ട്രൈബ്യൂണല്‍ ഉത്തരവ് നടപ്പാക്കാന്‍ സഹകരണ വകുപ്പ് ജോയന്റ് ഡയരക്ടറെ ജീവനക്കാര്‍ ഉപരോധിച്ചു

Posted on: February 25, 2014 7:41 am | Last updated: February 25, 2014 at 7:41 am

കല്‍പ്പറ്റ: അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പാക്കാത്ത സഹകരണവകുപ്പ് ജോയിന്റ് ഡയറക്ടറെ(ഓഡിറ്റ്)എന്‍ജിഒ യൂണിയന്‍ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഡയറക്ടര്‍ കെ ജി ചന്ദ്രശേഖരനെയാണ് തിങ്കളാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ ജീവനക്കാര്‍ കല്‍പ്പറ്റയിലെ ഓഫീസില്‍ ഉപരോധിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ നടപടി എടുത്തശേഷമാണ് സമരം അവസാനിപ്പിച്ചത്.
മാനന്തവാടി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ ഓഡിറ്റര്‍ മനോജിനെ സ്ഥലം മാറ്റിയ നടപടി റദ്ദ്‌ചെയ്ത ട്രിബ്യൂണല്‍ ഉത്തരവാണ് നടപ്പാക്കാന്‍ ഡയറക്ടര്‍ രാഷ്ട്രിയ പ്രേരിതമായി വിസമ്മതിച്ചത്. നേരത്തെ മനോജിനെ കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ അദ്ദേഹം ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലമാറ്റ ഉത്തരവ് ട്രിബ്യൂണല്‍ സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഇതിനകം മനോജ് റിലീവ് ചെയ്തതായി വ്യാജരേഖ ചമച്ചു. ഇതിനെതിരെ മനോജ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചു. അദ്ദേഹത്തെ മാനന്തവാടിയിലെ ഓഫീസില്‍തന്നെ നിയമിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവാണ് ജോയിന്റ് ഡയറക്ടര്‍ നടപ്പാക്കാതിരുന്നത്. ഇതിനെതിരെയായിരുന്നു എന്‍ജിഒ യൂണിയന്റെ സമരം.
ഭരണകക്ഷി നേതാക്കളുടെയും ഭരണകക്ഷിയൂണിയന്റെയും താല്‍പ്പര്യപ്രകാരമാണ് മാനോജിനെ മാനന്തവാടിയില്‍നിന്നും കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയത്. ഇവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡയറക്ടര്‍ ട്രിബ്യൂണല്‍ ഉത്തരവ് നടപ്പാക്കാതിരുന്നതും. മാനന്തവാടി സ്വദേശിയായ മനോജിനെ കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയത് മനപൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നതിനായിരുന്നു. മാനന്തവാടി ഓഫീസില്‍ ജോലി ചെയ്യുന്ന കല്‍പ്പ സ്വദേശികള്‍ ഇവിടേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുനെങ്കിലും ഇവരുടെ അപേക്ഷ അവഗണിച്ചാണ് മാനോജിനെ കല്‍പ്പറ്റയിലേക്ക് മാറ്റിയത്.മനോജിനെ തിരകെ മാനന്തവാടി ഓഫീസില്‍ നിയമിച്ചുകൊണ്ടുള്ള ഓര്‍ഡര്‍ നല്‍കിയശേഷമാണ് ജീവനക്കാര്‍ ഉപരോധം അവസാനിപ്പിച്ചത്.