Connect with us

Kerala

മലബാറില്‍ അഞ്ച് റെയില്‍വേ പാലങ്ങളുടെ അടിത്തൂണുകള്‍ അതീവ ദുര്‍ബലം

Published

|

Last Updated


തലശ്ശേരി: ഗതാഗത സുരക്ഷക്ക് വര്‍ഷത്തില്‍ കോടികള്‍ ചെലവിടുന്ന ഇന്ത്യന്‍ റെയില്‍വേ മലബാറിലെ അനുദിനം തകര്‍ച്ച നേരിടുന്ന റെയില്‍വേ പാലങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഭീതിപരത്തുന്നു. ഷൊര്‍ണൂര്‍-മംഗലാപുരം ഇരട്ടപ്പാതയില്‍ മംഗലാപുരം ലൈനിലെ എലത്തൂര്‍, കൊടുവള്ളി, ധര്‍മടം, കൂടക്കടവ്, പഴയങ്ങാടി പാലങ്ങളുടെ അടിത്തൂണുകളാണ് അപകട മുനമ്പില്‍ പരുങ്ങുന്നത്.

112 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ പുഴയില്‍ കെട്ടിയ കരിങ്കല്‍ തൂണുകളിലാണ് ഇപ്പോഴും പാലങ്ങളുടെ കിടപ്പ്. അന്നുള്ളതിന്റെ പതിന്മടങ്ങാണ് ഇന്നത്തെ ഗതാഗതം. മണിക്കൂറുകള്‍ ഇടവിട്ട് കുതിക്കുന്ന യാത്രാ ചരക്ക് വണ്ടികളുടെ പ്രഹരം പാലത്തെ ചുമക്കുന്ന കരിങ്കല്‍ തുണുകള്‍ക്ക് താങ്ങാനാകില്ലെന്ന് റെയില്‍വേ ഒഴികെ മറ്റുള്ളവര്‍ക്കെല്ലാമറിയാം. ബലക്ഷയം വന്ന് തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന അടിത്തൂണുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മാറ്റി സ്ഥാപിക്കേണ്ടതിന് പകരം പഴയ കരിങ്കല്‍തൂണിന് ചുറ്റും ഇരുമ്പു വളയത്തിന്റെ താങ്ങ് നല്‍കുകയാണ് റെയില്‍വേ എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ ചെയ്തത്. അടിയൊഴുക്ക് ശക്തമായ പുഴയില്‍ റെയില്‍വേ നടത്തുന്ന ഞാണിന്മേല്‍ കളി കാണുന്നവരുടെ നെഞ്ചിടിപ്പിക്കും.
1902ലാണ് കോഴിക്കോട് ഭാഗത്ത് നിന്ന് തലശ്ശേരിയിലേക്ക് ട്രെയിന്‍ ഗതാഗതം ആരംഭിച്ചത്. അക്കാലത്ത് പണിത പാലങ്ങള്‍ക്ക് 50 വര്‍ഷത്തെ ആയുസ്സാണ് വൈദേശിക എന്‍ജിനീയര്‍മാര്‍ വിധിച്ചിരുന്നത്.

കാലാവധി കഴിഞ്ഞ് ആറ് പതിറ്റാണ്ട് പിന്നെയും പാതയും പാലങ്ങളും നിലനിന്നു. ഇപ്പോഴും നിലനില്‍ക്കുന്നു. ഏതാനും വര്‍ഷം മുമ്പ് കടലുണ്ടി പാലം തകര്‍ന്നതോടെയാണ് മലബാറിലെ മുഴുവന്‍ റെയില്‍പാലങ്ങളുടെയും ഉറപ്പ് പരിശോധനാവിധേയമാക്കിയത്. കോഴിക്കോട് മുതല്‍ മംഗലാപുരം വരെയുള്ള പഴയ പാലങ്ങളെല്ലാം അപകട ഭീഷണിയിലാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഇവയില്‍ മേല്‍പറഞ്ഞ ആറ് പാലങ്ങള്‍ ദുര്‍ബലമെന്ന് കണ്ടെത്തിയതിനാല്‍ ഇവയെ ബ്ലാക്ക് ലിസ്റ്റില്‍പെടുത്തി. ഇവ പുതുക്കി പണിയാന്‍ മൂന്ന് വര്‍ഷം മുമ്പ് ടെന്‍ഡര്‍ നടപടി ആരംഭിച്ചുവെങ്കിലും സാങ്കേതിക കുരുക്കില്‍ പ്രവൃത്തി ആരംഭിക്കുന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണുള്ളത്.

Latest