അത്യുത്പാദന ശേഷിയുള്ള വീട്ടുകാടകളെ വികസിപ്പിച്ചു

Posted on: February 25, 2014 12:12 am | Last updated: February 25, 2014 at 12:12 am

KLM- kaada photoകൊല്ലം: ഒരു ജോഡി അല്‍ബിനോ ജപ്പാന്‍ കാടകളില്‍ നിന്ന് സെലക്ടീവ് ബ്രീഡിംഗ് സാങ്കേതിക വിദ്യയിലൂടെ അത്യുല്‍പാദന ശേഷിയുള്ള വീട്ടുകാടകളെ വികസിപ്പിച്ചു.

കഴിഞ്ഞ 23 വര്‍ഷത്തെ നിര്‍ധാരണ പ്രജനനത്തിലൂടെയാണ് വെളുന്തുറ ഹാച്ചറിയിലെ ഡോ. ശശിധരന്‍ ഇവ വികസിപ്പിച്ചെടുത്തത്. തൂവെള്ള നിറവും ചുവന്ന കണ്ണുകളുമാണ് ഇതിനുള്ളത്. ലോകത്ത് ആദ്യമായാണ് അല്‍ബിനോയുടെ ഒരു തനത് ഇനം മനുഷ്യ ഇടപെടലിലൂടെ ഉരുതിരിഞ്ഞിരിക്കുന്നത്. ഇത് വ്യവസ്ഥാപിത ശാസ്ത്ര സങ്കല്‍പ്പങ്ങളെ മാറ്റിമറിക്കുമെന്ന് ഡോ. ശശിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാണാന്‍ മനോഹരമായ ഈ വീട്ടുകാടകള്‍ ഡീപ്പുസലിറ്റര്‍ സമ്പ്രദായത്തില്‍ മുട്ടക്കോഴികള്‍ക്ക് സമാനമായ രീതിയില്‍ വ്യാവസായികമായി വളര്‍ത്താം. 45 ദിവസം കൊണ്ട് പ്രായപൂര്‍ത്തിയെത്തും. പ്രതിവര്‍ഷം 315 മുട്ടകളിടും. മുട്ട വിരിയാന്‍ 17 ദിവസം മതി. ഒരു മുട്ടക്കോഴിയെ ഡീപ്പ് ലിറ്ററില്‍ വളര്‍ത്താന്‍ രണ്ട് ചതുരശ്ര അടി സ്ഥലം വേണമെന്നിരിക്കെ ഈ സ്ഥലത്ത് എട്ട് മുട്ടക്കാടകളെ കുറഞ്ഞ ചെലവില്‍ വളര്‍ത്താം. നിലവില്‍ വളര്‍ത്തി വരുന്ന ജപ്പാന്‍ കാടകള്‍ കാട്ടുകാടകളെ പോലെ ചാര നിറത്തില്‍ കറുത്ത തൂവലുകള്‍ ഉള്ളവയാണ്. കാര്‍ഷിക- ജനിതക ശാസ്ത്ര- വന്യ ജീവി സംരക്ഷണ രംഗങ്ങളില്‍ ഒരു പോലെ വഴിത്തിരിവാകുന്ന ഈ നേട്ടം ബൗദ്ധിക സ്വത്തവകാശ സംരക്ഷണ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ നാഷനല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക് റിസോഴ്‌സസ് തുടങ്ങിയിട്ടുണ്ട്. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാന സര്‍ക്കാറുകളുടെ ഗ്രാമീണ തൊഴില്‍ദാന പദ്ധതിയില്‍ ഈ കാടകളുടെ പരിപാലനം ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു.