Connect with us

Kottayam

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പി സി ജോര്‍ജ് രാജിക്കൊരുങ്ങുന്നു

Published

|

Last Updated

കോട്ടയം: നൂറ് കണക്കിന് കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാനും ഗവ. ചീഫ് വിപ്പുമായ പി സി ജോര്‍ജ് തത്സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന് ദോഷകരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നോ നാളെയോ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകുമെന്ന സൂചനകള്‍ പ്രചരിക്കുന്നതിനിടെ തീരുമാനം വൈകുന്നതാണ് കേരള കോണ്‍ഗ്രസ് നേതാക്കളെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ മധ്യകേരളത്തിലും മലബാറിലും കത്തോലിക്കാ സഭ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്.
ഈ നീക്കത്തിന് ശക്തിപകരുന്നതിനൊപ്പം കോണ്‍ഗ്രസിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുകയാണ് ജോര്‍ജിന്റെ രാജിക്ക് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന. ഒപ്പം ഏറെക്കാലമായി മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി മാനസികമായി ഏറെ അകന്ന ജോര്‍ജിന് വീണുകിട്ടിയ രാഷ്ട്രീയ ആയുധം കൂടിയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് പി സി ജോര്‍ജിന്റെ ശൈലിയോട് അതൃപ്തിയുണ്ട്.
ഇക്കാരണങ്ങളാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഭാവിയില്‍ ഒത്തുപോകാനാകില്ലെന്ന തിരിച്ചറിവും ജോര്‍ജിനെ രാജിക്ക് സന്നദ്ധനാക്കുന്നു. കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയുമായി അടുപ്പിക്കുന്നതിന് ഏറെനാളായി ജോര്‍ജ് ഒളിഞ്ഞും തെളിഞ്ഞും നിരവധി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. എന്നാല്‍ കെ എം മാണിക്ക് സി പി എം നല്‍കിയ ഓഫറുകളിലെ പൊരുത്തക്കേടുകളാണ് എല്‍ ഡി എഫ് പ്രവേശം വൈകിപ്പിച്ചത്. ഇടുക്കി സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ വഴിമുട്ടിയ സാഹചര്യത്തില്‍ പി ജെ ജോസഫിനെ എല്‍ ഡി എഫിലേക്ക് വൈക്കം വിശ്വന്‍ സ്വാഗതം ചെയ്തത് പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് വഴിവെച്ചേക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും കെ എം മാണിയെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ മധ്യകേരളത്തില്‍ യു ഡി എഫ് വിജയം ആവര്‍ത്തിക്കുമെന്ന സൂചനകള്‍ കേരള കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ സി പി എമ്മിനെ നിര്‍ബന്ധിതരാക്കുന്നു.
ഇടുക്കി സീറ്റ് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയാറാകുന്നില്ലെങ്കില്‍ യു ഡി എഫ് ബന്ധം ഉപേക്ഷിക്കണമെന്ന നിലപാടാണ് പി സി ജോസഫ് അനുകൂലികളുടേത്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് ഒഴിവാക്കേണ്ടത് കെ എം മാണിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുകൂലമാക്കാന്‍ കേരള കോണ്‍ഗ്രസിന് ഇടതുസഖ്യമാണ് യോജിച്ചതെന്ന വിലയിരുത്തലാണ് ജോര്‍ജിന്റെ രാജിയിലൂടെ കെ എം മാണിയും ഉന്നംവെക്കുന്നത്.

Latest