സര്‍ക്കാര്‍ പെരുമാറ്റച്ചട്ട ലംഘനം തുടങ്ങിയെന്ന് പ്രതിപക്ഷം

Posted on: March 7, 2014 12:48 am | Last updated: March 7, 2014 at 12:48 am
SHARE

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുതുടങ്ങിയെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ എല്‍ ഡി എഫും ബി ജെ പിയും സര്‍ക്കാറിനെതിരെ നിശിത വിമര്‍ശം നടത്തി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ് സംസ്ഥാന മന്ത്രിസഭാ യോഗം ചേര്‍ന്ന് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് യോഗത്തില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദനും സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാറും ചൂണ്ടിക്കാട്ടി. ഈ പ്രഖ്യാപനങ്ങള്‍ റദ്ദാക്കണമെന്നും സര്‍ക്കാറിനെതിരെ നടപടി സ്വീകരിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
പെരുമാറ്റച്ചട്ടം നടപ്പാക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷ സമീപനം സ്വീകരിക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ചട്ടലംഘനമാണെന്നും അത് റദ്ദാക്കണമെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി അഡ്വ. ജെ ആര്‍ പത്മകുമാര്‍ ആവശ്യപ്പെട്ടു. കെ പി രാജേന്ദ്രന്‍, പ്രകാശ് ബാബു (സി പി ഐ), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ്) തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.