താജുല്‍ ഉലമാ അനുസ്മരണം: മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളനം സമാപിച്ചു

Posted on: February 28, 2014 6:26 am | Last updated: February 27, 2014 at 11:29 pm

mahdin-photo

മലപ്പുറം: ഒരു ദിനം മുഴുവന്‍ താജുല്‍ ഉലമയെ അനുസ്മരിച്ചും പ്രാര്‍ഥനകളില്‍ മുഴുകിയും പതിനായിരങ്ങള്‍ സ്വലാത്ത് നഗറില്‍ ഒത്തുകൂടി. ഇന്നലെ രാവിലെ മുതല്‍ അര്‍ധ രാത്രി വരെ നീണ്ടു നിന്ന സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം, ഖത്മുല്‍ ഖുര്‍ആന്‍, സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം, തഹ്‌ലീല്‍, പ്രാര്‍ഥന തുടങ്ങി ഒട്ടേറെ പരിപാടികളാണ് താജുല്‍ ഉലമയുടെ പേരില്‍ സംഘടിപ്പിച്ചത്. കര്‍മശാസ്ത്രം, ഗോള ശാസ്ത്രം, തര്‍ക്ക ശാസ്ത്രം, തഫ്‌സീര്‍, ഹദീസ്, ചരിത്രം തുടങ്ങി സര്‍വ മേഖലയിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന താജുല്‍ ഉലമയെ പ്രലോഭനങ്ങളെ കൊണ്ട് കീഴ്‌പ്പെടുത്താനോ പ്രതിസന്ധികളാല്‍ തളര്‍ത്താനോ കഴിയാത്ത മനോ ധൈര്യത്തിന്റെയും ആത്മവീര്യത്തിന്റെയും ഉദാഹരണമയിരുന്നുവെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി അനുസ്മരിച്ചു.

സമസ്ത കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി, സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തപ്പാറ, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി, കുമരംപുത്തൂര്‍ അലി മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി, ഒ കെ മൂസാന്‍ കുട്ടി മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി എന്നിവര്‍ സംബന്ധിച്ചു.