Connect with us

Gulf

വികസന കുതിപ്പിന് ആക്കം കൂട്ടി എയര്‍പോര്‍ട്ടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു

Published

|

Last Updated

New-Muscat-International-Airportമസ്‌കത്ത്: വ്യോമയാന മേഖലയില്‍ വളര്‍ച്ചയുടെ പടവുകള്‍ കയറാന്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ ഒരുങ്ങുന്നു. വ്യോമ ഗതാഗത മേഖലയില്‍ രാജ്യത്ത് നടപ്പാക്കുന്ന വികസന പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഗതാഗത മേഖലയെ പരിപോഷിപ്പിച്ച് രാജ്യത്തെ ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്താന്‍ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് മസ്‌കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനവും പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുന്നതും. ആദം എയര്‍പോര്‍ട്ട്, ദുകം എയര്‍പോര്‍ട്ട്, റാസല്‍ഹദ്ദ് എയര്‍പോര്‍ട്ട്, സോഹാര്‍ എയര്‍പോര്‍ട്ട് എന്നിവയാണ് പുതുതായി നിലവില്‍ വരാനിരിക്കുന്ന എയര്‍പോര്‍ട്ടുകള്‍.
ശര്‍ഖിയ മേഖലയില്‍ സൂറിനടുത്താണ് റാസല്‍ ഹദ്ദ് എയര്‍പോര്‍ട്ട് നിലവില്‍ വരുന്നത്. മസ്‌കത്തില്‍ നിന്നും മണിക്കൂറുകള്‍ സഞ്ചരിച്ച് സൂറിലെത്താനുളള സമയ ദൈര്‍ഘ്യം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് ഈ എയര്‍പോര്‍ട്ട് സഹായകമാകും. ഇതുവഴി രാജ്യത്തെ പ്രമുഖ എക്കോ ടൂറിസം മേഖലയായ റഅ്‌സ് അല്‍ ജിന്‍സ് ദ്വീപിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ കണക്കു കൂട്ടല്‍. മസ്‌കത്തിനും ദുബൈക്കും മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സൊഹാറിലാണ് മറ്റൊരു എയര്‍പോര്‍ട്ട് നിലവില്‍ വരുന്നത്. മസ്‌കത്തില്‍ നിന്നും 200 കിലോമീറ്റര്‍ ദൂരമാണ് ഇവിടേക്കുള്ളത്. സൊഹാറിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമാണ് പുതുതായി നിലവില്‍ വരാനിരിക്കുന്ന എയര്‍പോര്‍ട്ട്. മസ്‌കത്തില്‍ നിന്ന് റോഡ് മാര്‍ഗം രണ്ട് മണിക്കൂര്‍ സഞ്ചരിച്ചാണ് നിലവില്‍ സഞ്ചാരികള്‍ സൊഹാറിലെത്തുന്നത്. ഈ സമയദൈര്‍ഘ്യം ഒഴിവാക്കാനാകുമെന്നത് സഞ്ചാരികള്‍ക്ക് നേട്ടമാകും.
രാജ്യത്തെ പ്രധാന ജനവാസ മേഖലകളില്‍ ഒന്നായ ആദമില്‍ നിര്‍മുക്കുന്ന വിമാനത്താവളം ആഭ്യന്തര സര്‍വീസുകള്‍ക്ക് സാധ്യത വര്‍ധിപ്പിക്കും. നിലവില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും ചെറുതും ഇന്റീരിയര്‍ മേഖലകളില്‍ ആദ്യത്തേതുമാണിത്. ആദം പട്ടണത്തില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരെയാണ് എയര്‍പോര്‍ട്ട് നിലവില്‍ വരുന്നത്. 2010 ജൂലൈ 23 ന് എയര്‍പോര്‍ട്ട് ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. വിമാനത്താവളത്തിന്റെ മൂന്നാം ഘട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി വരികയാണ്. അല്‍ വുസ്ത പ്രദേശത്തിന്റെ സമ്പൂര്‍ണ വികസനം സാധ്യമാക്കുന്നതിനായി ദുകം എയര്‍പോര്‍ട്ടിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. എണ്ണ, ഷിപ്പിംഗ്, ഇന്‍ഡസ്ട്രിയില്‍ തുടങ്ങിയ നിരവധി നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കുന്ന ദുകമില്‍ വിമാനത്താവളത്തിന്റെ വരവ് വികസനപാതയിലെ നിര്‍ണായക സംരംഭങ്ങള്‍ക്ക് വഴിയൊരുക്കും. മസ്‌കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വികസനവും പൂര്‍ത്തിയാക്കി വരികയാണ്. ഈ വര്‍ഷം അവസാനത്തോടെ രണ്ട് വിമാനത്താവളങ്ങളുടെയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് എയര്‍പോര്‍ട്ടുകളുടെ വികസനവും നിര്‍മാണവും വഴിയൊരുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തേക്ക് സര്‍വീസ് നടത്തുന്ന എയര്‍ലൈനുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് യാത്രക്കാരുടെ വര്‍ധനവിന് വഴിയൊരുക്കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.