വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിംകളുടെ പുരോഗതിക്ക് വിനിയോഗിക്കും

Posted on: February 28, 2014 6:00 am | Last updated: February 27, 2014 at 11:46 pm

wakf_propertyന്യൂഡല്‍ഹി: രാജ്യത്തെ 490,000 വഖ്ഫ് സ്വത്തുക്കളും അവയില്‍ നിന്നുള്ള വരുമാനവും മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന് മലേഷ്യയിലെ കോലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ഇസ്‌ലാമിക് ഇക്കണോമിക് ഫോറം ഫൗണ്ടേഷന്റെ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ മാസമാദ്യം ന്യൂനപക്ഷമന്ത്രി റഹ്മാന്‍ ഖാന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ തുന്‍ മൂസ ഹിതാമിനെ കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ലോകത്ത് വഖ്ഫ് സ്വത്തുക്കളുടെ കാര്യത്തില്‍ ഇന്ത്യയാണ് മുന്നില്‍. ഇവയുടെ വാര്‍ഷിക വരുമാനം 163 കോടി രൂപയാണ്. എല്ലാ അധികാരവും നിലനിര്‍ത്തി വഖ്ഫ് സ്വത്തുക്കള്‍ സംയോജിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുസ്‌ലിംകള്‍ക്ക് വേണ്ടി സ്‌കൂള്‍, കോളജ്, ആശുപത്രി എന്നിവ ഇവ ഉപയോഗിച്ച് നിര്‍മിക്കും.
ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബേങ്ക്, ഹജ്ജ് പില്‍ഗ്രിം ഫണ്ട് ബോര്‍ഡ് തുടങ്ങിയ മലേഷ്യയിലെ ഇസ്‌ലാമിക് ബേങ്കിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും പ്രഗത്ഭരെ അണിനിരത്തി വിശദ ചര്‍ച്ച നടത്തുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചു. ഇസ്‌ലാമിക വ്യാപാരത്തിലും സാമ്പത്തിക വിഷയങ്ങളിലും ആഗോളാടിസ്ഥാനത്തില്‍ സമ്മേളനങ്ങളും വര്‍ക്‌ഷോപ്പുകളും ഫൗണ്ടേഷന്‍ നടത്താറുണ്ട്. ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നാഷനല്‍ വഖ്ഫ് ഡെവലപ്‌മെന്റ് കോര്‍പറേഷനെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അനുമോദിച്ചിരുന്നു. കോര്‍പറേഷന് 500 കോടിയുടെ ഓഹരി മൂലധനമുണ്ട്.