നാല് തരം നിരീക്ഷകര്‍; ‘നോട്ട’ ഇത്തവണത്തെ പ്രത്യേകത

Posted on: March 7, 2014 12:24 am | Last updated: March 7, 2014 at 12:24 am
SHARE

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ നോട്ട ബട്ടണ്‍ ആണ് ഈ തിരഞ്ഞെടുപ്പിലെ സുപ്രധാന പരിഷ്‌കാരം. കേരളത്തില്‍ വോട്ടിംഗ് മെഷീനില്‍ ഇവരില്‍ ആരും അല്ല എന്നായിരിക്കും നോട്ട ബട്ടണില്‍ രേഖപ്പെടുത്തുക. സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്ക് ശേഷം അവസാനത്തെ ബട്ടണായിരിക്കും നോട്ട. ഇത് സാധുവായ വോട്ടായി കണക്കാക്കില്ല. നോട്ടയില്‍ വോട്ട് ചെയ്തവരെ ഒഴിവാക്കിയാണ് ആകെ സാധുവായ വോട്ടിന്റെ കണക്കെടുക്കുക.
നിര്‍ഭയമായി വോട്ട് ചെയ്യാന്‍ സാഹചര്യമില്ലെന്ന് ഏതെങ്കിലും പ്രദേശത്ത് നിന്ന് പരാതി ലഭിച്ചാല്‍ പ്രശ്‌നബാധിതമായി കണ്ട് പോലീസ് അവിടെ സുരക്ഷിതമായ വോട്ടെടുപ്പിനുള്ള സാഹചര്യമൊരുക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നളിനി നെറ്റോ അറിയിച്ചു.
പൊതുനിരീക്ഷകര്‍, ചെലവ് നിരീക്ഷകര്‍, ബോധവത്കരണ നിരീക്ഷകര്‍, പോലീസ് നിരീക്ഷകര്‍ എന്നിങ്ങിനെ നാല് തരം തിരഞ്ഞെടുപ്പ് നിരീക്ഷകരെയാണ് കമ്മീഷന്‍ നിയോഗിക്കുന്നത്. 20 മണ്ഡലങ്ങളിലും ഓരോ പൊതുനിരീക്ഷകരും ചെലവ് നിരീക്ഷകരുമുണ്ടാകും. മറ്റു ഗണത്തില്‍ വരുന്നവരെ ആവശ്യാനുസരണം നിയോഗിക്കും.
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന ക്യാമ്പയിനിലൂടെ പരമാവധി പേരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കാന്‍ കമ്മീഷന് കഴിഞ്ഞതായി നളിനി നെറ്റോ പറഞ്ഞു. എതിക്കല്‍ വോട്ടിംഗ് എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കമ്മീഷന്‍ മുന്നോട്ടുവെക്കുന്ന ക്യാമ്പയിന്‍.
വോട്ടെടുപ്പിന്റെ ഏഴ് ദിവസം മുമ്പ് വോട്ടര്‍മാര്‍ക്കെല്ലാം ഫോട്ടോ പതിച്ച കമ്മീഷന്റെ സ്ലിപ്പ് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴി വിതരണം ചെയ്യും. ഇത് ലഭിക്കാത്തവര്‍ക്ക് വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് മുന്നില്‍ ക്രമീകരിക്കുന്ന ബൂത്തില്‍ നിന്നും വിതരണം ചെയ്യും. വോട്ടര്‍ പട്ടികയിലെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടുത്തിയുള്ള ഈ സ്ലിപ്പ് വോട്ടിംഗിന് സഹായകമാകും.
തിരഞ്ഞെടുപ്പിലെ പണക്കൊഴുപ്പ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ പോലും വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും സമ്മാനങ്ങളും വിതരണം ചെയ്യുന്നുവെന്ന പരാതി വ്യാപകമായി ഉയരുമ്പോള്‍ കേരളം ഇക്കാര്യത്തില്‍ മികച്ച നിലവാരം പുലര്‍ത്തുന്നു. പണച്ചെലവ് പരിശോധിക്കാന്‍ ഷാഡോ മോണിറ്ററിംഗ് ആണ് കമ്മീഷന്‍ നടത്തുന്നത്. ഓരോ സ്ഥാനാര്‍ഥിക്കും മൂന്ന് തവണ നോട്ടീസ് നല്‍കി പരിശോധന നടത്തും.
പെരുമാറ്റച്ചട്ടം നിലവില്‍ വന്നെങ്കിലും തുടങ്ങിവെച്ച പദ്ധതികള്‍ തുടരാന്‍ കഴിയും. ദുരന്ത നിവാരണ പദ്ധതികളും കമ്മീഷന്റെ അനുമതിയോടെ ചെയ്യുന്നതിന് തടസ്സമുണ്ടാകില്ല. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് കമ്മീഷന്‍ പരിശോധിക്കും. കസ്തൂരി രംഗന്‍ വിജ്ഞാപനം സംബന്ധിച്ചും അത് വരുന്ന ഘട്ടത്തില്‍ പരിശോധിക്കും.