മൂന്നാം നിലയില്‍ നിന്നു വീണു ഇന്ത്യക്കാരിക്ക് ഗുരുതര പരുക്ക്

Posted on: February 24, 2014 10:30 pm | Last updated: February 24, 2014 at 11:31 pm

accidentദുബൈ: ദേര സിറ്റി സെന്ററിന്റെ മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് യുതിക്ക് ഗുരുതരമായി പരുക്കേറ്റു. 23 വയസ്സുള്ള ഇന്ത്യക്കാരിക്കാണ് പരുക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ഏഴിനാണ് സംഭവം. മാനസിക അസ്വസ്ഥതയും വിഭ്രാന്തിയുമായിരിക്കാം യുവതി താഴേക്ക് ചാടാന്‍ കാരണമായതെന്നാണ് ദുബൈ പോലീസിന്റെ പ്രാഥമിക നിഗമനം. ദേര സിറ്റി സെന്ററിന്റെ നാല് ബി കവാടത്തിനു മുമ്പിലാണ് സംഭവം. വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ യുവതിയുടെ തലയില്‍ നിന്നും വായയില്‍ നിന്നും രക്തം ഒലിച്ച് നിശ്ചലമായതാണ് കണ്ടത്. യുവതിയുടെ സമീപത്ത് തകര്‍ന്ന നിലയില്‍ ഒരു കാമറയും പോലീസ് കണ്ടെത്തി.
യുവതിയുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്തു. മകളുമായി ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നതായി പിതാവ് പോലീസിനോട് പറഞ്ഞു. ഈ അഭിപ്രായവ്യത്യാസം യുവതിയുടെ മാനസികവിഭ്രാന്തിക്ക് കാരണമായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതി തീവ്രപരിചരണ വിഭാഗത്തിലാണെന്ന് പോലീസ് അറിയിച്ചു.