Connect with us

National

കൂടംകുളം സമര നേതാവ് ഉദയകുമാര്‍ ആം ആദ്മിയില്‍

Published

|

Last Updated

തിരുവനന്തപുരം: കുടംകുളം ആണവ നിലയത്തിനെതിരായ ജനകീയ സമരത്തിന് നേതൃത്വം നല്‍കുന്ന എസ് പി ഉദയകുമാര്‍ അടക്കമുള്ള സമര സമിതി പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം ഇടിന്തക്കരൈയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഉദയകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുനെല്‍വേലി, കന്യാകുമാരി, തുത്തുക്കുടി മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ ഇവര്‍ താത്പര്യമറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുന്നുണ്ട്.
കന്യാകുമാരിയില്‍ നിന്ന് ഉദയകുമാര്‍ തന്നെ മത്സരിക്കാനാണ് സാധ്യത. ആണവ നിലയത്തിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി രൂപവത്കരിച്ച സമര സമിതി പ്രവര്‍ത്തകര്‍ ആം ആദ്മിയില്‍ ചേരുന്നതു സംബന്ധിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആം ആദ്മി നേതാക്കള്‍ ഇവരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, ഉദയകുമാറിനൊപ്പം സമര സമിതിക്ക് നേതൃത്വം നല്‍കിയിരുന്ന പുഷ്പരാജന്‍ ആം ആദ്മിക്കൊപ്പം നില്‍ക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സമരസമിതി പ്രവര്‍ത്തകരുടെ ആം ആദ്മി പ്രവേശം വൈകിയത്. പുഷ്പരാജനും അദ്ദേഹത്തോടൊപ്പമുള്ള വിഭാഗവും എ എ പിയില്‍ ചേര്‍ന്നിട്ടില്ല.
കന്യാകുമാരി ജില്ലയില്‍ ആണവ നിലയത്തിനതിരായുള്ള ജനവികാരം വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞാല്‍ ഉദയകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ തള്ളിക്കളയാനാകില്ല എന്നാണ് പൊതുവിലയിരുത്തല്‍. ആണവവിരുദ്ധ സമരത്തെ തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ട രീതിക്കെതിരെയുള്ള അമര്‍ഷം ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.