സിറിയന്‍ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ ആക്രമണം

Posted on: February 26, 2014 12:25 am | Last updated: February 26, 2014 at 12:25 am

ദമസ്‌കസ്: സിറിയന്‍ അതിര്‍ത്തിക്ക് സമീപം പടിഞ്ഞാറന്‍ ലബനാനില്‍ ഇസ്‌റാഈലിന്റെ യുദ്ധ വിമാനം രണ്ട് ആക്രമണങ്ങള്‍ നടത്തിയതായി ലബനാന്‍. എന്നാല്‍ ആരോപണം ഇസ്‌റാഈല്‍ സൈന്യം നിഷേധിച്ചു. ബിക്ക താഴ്‌വരയിലെ നബി ഗ്രാമത്തിന് സമീപം തിങ്കളാഴ്ച രാത്രിയോടെയാണ് ആക്രമണമെന്ന് ലബനാന്റെ ദേശീയ വാര്‍ത്താ ഏജന്‍സി പറഞ്ഞു. വ്യോമാക്രമണം നടന്നതിന്റെ യാതൊരു സൂചനകളും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടില്ലെന്നും എന്നാല്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും ലബനീസ് സൈനിക വക്താവ് പറഞ്ഞു.
ബിക്ക താഴ്‌വര ലബനീസ് തീവ്രവാദികളായ ഹിസ്ബുല്ല സംഘത്തിന്റെ സജീവ സാന്നിധ്യമുള്ളയിടമാണ്. ദമസ്‌കസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഹിസ്ബുല്ല ആയുധങ്ങള്‍ കടത്തുന്നത് തടയാന്‍ ഇസ്‌റാഈല്‍ ഇടക്കിടെ സിറിയക്കുള്ളില്‍ വ്യോമാക്രമണങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ വ്യോമാക്രമണം സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലുള്ള അല്‍ മനാര്‍ ടി വി റിപ്പോര്‍ട്ട് ചെയ്തു.