കേരള രക്ഷാ മാര്‍ച്ചിന് ഇന്ന് കോഴിക്കോട് സമാപനം

Posted on: February 26, 2014 12:12 am | Last updated: February 26, 2014 at 6:22 pm

kerala raksha marchകോഴിക്കോട്: സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് ഇന്ന് ലക്ഷം പേരുടെ സംഗമത്തോടെ കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. ‘മതനിരപേക്ഷത ഇന്ത്യ, വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി ആലപ്പുഴയില്‍ നിന്ന് ഫെബ്രുവരി ഒന്നിന് ആരംഭിച്ച യാത്രയാണ് 26 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് സമാപിക്കുന്നത്. ഇന്ന് രാവിലെ 10 ന് കൊയിലാണ്ടിയില്‍ നിന്ന് തുടങ്ങുന്ന ജാഥ ബാലുശ്ശേരി, കൊടുവള്ളി, കാക്കൂര്‍ എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷമാണ് സമാപന വേദിയായ കടപ്പുറത്തെത്തുക.
റെഡ് വളണ്ടിയര്‍മാര്‍ മോട്ടോര്‍ സൈക്കിളിന്റെ അകമ്പടിയോടെ കക്കോടി പാലത്തില്‍ നിന്ന് ജാഥാ നായകനെയും സംഘത്തെയും കോഴിക്കോട് നഗരത്തിലേക്ക് ആനയിക്കും. കോഴിക്കോട് നോര്‍ത്ത്, സൗത്ത്, കുന്ദമംഗലം, ബേപ്പൂര്‍ നിയമസഭാ മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തകരാണ് കോഴിക്കോട്ടെ സ്വീകരണത്തില്‍ അണിനിരക്കുകയെന്ന് സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.