ബഷീര്‍ സ്മാരകത്തിന് പ്രവാസികള്‍ മുന്നിട്ടിറങ്ങണം- ഡോ. എം എം ബഷീര്‍

Posted on: February 28, 2014 6:12 pm | Last updated: February 28, 2014 at 6:12 pm

vaikkam muhammed basheerദുബൈ: വൈക്കം മുഹമ്മദ് ബഷീറിന് സ്മാരകം യാഥാര്‍ഥ്യമാക്കാന്‍ പ്രവാസികള്‍ മുന്നിട്ടിറങ്ങണമെന്ന് പ്രശസ്ത നിരൂപകനും കലിക്കറ്റ് യൂണിവേഴ്‌സിറ്റി ബഷീര്‍ ചെയര്‍ അധ്യക്ഷനുമായ ഡോ. എം എം ബഷീര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരും പൗരമുഖ്യരും ശ്രമിച്ചിട്ടും ഉയരാത്ത സ്മാരകത്തിനായി കലിക്കറ്റ് യൂണിവേഴ്‌സിറ്റി ശ്രമിക്കുന്നുണ്ട്. യൂണിവേഴ്‌സിറ്റിയുടെ ബഷീര്‍ ചെയറിനോടനുബന്ധിച്ച് മ്യൂസിയത്തിനായി 7,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടം ഇപ്പോഴത്തെ വൈസ് ചാന്‍സ്‌ലര്‍ ഡോ. എന്‍ അബ്ദുസലാമിന്റെ പ്രത്യേക താല്‍പര്യത്തില്‍ ലഭിച്ചിട്ടുണ്ട്. മ്യൂസിയത്തിനായി 80 ലക്ഷം രൂപ ചെലവ് വരുമെന്നാണ് രൂപരേഖ തയാറാക്കിയ ആര്‍കിടെക്ട് ആര്‍ കെ രമേശ് പറഞ്ഞത്. യൂണിവേഴ്‌സിറ്റിക്ക് സ്വന്തം ആവശ്യങ്ങള്‍ക്ക് പോലും ഫണ്ടില്ലാത്ത സ്ഥിതിക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും ഉത്കൃഷ്ഠമാക്കാന്‍ പ്രവാസി സമൂഹം ഉത്സാഹിക്കണം.
ബഷീര്‍ ചെയറിനായി സര്‍ക്കാര്‍ അനുവദിച്ച 25 ലക്ഷം രൂപയുടെ പലിശയില്‍ നിന്നാണ് ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍ കഷ്ടിച്ച് നടന്നുപോകുന്നത്. ബഷീര്‍ മ്യൂസിയത്തിനായി പതിനായിരം രൂപയോ അതില്‍ അധികമോ സംഭാവന നല്‍കുന്നവരുടെ പേരും വിവരങ്ങളും യൂണിവേഴ്‌സിറ്റിയുടെയും ബഷീര്‍ ചെയറിന്റെയും സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. സ്മാരകത്തിന് ലഭിക്കുന്ന പണം കൈകാര്യം ചെയ്യാന്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ പ്രത്യേക ബേങ്ക് എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ ഡോ. എന്‍ അബ്ദുസലാം ഉള്‍പ്പെടെയുള്ളവര്‍ സ്മാരകത്തിന് പണം കണ്ടെത്താന്‍ യു എ ഇ സന്ദര്‍ശിക്കും.
മ്യൂസിയത്തിനായി കോഴിക്കോട് നഗരത്തിലോ പരിസരത്തോ ഭൂമി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാവാത്തതാണ് യൂണിവേഴ്‌സിറ്റിയില്‍ മ്യൂസിയം ആരംഭിക്കേണ്ട സാഹചര്യം സൃഷ്ടിച്ചത്. ബഷീര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 20 വര്‍ഷമാവുന്നു. ഇത് വരെയും അദ്ദേഹത്തിന് ഒരു സ്മാരകം ഒരുക്കാന്‍ സാധിക്കാത്തത് നമുക്ക് അപമാനമാണ്. സ്മാരകത്തിനായി നാലഞ്ചു വര്‍ഷമായി പരിശ്രമിക്കുന്നു. ഒന്നും എവിടേയും എത്തിയില്ല. ഇപ്പോള്‍ വൈസ് ചാന്‍സ്‌ലര്‍ ഉത്സാഹിക്കുന്നതിനാല്‍ സ്ഥലം ഉള്‍പ്പെടെയുള്ളവ ലഭ്യമാണ്. സ്മാരകം പണിയാന്‍ പണമാണ് പ്രശ്‌നം. ബഷീര്‍ ഉപയോഗിച്ച വാക്കുകളും പ്രയോഗങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള നിഘണ്ടുവും ബഷീറിനെക്കുറിച്ചുള്ള സര്‍വവിജ്ഞാനകോശവും ചെയറിന്റെ മേല്‍നോട്ടത്തില്‍ പുറത്തിറക്കും. ഇതിന്റെ ജോലികള്‍ നടക്കുന്നുണ്ട്.
സ്മാരകം പണിയാന്‍ കണ്ടെത്തിയ സ്ഥലത്ത് എം ടി വാസുദേവന്‍ നായര്‍ നട്ട ബഷീറിന്റെ ഇഷ്ട വൃക്ഷമായ മാങ്കോയിസ്റ്റര്‍ തളിര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ബഷീര്‍ ഉപയോഗിച്ച വസ്തുക്കള്‍ വിട്ടുകിട്ടാന്‍ സാധ്യതയില്ലാത്ത സ്ഥിതിക്ക് ഇവയുടെ മാതൃകകള്‍ സൃഷ്ടിച്ച് പ്രദര്‍ശിപ്പിക്കാനാണ് ആലോചന. മാങ്കോയിസ്റ്ററിന് ചുവട്ടില്‍ ചാരുകസേരയും ബഷീറിനെയും സൃഷ്ടിക്കും. സ്മാരകം സന്ദര്‍ശിക്കുന്നവര്‍ക്ക് ബഷീര്‍ ജീവിച്ച കാലഘട്ടത്തില്‍ പോയിവരുന്ന അനുഭൂതിയാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുക. ബഷീറിന്റെ കൈഎഴുത്തു പ്രതികളും വിവിധ പ്രസാധകര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുമെല്ലാം സ്മാരകത്തില്‍ എത്തിക്കും.
ബഷീര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ 68 പേജുള്ള ബാല്യകാല സഖിയുടെ ഇംഗ്ലീഷ് കൈ എഴുത്തുപ്രതി ഉള്‍പ്പെടെ സ്വന്തം ശേഖരത്തിലുള്ള 350 കൈഎഴുത്തു പ്രതികളും സ്മാരകത്തിനായി നല്‍കും. ബഷീര്‍ ചെയറിന്റെ നേതൃത്വത്തില്‍ ആറു ദിവസത്തെ ബഷീര്‍ ലിറ്റററി ഫെസ്റ്റിവല്‍ ഈ വര്‍ഷം അവസാനത്തോടെ സംഘടിപ്പിക്കും. ബഷീര്‍ കൃതികളുടെ വിവിധ ഭാഷകളിലേക്കുള്ള വിവര്‍ത്തനം ഉള്‍പ്പെടെ ഒട്ടധികം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമം നടക്കുന്നതായും എം എം ബഷീര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമ്മാര്‍, ട്രഷറര്‍ ഫൈസല്‍ ബിന്‍ അഹമ്മദ് പങ്കെടുത്തു.