എസ് എം എ ‘മദ്‌റസാ ദിനം’ മാര്‍ച്ച് ഏഴിന്

Posted on: February 26, 2014 12:14 am | Last updated: February 26, 2014 at 12:14 am

കോഴിക്കോട്: ഫണ്ട് സ്വരൂപണത്തിനായി എല്ലാ വര്‍ഷവും ആചരിച്ചുവരുന്ന ‘മദ്‌റസാദിനം’ മാര്‍ച്ച് ഏഴിന് ആചരിക്കാന്‍ സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
സര്‍വീസില്‍ നിന്ന് വിരമിച്ച മുദര്‍രിസ്, ഖത്തീബ്, മുഅദ്ദിന്‍, മുഅല്ലിം, ഇമാം തുടങ്ങിയവര്‍ക്ക് പെന്‍ഷന്‍, നിര്‍മാണത്തിന് പ്രയാസപ്പെടുന്ന മദ്‌റസകള്‍ക്ക് ധനസഹായം തുടങ്ങിയ ജീവകാരുണ്യ-സേവന പ്രവര്‍ത്തന പദ്ധതികളുടെ നടത്തിപ്പിനുവേണ്ടിയുള്ളതാണ് ഫണ്ട്. പ്രസ്തുത ദിവസം ജുമുഅത്ത് പള്ളികളല്‍ ‘മദ്‌റസാദിന’ത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി മഹല്ല് ഖതീബുമാര്‍ പ്രഭാഷണം നടത്തുകയും സംഭാവന സ്വരൂപിക്കുകയും വേണം. കൂടാതെ മദ്‌റസകളും മറ്റു സ്ഥാപനങ്ങളും അങ്ങാടികളും കേന്ദ്രീകരിച്ചും സംഭാവന സ്വീകരിക്കണം. സ്വരൂപിച്ച ഫണ്ട്, പത്താം വാര്‍ഷികത്തിന്റെ ഭാഗമായി എസ് എം എ നടത്തുന്ന മേഖലാ സമ്മേളനങ്ങളില്‍ സംസ്ഥാന നേതാക്കള്‍ ഏറ്റുവാങ്ങും. പൊന്നാനി ശാദി മഹലില്‍ ചേര്‍ന്ന യോഗത്തില്‍ സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, സയ്യിദ് പി എം എസ് തങ്ങള്‍, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, പ്രൊഫ. കെ എം എ റഹീം, ഇ യഅ്ഖൂബ് ഫൈസി, അബ്ദുഹാജി വേങ്ങര, പി ടി സി മുഹമ്മദലി മാസ്റ്റര്‍ പങ്കെടുത്തു.