്ങള്‍ കണ്ടത്, പിറന്ന നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും പറിച്ചുമാറ്റപ്പെട്ട മുസ്‌ലിംകളെയായിരുന്നു. അവരില്‍ നിരവധി പേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. സമ്പത്തെല്ലാം കൊള്ളയടിക്കപ്പെട്ടു.
ഇ പി സ്വാലിഹ്: ഈ പരിതസ്ഥിതി പരിഹരിക്കാന്‍ നിങ്ങള്‍/ നിങ്ങളുടെ സംഘടന നടത്തിയ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരുന്നു?
ഡോ. അസ്ഹരി: പ്രാഥമികമായി ഒരു മൂവ്‌മെന്റ് തുടങ്ങേണ്ടിയിരുന്നു അവിടെ. ഞങ്ങള്‍ പ്രാദേശിക മുസ്‌ലിം നേതാക്കളുമായും സംഘടനകളുമായി ബന്ധപ്പെട്ട് ഭക്ഷണം, വസ്ത്രം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ വിതരണം ചെയ്തു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ മുസ്‌ലിം ഹാന്‍സിന്റെ പിന്തുണയോടെ കുട്ടികള്‍ക്കും ഗര്‍ഭിണികളായ യുവതികള്‍ക്കും ഭക്ഷണവും മെഡിക്കല്‍ സൗകര്യങ്ങളും ലഭ്യമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായിരുന്നു ഇതൊക്കെ.
ഇ പി സ്വാലിഹ്: ദക്ഷിണേന്ത്യയിലെ മലബാര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ സംഘടനക്ക്, എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സാധിക്കുന്നത്?
ഡോ. അസ്ഹരി: പറഞ്ഞല്ലോ, അസമില്‍ ഞങ്ങള്‍ക്ക് നേരത്തെ ഒരടിത്തറയുണ്ടായിരുന്നു. അതുപയോഗപ്പെടുത്തി. കൂടാതെ കലാപാനന്തര അസം മുസ്‌ലിംകളുടെ പുനരധിവാസത്തിനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുമായി നാല്‍പ്പതംഗ മുഴുസമയ സന്നദ്ധ സേവകരെയും നിയോഗിച്ചു. പ്രൊഫഷനല്‍ ട്രെയ്‌നിംഗ് നേടിയ രണ്ട് സാമൂഹിക പ്രവര്‍ത്തകര്‍ വേറെയുമുണ്ടായിരുന്നു. പശ്ചിമ ബംഗാളിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കോ- ഓര്‍ഡിനേറ്റ് ചെയ്യുന്നവരും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.
എന്‍ എലി അബ്ദുല്ല: അസം പോലുള്ള ഒരു മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതില്‍ പ്രാദേശിക സഹകരണം നിര്‍ണായകമാണെന്ന് ഞങ്ങള്‍ കരുതുന്നു.
ഇ പി സ്വാലിഹ്: നിങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രധാനമാകുമ്പോഴും മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ഉപരിതലത്തില്‍ നിന്ന് മാത്രമാണ് നിങ്ങള്‍ അഭിസംബോധന ചെയ്യുന്നത് എന്ന് തോന്നിയിട്ടില്ലേ?
ഡോ. അസ്ഹരി: മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നേരിടുക എന്നതാണ് സുന്നി സംഘടനകളുടെ നയം. വിദ്യാഭ്യാസപരവും സാമൂഹികവും സാംസ്‌കാരികവുമായ ശാക്തീകരണത്തിലൂടെയേ അത്തരം ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടാനാകൂ. ഗുജറാത്തിലെയും കാശ്മീരിലെയും പശ്ചിമ ബംഗാളിലെയും സാമൂഹിക സേവന അനുഭവങ്ങള്‍ ഞങ്ങളെ പഠിപ്പിച്ച പാഠം അതാണ്. മികച്ച പശ്ചാത്തല സൗകര്യങ്ങളും സുരക്ഷിതത്വവും നല്‍കി മുസ്‌ലിംകളുടെ ദൈനംദിന ജീവിതത്തെ സുരക്ഷിതപൂര്‍ണവും മികച്ചതുമാക്കി മാറ്റിയാല്‍ മാത്രമേ അര്‍ഥപൂര്‍ണമായ സാമൂഹിക മാറ്റങ്ങള്‍ കൊണ്ടുവരാനാകൂ. പോളിംഗ് ബൂത്തില്‍ പോയി വോട്ട് ചെയ്തുവരാന്‍ ഏറ്റവും കുറഞ്ഞത് ആരോഗ്യമുള്ള ഒരു ശരീരമെങ്കിലും വേണ്ടേ? ആ ശരീരം ഉണ്ടാക്കിക്കൊടുക്കുക എന്നതാണ് ഉത്തരേന്ത്യന്‍ മുസ്‌ലിംകള്‍ക്കിടയില്‍ നടത്താവുന്ന മികച്ച രാഷ്ട്രീയ പ്രവര്‍ത്തനം.
എന്‍ അലി അബ്ദുല്ല: ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളെയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സര്‍ക്കാറിലെ ഉന്നത സ്ഥാനീയരെയും ഞങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. ബി ടി സി ഏരിയയില്‍ നിന്ന് അനധികൃതമായ ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയോട് പ്രഥമമായി ആവശ്യപ്പെട്ടത്. ഇത്തരം പ്രശ്‌നങ്ങളെ നിയമപരമായി കൂടി നേരിടേണ്ടതുണ്ട് എന്നാണ് ഞങ്ങള്‍ കരുതുന്നത്. യഥാര്‍ഥ അക്രമികള്‍ ശിക്ഷിക്കപ്പെടില്ല എന്നത് ഇപ്പോള്‍ ഇവിടെ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. ഇത്തരം സമീപനങ്ങള്‍ അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് മാത്രമല്ല, പാവങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യും. അക്രമികളെ ഒരിക്കലെങ്കിലും നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് ശിക്ഷിച്ചാല്‍ കാര്യങ്ങളില്‍ പതിയെ മാറ്റം വരും. ഉത്തരേന്ത്യയില്‍ ഞങ്ങള്‍ നടത്തുന്ന സാമൂഹിക വികസന പ്രവര്‍ത്തനങ്ങളെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ ദീര്‍ഘവീക്ഷണത്തോടെയുള്ള രാഷ്ട്രീയ ബോധത്തോടെ നേരിടാനുള്ള ഉപാധി എന്ന നിലയിലാണ് ഞങ്ങള്‍ കാണുന്നത്. അതിക്രമങ്ങളെ സൂക്ഷ്മ തലത്തില്‍ നേരിടാന്‍ പ്രാദേശിക മുസ്‌ലിം വിഭാഗങ്ങളെ സ്വയം കരുത്തുള്ളവരാക്കാന്‍ ഇത്തരം സമീപനങ്ങള്‍ സഹായിക്കും എന്നതാണ് ഞങ്ങളുടെ പ്രതീക്ഷ. അത്തരം സമീപനങ്ങളായിരിക്കും കൂടുതല്‍ ഫലപ്രദം.
ഇ പി സ്വാലിഹ്: പൊതുസമൂഹം അസം കലാപത്തോട് എങ്ങനെയാണ് പ്രതികരിച്ചത്?
ഡോ. അസ്ഹരി: സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ണമായി പാകം വന്ന ഒരു സിവില്‍ സമൂഹം ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നത് സങ്കടകരമാണ്. സമൂഹിക പ്രശ്‌നങ്ങളോടുള്ള സിവില്‍ സൊസൈറ്റിയുടെ പ്രതികരണം വളരെ ദയനീയമാണ്. അസം കലാപവുമായോ മുസ്‌ലിം പ്രശ്‌നങ്ങളുമായോ മാത്രം ചേര്‍ത്തു വായിക്കേണ്ടൊരു പ്രശ്‌നമല്ലയിത്. ഇന്ത്യയിലെ സിവില്‍ സൊസൈറ്റി വളരെ ദുര്‍ബലമാണെന്നതിന് ഉദാഹരണങ്ങള്‍ ചരിത്രത്തില്‍ സുലഭമാണ്. നിരവധി വ്യക്തികളില്‍ നിന്നും മറ്റു സംഘടനകളില്‍ നിന്നും ഞങ്ങള്‍ക്ക് പിന്തുണ കിട്ടിയിട്ടുണ്ട് എന്നത് ഞാന്‍ നിഷേധിക്കുന്നില്ല. പക്ഷേ, മൊത്തത്തില്‍ അവ കുറവാണ്.
അലി അബ്ദുല്ല: മാധ്യമങ്ങള്‍ ഈ സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്തതെങ്ങനെയെന്ന് നോക്കൂ. ഒന്നോ രണ്ടോ ദിവസങ്ങള്‍ മാത്രം ഈ വിഷയം മുഖ്യമായെടുത്തു. പിന്നീട് പുറത്തുനിന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് അസം കലാപമെന്ന് ആരോ ഒരാള്‍ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ മുഴുവന്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ ഈ “ഗൂഢാലോചന”ക്ക് പിറകെയായിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളുടെ മുഴുവന്‍ സമീപനം. അസമിലെ മുസ്‌ലിംകള്‍ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമല്ലേ? ഇങ്ങനെ സംഭവിച്ചപ്പോള്‍ നിരവധി പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടന്നു.
ഡോ. അസ്ഹരി: മുസ്‌ലിംകള്‍ക്കെതിരെ അസമിലുണ്ടായ കലാപം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയും ബംഗളൂരുവിലും ഹൈദരാബാദിലുമൊക്കെ ജീവിക്കുന്ന മുസ്‌ലിംകള്‍ അസമിലെ ജനങ്ങള്‍ക്ക് “ഭീഷണി”യാകുന്നുവെന്ന ആരോപണം മാധ്യമങ്ങള്‍ ആഘോഷിച്ച രീതിയും തമ്മില്‍ താരതമ്യം നടത്തുമ്പോള്‍ ലളിതമായി ഗ്രഹിക്കാവുന്ന ഒരു കാര്യമുണ്ട്. യഥാര്‍ഥത്തില്‍ സംഭവിച്ചതിനെക്കുറിച്ച് ചെറിയ വിവരങ്ങള്‍ മാത്രം നിങ്ങള്‍ക്ക് കിട്ടുന്നു. അയഥാര്‍ഥമായ കാര്യങ്ങളെ പറ്റി വലിയ കവറേജുകള്‍ മാധ്യമങ്ങളിലുണ്ടാകുന്നു. അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് എസ് എം എസുകള്‍ അയക്കുന്നത് നിരോധിക്കുകയും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ സൂക്ഷ്മമായി പരിശോധന നടത്തുകയും ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍ അസം മുസ്‌ലിമിന്റെ ദുരിതത്തെപ്പറ്റി മറ്റു മുസ്‌ലിംകള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപിച്ചത്. അതേസമയം, അസമില്‍ നടന്നത് യഥാര്‍ഥത്തില്‍ എന്താണെന്ന് മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുമില്ല. മുസ്‌ലിംകള്‍ ദുരിതമനുഭവിക്കുന്നുണ്ട്; ആ വേദനയുടെ ദൈന്യത അവരാരോടും പറയാനും പാടില്ലെന്നാണോ?
സ്വാലിഹ്: കഴിഞ്ഞ കുറച്ചുകാലമായി മുസ്‌ലിംകള്‍ക്കെതിരെ അക്രമങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ചും ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം?
ഡോ. അസ്ഹരി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മുസ്‌ലിംകള്‍ക്കെതിരെ തുടരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ വെളിപ്പെടുത്തുന്നത്, ഇത്തരം സംഭവങ്ങള്‍ ദിനേനെ സ്ഥാപനവത്കരിക്കപ്പെടുന്നു എന്നാണ്. 1993ല്‍ മുംബൈയിലും 2002ല്‍ ഗുജറാത്തിലും നാമത് കണ്ടതാണ്. സാങ്കേതികാര്‍ഥത്തില്‍ മാത്രമല്ല, ഈ സ്ഥാപനവത്കരണം എന്നത്. രാഷ്ട്രീയവുമായി തന്നെ ഈ ആക്രമണങ്ങള്‍ സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുന്നു. ആക്രമണത്തിന്റെ ആസൂത്രണത്തിലും നിര്‍വഹണത്തിലും കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ലഭിക്കുന്നു. ആക്രമണവുമായി ബന്ധപ്പെട്ട കേസുകള്‍ നിയമത്തിന് മുമ്പിലെത്തുമ്പോള്‍ കോടതി വ്യവഹാരങ്ങളില്‍ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങള്‍ ഇടപെടുന്നു. സമീപകാലത്ത് ഹിംസ കൂടുതല്‍ സ്ഥാപനവത്കരിക്കപ്പെടുന്നത് ഭയാനകമാണ്.
അലി അബ്ദുല്ല: ജനങ്ങളെ സാമുദായികാടിസ്ഥാനത്തില്‍ വിഭജിച്ച് രാഷ്ട്രീയ അജന്‍ഡകളും മുന്‍ഗണനകളും നിശ്ചയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെയാണ് സത്യത്തില്‍ ഹിംസയുടെ സ്ഥാപനവത്കരണം സഹായിക്കുന്നത്.
സ്വാലിഹ്: അസമിലെ നിങ്ങളുടെ ഭാവി പരിപാടികള്‍ എന്തെല്ലാമാണ്?
ഡോ. അസ്ഹരി: അസമിലെ ബാറക് ബില, ബ്രഹ്മപുത്രബാലി എന്നിവിടങ്ങളിലായി നേരത്തെ തന്നെ ഞങ്ങള്‍ക്ക് 130 മദ്‌റസകളും 20 പള്ളികളുമുണ്ട്. കൂടാതെ ഒരു ഓര്‍ഫനേജും അഗതി മന്ദിരവുമുണ്ട്. ഈ സ്ഥാപനങ്ങളെ എണ്ണത്തിലും സാധ്യതയിലും വികസിപ്പിക്കുകയാണ് ഞങ്ങള്‍. കൂടാതെ ബഹുമുഖ ലക്ഷ്യങ്ങളോടെ പുതിയ സ്ഥാപനങ്ങള്‍ തുടങ്ങാനിരിക്കുന്നു. നൂറ് വീടുകള്‍ വീതമുള്ള പത്തോ പതിനഞ്ചോ ഗ്രാമങ്ങള്‍ സ്ഥാപിക്കുക എന്നതാണ് ഞങ്ങളുടെ വലിയ പദ്ധതി. ആയിരത്തഞ്ഞൂറ് മുതല്‍ രണ്ടായിരം വരെ കുടുംബങ്ങളെ അവിടെ പുനരധിവസിപ്പിക്കാന്‍ പറ്റും. ഈ വില്ലേജുകളുടെയെല്ലാം കേന്ദ്രത്തില്‍ ഒരു പള്ളി, മദ്‌റസ, സ്‌കൂള്‍, പ്രാഥമിക ആരോഗ്യകേന്ദ്രം , കുടിവെള്ള പദ്ധതി എന്നിവ ഉണ്ടായിരിക്കും. ഈ പ്രവര്‍ത്തനം തുടങ്ങാനുള്ള സാങ്കേതിക കാര്യങ്ങളെല്ലാം ഞങ്ങള്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. ഇസ്‌ലാമിക് എജ്യുക്കേഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ജാമിഅ മര്‍കസ്, ആര്‍ സി എഫ്, സമസ്ത കേരള സുന്നി യുവജന സംഘം എന്നിവ ഈ പദ്ധതികളുടെ സാക്ഷാത്കാരത്തില്‍ മുഖ്യ പങ്ക് വഹിക്കും.
(റിലീഫ് ആന്‍ഡ് ചാരിറ്റിബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ ഡയറക്ടറാണ് ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയാണ് എന്‍ അലി അബ്ദുല്ല)

 

Latest