നെല്ലില്‍ ജനിതകമാറ്റത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

Posted on: February 27, 2014 7:48 am | Last updated: February 28, 2014 at 8:59 am

nellu 2ന്യൂഡല്‍ഹി: നെല്ലില്‍ ജനിതക മാറ്റ പരീക്ഷണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്‌ലി അനുമതി നല്‍കി. നെല്ല് ഉള്‍പ്പെടെ വിവിധ വിളകളില്‍ വ്യാപക പരീക്ഷണം നടത്തുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. മരവിപ്പിച്ച ജനിതക പരീക്ഷണ അനുമതികള്‍ക്കാണ് ഇപ്പോള്‍ മന്ത്രി അംഗീകാരം നല്‍കിയിരിക്കുന്നത്. ജനിതക അവലോകന സമിതിയുടെ റിപ്പോര്‍ട്ട് നേരത്തെ മരവിപ്പിച്ചിരുന്നു.

കാര്‍ഷിക രംഗത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം. കേന്ദ്രത്തിന്റെ തീരുമാനം വന്നതോടെ സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയോടെ വന്‍കിട കമ്പനികള്‍ക്ക് ജനിതകമാറ്റ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും.

200ഓളം ജീനുകളില്‍ ജനിതകമാറ്റ പരീക്ഷണം നടത്താനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.ഇതില്‍ നെല്ലിന്റെ 45 ജനിതക ഇനങ്ങളും പെടും. ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്ക് എതിരാണെന്ന സമീപനമാണ് കേരളം നേരത്തെ സ്വീകരിച്ചിരുന്നത്.

ജനിതകമാറ്റ പരീക്ഷണത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര തീരുമാനം നേരത്തെ വന്‍ വിവാദമായിരുന്നു. ശക്തമായ എതിര്‍പ്പുകളെ മറികടന്നാണ് പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്.