Connect with us

International

സമാധാന ചര്‍ച്ചക്കുള്ള റഷ്യയുടെ ക്ഷണം അമേരിക്ക നിരസിച്ചു

Published

|

Last Updated

കീവ്: ഉക്രൈന്‍ വിഷയം ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെ ആവശ്യം അമേരിക്ക തള്ളി. ക്രിമിയയിലെ സൈനിക ഇടപെടല്‍ അവസാനിപ്പിക്കാതെ സമാധാന ചര്‍ച്ചക്കില്ലെന്നും ഈ വിഷയത്തില്‍ റഷ്യയുമായുള്ള ചര്‍ച്ച ഏറെ ബുദ്ധിമുട്ടാണെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി.
റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഉക്രൈന്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരങ്ങളെല്ലാം പാഴായി. ക്രിമിയന്‍ മേഖല റഷ്യയുടെ ഭാഗമാകുന്നതോടെ റഷ്യയുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ വഷളാകുമെന്നും യു എസ് വക്താക്കള്‍ അറിയിച്ചു. അതിനിടെ, ഉക്രൈനില്‍ നിന്ന് ക്രിമിയന്‍ മേഖലയെ സ്വതന്ത്രമാക്കി റഷ്യക്കൊപ്പം ചേരണമെന്ന പ്രമേയം ക്രിമിയന്‍ പാര്‍ലിമെന്റ് പാസാക്കി. 81 അംഗങ്ങളില്‍ 78 പേരും റഷ്യക്കൊപ്പം ചേരുന്നതിനെ ശരിവെച്ചു. റഷ്യന്‍ അനുഭാവികള്‍ക്ക് ഭൂരിപക്ഷമുള്ള ക്രിമിയ, റഷ്യന്‍ ഫെഡറേഷന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട ഹിത പരിശോധന ഞായറാഴ്ച നടക്കാനിരിക്കെയാണ് പാര്‍ലിമെന്റില്‍ വോട്ടെടുപ്പ് നടന്നത്. എന്നാല്‍, ഉക്രൈനില്‍ നിന്ന് വേര്‍പിരിയാനുള്ള ക്രിമയന്‍ അസംബ്ലിയുടെ തീരുമാനവും ഹിത പരിശോധനയെയും അട്ടിമറിയിലൂടെ അധികാരത്തിലേറിയ ഉക്രൈന്‍ സര്‍ക്കാറും അവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന യു എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളും ശക്തമായി എതിര്‍ക്കുന്നുണ്ട്.
അതേസമയം, ക്രിമിയന്‍ പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ റഷ്യ തയ്യാറാകണമെന്നും സൈനിക ഇടപെടല്‍ അവസാനിപ്പിക്കണമെന്നും ഉക്രൈന്‍ ഇടക്കാല പ്രധാനന്ത്രി അര്‍സെനി യാറ്റ്‌സെന്‍യുക് വ്യക്തമാക്കി. റഷ്യയുടെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആസൂത്രിത സംഘമാണ് ക്രിമിയന്‍ പ്രതിസന്ധിക്ക് പിന്നിലെന്നും പാര്‍ലിമെന്റില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. റഷ്യയുടെ അതിക്രമം തടയാന്‍ സൈനിക സഹായമടക്കമുള്ള പിന്തുണ തങ്ങള്‍ക്ക് നല്‍കണമെന്ന് അമേരിക്കയോടും ബ്രിട്ടനോടും ഉക്രൈന്‍ പാര്‍ലിമെന്റ് അഭ്യര്‍ഥിച്ചു. സോവിയേറ്റ് യൂനിയനില്‍ നിന്ന് സ്വതന്ത്രമായതിന് ശേഷം 1994ല്‍ ഉക്രൈനുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കണമെന്നും പാര്‍ലിമെന്റ് വക്താക്കള്‍ അറിയിച്ചിട്ടുണ്ട്.
ഹിതപരിശോധന നടക്കാനിരിക്കെ ക്രിമിയയിലെ മുഴുവന്‍ മേഖലകളും റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ക്രിമിയയിലെ പ്രധാന നഗരമായ സിംഫര്‍പൂളിലെ അന്താരാഷ്ട്ര വിമാനത്താവളം റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് മോസ്‌കോയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളൊഴികെ മറ്റെല്ലാ സര്‍വീസുകളും റദ്ദാക്കിയതായും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.