കള്ളി വെളിച്ചത്തായ അഭിപ്രായ സര്‍വേ

Posted on: February 27, 2014 6:00 am | Last updated: February 27, 2014 at 12:06 am

SIRAJ.......തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നടത്തുന്ന സര്‍വേകള്‍ തട്ടിപ്പാണെന്ന് ന്യൂസ് എക്‌സ്പ്രസ് ചാനല്‍ രഹസ്യ കാമറ ഓപറേഷനിലൂടെ തെളിയിച്ചിരിക്കയാണ്. രാഷ്ട്രീയ പാര്‍ട്ടികളെ സഹായിക്കാനായി അവരില്‍ നിന്ന് പണം സ്വീകരിച്ചാണ് സര്‍വേ നടത്തുന്നതെന്നും മൂന്ന് ശതമാനം വിജയം അഞ്ചാക്കിയും 10 സീറ്റിനുള്ള സാധ്യത 18 ആക്കിയും ഉയര്‍ത്തിക്കാണിക്കാറുണ്ടെന്നും സര്‍വേ വിദഗ്ധര്‍ രഹസ്യ കാമറാ ഓപ്പറേഷനില്‍ വെളിപ്പെടുത്തുകയുണ്ടായി. പാര്‍ട്ടികളുടെ സ്വാധീനത്തില്‍ സര്‍വേകളില്‍ തിരിമറി സാധാരണമാണെന്നും സര്‍വേ സ്ഥാപനങ്ങളുടെ എം ഡിമാര്‍ വ്യക്തമാക്കുന്നു. ക്വാളിറ്റി റിസര്‍ച്ച് ആന്‍ഡ് സര്‍വീസ്, ആര്‍ ഡി ഐ തുടങ്ങി കൂടുതല്‍ പണം കിട്ടിയാല്‍ ഫലം മാറ്റിപ്പറയാന്‍ സന്നദ്ധതയുള്ള 11 ഏജന്‍സികളുടെ വഞ്ചനയുടെ മുഖമാണ് ചാനല്‍ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നു സി-വോട്ടര്‍ പോളിംഗ് ഏജന്‍സി നടത്തുന്ന അഭിപ്രായ സര്‍വേ ഇന്ത്യ ടുഡെ ഗ്രൂപ്പ് താത്കാലികമായി നിര്‍ത്തിവെച്ചരിക്കയാണ്.
മുന്‍കാലങ്ങളില്‍ കാര്യക്ഷമമായി സംഘടിപ്പിക്കുന്ന സര്‍വേകളുണ്ടായിരുന്നു. അര്‍പ്പണ ബോധത്തോടെയും മികച്ച അണിയറ പ്രവര്‍ത്തനങ്ങളിലൂടെയും നടത്തുന്ന ഇത്തരം സര്‍വേകള്‍ക്ക് സ്വീകാര്യതയുമുണ്ടായിരുന്നു സമൂഹത്തില്‍. ഇന്നത്തെ സര്‍വേകള്‍ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിന്റെ ഒരു ഭാഗമാണെന്ന് ജനം ഏറെക്കുറെ മനസ്സിലാക്കിയിട്ടുണ്ട്. ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടന്നു വരുന്ന സര്‍വേകള്‍ ഇതിന് മികച്ച ഉദാഹരണമാണ്. സാധാരണ തിരഞ്ഞെടുപ്പ് അരികെയെത്തുമ്പോഴാണ് സര്‍വേകള്‍ സംഘടിപ്പിക്കാറുള്ളത്. ഇത്തവണ ലാല്‍കൃഷ്ണ അഡ്വാനിയെ അരുക്കാക്കി പ്രധാനമന്ത്രി സ്ഥാനാര്‍ഥിപദം കൈവശപ്പെടുത്താന്‍ നരേന്ദ്രമോദി വളരെ നേരത്തെ ഒരുങ്ങിപ്പുറപ്പെട്ടതോടൊപ്പം ബി ജെ പിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേ ഫലങ്ങളും വന്നു തുടങ്ങിയിരുന്നു. ഇത് യാദൃച്ഛികമാകാനിടയില്ല. 162 സീറ്റ് നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നപ്രവചനവുമായി ‘ടൈംസ് നൗ സീ വാട്ടറി’ന്റെ സര്‍വേ ഫലമാണ് ആദ്യമായി പുറത്തുവന്നത്. എന്‍ ഡി എ 186 സീറ്റ് നേടുമെന്ന് അഭിപ്രായപ്പെടുന്ന ഇവര്‍ കോണ്‍ഗ്രസ്സിന് കണക്കാക്കുന്നത് 102 സീറ്റാണ്. മറ്റൊരു സര്‍വേയില്‍ ബി ജെ പിക്ക് 202 സീറ്റും എന്‍ ഡി എ ക്ക് 227 സീറ്റുമാണ് പ്രവചിക്കുന്നത്. യു പി എക്ക് 101 സീറ്റും. കോണ്‍ഗ്രസ് നൂറില്‍ താഴേക്ക് പതിക്കുമെന്നാണ് ഇവരുടെ നിരീക്ഷണം. ഇങ്ങനെ വിവിധ ഏജന്‍സികള്‍ വ്യത്യസ്ത ഫലങ്ങളാണ് പ്രവചിക്കുന്നത്.
റിലയന്‍സ്, ബിര്‍ള തുടങ്ങിയ കോര്‍പ്പറേറ്റുകളാണ് അണിയറക്കുള്ളില്‍ ബി ജെ പിക്കും നരേന്ദ്ര മോദിക്കും വേണ്ടി കളിക്കുന്നത്. കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ സംരക്ഷണത്തിന് കോണ്‍ഗ്രസിനേക്കാള്‍ ഒട്ടും മോശമല്ല ബി ജെ പി എന്ന ബോധ്യത്തിനു പുറമെ വര്‍ഗീയ അജന്‍ഡകളുമുണ്ട് ഇവരുടെ നീക്കങ്ങള്‍ക്ക് പിന്നില്‍. ബി ജെ പിയെ അധികാരത്തിലേറ്റുന്നതിന് എത്ര പണവുമൊഴുക്കാന്‍ സന്നദ്ധരായ ഈ കുത്തകകള്‍ വിചാരിച്ചാല്‍ ഏത് സര്‍വേ ഏജന്‍സിയെയാണ് കൈയിലെടുക്കാനാകാത്തത്? പണം വാരിയെറിഞ്ഞ പ്രചാരണം കൊണ്ട് ഗ്രാമീണ ഗുജറാത്തിന്റെ വികസന മുരടിപ്പിന് മറയിട്ടു മോദിക്ക് വികസന നായകന്റെ പരിവേഷം കെട്ടിക്കുകയും, സംഘ് പരിവാറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ സംഘടന വഴി വന്‍ ആനുകൂല്യങ്ങള്‍ നല്‍കി അമേരിക്കന്‍ കോണ്‍ഗ്രസിലെ സെനറ്റര്‍മാരടക്കമുള്ള സംഘത്തെ ഗുജറാത്തിലെത്തിച്ചു മോദിയെ പുകഴ്ത്തിപ്പറയിക്കുകയും ചെയ്ത സംഘ് പരിവാറിന്റെ ബുദ്ധികേന്ദ്രങ്ങള്‍ക്കും തിരഞ്ഞെടുപ്പ് സര്‍വേ ഏജന്‍സികളെ വരുതിയില്‍ നിര്‍ത്താന്‍ പ്രയാസമില്ല.
ബി ജെ പിയുടെ ഈ തന്ത്രങ്ങളെ മറികടക്കാന്‍ എളുപ്പമല്ലെന്ന തിരിച്ചറിവ് കൊണ്ടായിരിക്കണം അഭിപ്രായ സര്‍വേകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയത്. നിലവില്‍ പുറത്തു വരുന്ന അഭിപ്രായ സര്‍വേകള്‍ അശാസ്ത്രീയമാണെന്നും കൃത്രിമമായി സൃഷ്ടിച്ചതാണെന്നുമാണ് പാര്‍ട്ടി കുറ്റപ്പെടുത്തുന്നത്. സര്‍വേ ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നെങ്കില്‍ ഇതേ അഭിപ്രായമായിരിക്കുമോ പാര്‍ട്ടിക്കെന്നത് വേറെ കാര്യം. സര്‍വേകള്‍ വോട്ടര്‍മാരുടെ മനോഗതിയെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ അത് നിരോധിക്കുന്ന കാര്യം സര്‍ക്കാറിന്റെയും സജീവ പരിഗണനയിലുണ്ട്. സര്‍വേയുടെ പൊള്ളത്തരവും അവിശ്വസനീയതയും ന്യൂസ് എക്‌സ്പ്രസ് ചാനല്‍ ഓപറേഷനിലൂടെ കൂടുതല്‍ വ്യക്തമായിരിക്കെ, തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകള്‍ നിരോധിക്കുന്നത് തന്നെയാണ് ജനാധിപത്യത്തിന്റെ അന്തഃസത്തക്ക് അനുയോജ്യവും ഗുണകരവും.

ALSO READ  ദേവീന്ദര്‍ സിംഗ്: ദുരൂഹമാണ് കേന്ദ്രത്തിന്റെ മൗനം