പി എം ജി എസ് വൈ: കേരളത്തില്‍ 266 കി മീ റോഡിന് അനുമതി

Posted on: February 26, 2014 12:13 am | Last updated: February 26, 2014 at 12:13 am

തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിക്കു കീഴില്‍ കേരളത്തിലെ 13 ജില്ലകളിലെ 51 റോഡ് നവീകരണ പ്രവര്‍ത്തികള്‍ക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി അനുമതി നല്‍കി. ഇതിനായി 153.5 കോടി രൂപ അനുവദിച്ചതായും കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ജയറാം രമേശ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. ആകെ 161.5 കിലോമീറ്റര്‍ നീളം വരുന്ന റോഡുകള്‍ക്കാണ് അനുമതി നല്‍കിയത്. ഇവയില്‍ പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെ 70.6 കിലോമീറ്ററും ഇടുക്കി ജില്ലയിലെ 58.1 കിലോമീറ്ററും ഉള്‍പ്പെടും. ഇതിന് പുറമെ 13ാം ഘട്ട വികസനത്തില്‍പ്പെടുത്തി 104.25 കിലോമീറ്ററില്‍ റോഡ് പുനരുദ്ധരിക്കുന്നതിന് 83.12 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതോടെ കേരളത്തില്‍ മൊത്തം 266 കി മീറ്റര്‍ റോഡ് നവീകരണത്തിനാണ് അനുമതിയായത്.