മൂന്ന് വെനിസ്വേലന്‍ ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കി

Posted on: February 27, 2014 5:12 am | Last updated: February 27, 2014 at 12:12 am

വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ച മൂന്ന് അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ കരാകസില്‍നിന്നും പുറത്താക്കിയതിന് മറുപടിയെന്നോണം അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്ന് വെനിസ്വേലന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കി. രണ്ട് ഫസ്റ്റ് സെക്രട്ടറിമാരെയും ഒരു സെക്കന്‍ഡ് സെക്രട്ടറിയേയുമാണ് പുറത്താക്കിയിരിക്കുന്നത്. ഇവരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യംവിടാന്‍ അമേരിക്ക ആവശ്യപ്പെട്ടു.
പ്രതിപക്ഷവുമായി ചേര്‍ന്ന് തന്നെ അധികാരത്തില്‍നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വെനിസ്വലേന്‍ പ്രസിഡന്റ് നിക്കോളസ് മദുറോ മൂന്ന് അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയത് ഈ മാസം 17നായിരുന്നു. വെനിസ്വലേയില്‍ ഈ മാസം 12ന് തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ 15പേര്‍ മരിക്കുകയും 150ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതു വരെ 579 പ്രക്ഷോഭകരെ സര്‍ക്കാര്‍ അറസ്റ്റ്‌ചെയ്തിട്ടുണ്ട്. അതേ സമയം അമേരിക്ക നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ നടപടി പ്രതികാരത്താലാണെന്നും പരസ്പരപൂരകമല്ലെന്നും വെനിസ്വലേന്‍ വിദേശകാര്യ മന്ത്രി എലിയാസ് ജോ പറഞ്ഞു.