Connect with us

Editorial

തിരഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോള്‍

Published

|

Last Updated

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനമായി. ഏപ്രില്‍ ഏഴിന് ആരംഭിച്ചു മെയ് 12 വരെ ഒമ്പത് ഘട്ടങ്ങളിലായി നടക്കുന്ന ഇത്തവണത്തെ വോട്ടെടുപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതായിരിക്കും. 2004ലെ തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളിലായും 2009ലേത് അഞ്ച് ഘട്ടങ്ങളിലായുമാണ് നടന്നത്. മെയ് 16നാണ് വോട്ടെണ്ണല്‍. പതിനഞ്ചാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ ഒന്നിന് അവസാനിക്കാനിരിക്കെ മെയ് 31 നകം തിരഞ്ഞെടുപ്പ് നടപടികളെല്ലാം പൂര്‍ത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വ്യക്തമക്കി. 2009ലേതിനേക്കാള്‍ പത്ത് കോടി വോട്ടര്‍മാര്‍ വര്‍ധിച്ച ഈ തിരഞ്ഞെടുപ്പില്‍ 9,39,000 പോളിംഗ് ബൂത്തുകളിലായി 81.4 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്.
വോട്ടര്‍മാരുടെ എണ്ണത്തിലെന്ന പോലെ തിരഞ്ഞടുപ്പ് ചെലവിലും വന്‍വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. എതാണ്ട് 3,500 കോടി രൂപ ചെലവ് വരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍. സുരക്ഷാ സജ്ജീകരണങ്ങള്‍ക്കാവശ്യമായ ചെലവും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിന് മുടക്കുന്ന പണവുമൊക്കെ ഇതിന് പുറമെയാണ്. 2009 ലെ തിരഞ്ഞെടുപ്പ് ചെലവിന്റെ 150 ശതമാനമാണ് ഇത്തവണത്തെ വര്‍ധനവ്.
പൊതുഖജനാവില്‍ നിന്ന് വന്‍തുക മുടക്കി, ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അരങ്ങേറുന്ന ഈ തിരഞ്ഞെടുപ്പ് മാമാങ്കം എത്രത്തോളം നീതിപൂര്‍വകവും നിഷ്പക്ഷവുമാകുന്നുണ്ടെന്ന ചിന്ത ഇത്തരുണത്തില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞടുപ്പാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നിരിക്കെ അത് സാര്‍ഥകമാക്കാനുള്ള അന്തരീക്ഷവും സാഹചര്യവുമാണോ രാജ്യത്ത് നിലനില്‍ക്കുന്നത്? അതിനനുസൃതമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണോ അരങ്ങേറുന്നത്? സഭ്യതയുടെയും ധാര്‍മികതയുടെയും എല്ലാ അതിര്‍വരമ്പുകളും അതിലംഘിക്കുന്ന പ്രചാരണ തന്ത്രങ്ങളാണിന്നെവിടെയും ദൃശ്യമാകുന്നത്. ഭരണത്തിന്റെ സര്‍വ മേഖലകളെയും ആഴത്തില്‍ ഗ്രസിച്ച അഴിമതി, ആഗോളീകരണം സമ്പദ്ഘടനക്കേല്‍പിച്ച ആഘാതം, കോര്‍പ്പറേറ്റുകളുടെ സമാന്തര ഭരണം, സാമൂഹിക നീതിക്ക് വിഘാതമാകുന്ന സ്വകാര്യ മേഖലയുടെ ക്രമാതീതമായ വളര്‍ച്ച, വികസന സങ്കല്‍പ്പങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രതിരോധങ്ങള്‍, രാഷ്ട്രീയ മേഖലയിലെ കുടുംബവാഴ്ച, ഉദ്യോഗസ്ഥ മേഖലയിലെ വരേണ്യാധീശത്വം, ന്യൂനപക്ഷ സമുദായങ്ങളും പിന്നാക്ക ജാതിക്കാരും നേരിടുന്ന വിവേചനം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പെരുപ്പം തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട് സമകാലീന ഇന്ത്യ. ഇത്തരം വിഷയങ്ങളെ മാറ്റി നിര്‍ത്തി, രാഷ്ട്രീയ വിരോധിയെ അപകീര്‍ത്തിപ്പെടുത്താനും തോജോവധം ചെയ്യാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുമുള്ള അപക്വമായ നീക്കങ്ങളാണ് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജ്യത്തെങ്ങും നടന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും ഇതിന്റെ തുടര്‍ച്ചകളേ, പ്രതീക്ഷിക്കേണ്ടതുള്ളൂ. ഈയൊരു ചുറ്റുവട്ടത്തെങ്ങനെയാണ് ജനാധിപത്യത്തിന് കരുത്തേകുന്ന, അതിന്റെ അന്തഃസ്സത്തക്ക് അനുയോജ്യമായ സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാകുക?
ജനാധിപത്യം പണാധിപത്യത്തിന് വഴിമാറിയതാണ് മറ്റൊരു ദുരന്തം. ആശയപരമായ സംവാദങ്ങള്‍ക്കു പകരം പണം വാരിവിതറിയുള്ള വഴിവിട്ട പ്രചാരണ തന്ത്രങ്ങളാണ് ഇന്നെങ്ങും അരങ്ങേറുന്നത്. ഫഌക്‌സ് ബോര്‍ഡുകള്‍ കൊണ്ട് തെരുവോരങ്ങളെ കൈയടക്കിയും മാധ്യമങ്ങളെ വിലക്കെടുത്തും സോഷ്യല്‍ മീഡിയകളില്‍ ആധിപത്യം സ്ഥാപിച്ചും പ്രചാരണ രംഗത്ത് മികവ് നേടാന്‍ പല പാര്‍ട്ടികളും മുടക്കുന്നത് ശതകോടികളാണ്. സാധാരണക്കാരന്റെ തുട്ടുനാണയങ്ങളില്‍ നിന്നല്ല, കോര്‍പ്പറേറ്റുകളും അധോലോക രാജാക്കന്മാരും നല്‍കുന്ന വന്‍ സംഭവനകളില്‍ നിന്നും കള്ളപ്പണത്തില്‍ നിന്നുമാണ് ഇതിനുള്ള വിഹിതം കണ്ടെത്തുന്നത്. ഈ വിഭാഗങ്ങള്‍ക്ക് സമാന്തര ഭരണകൂടമായി പ്രവര്‍ത്തിക്കാനുള്ള ആര്‍ജവം നല്‍കുന്നതും രാഷ്ട്രീയക്കാരുമായുള്ള അവിഹിത ബന്ധങ്ങളാണ്. ഇതിന് തടയിടാനുളള തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കോടതികളുടെയും ശ്രമങ്ങളെ പുതിയ നിയമനിര്‍മാണങ്ങളിലൂടെ മറികടക്കാനും രാഷ്ട്രീയ നേതൃത്വങ്ങള്‍ ധാര്‍ഷ്ട്യം കാണിക്കുന്നു. രാഷ്ട്രീയ കക്ഷികളുടെ വരവ്‌ചെലവ് കണക്കുകള്‍ വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്താനും കുറ്റവാളികള്‍ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കാനുമുള്ള കോടതി ഉത്തരവിനെതിരായ രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഹാലിളക്കം നാം കണ്ടതാണ്.