Connect with us

Gulf

റാസല്‍ ഖൈമയിലും അജ്മാനിലും വാടക കുതിക്കുന്നു

Published

|

Last Updated

198_gall_51861995e1c68റാസല്‍ ഖൈമ: ദുബൈക്കും ഷാര്‍ജക്കും പിന്നാലെ റാസല്‍ ഖൈമയിലും അജ്മാനിലും വാടക വാണംപോലെ കുതിക്കുന്നു. എക്‌സ്‌പോ 2020ന് ആതിഥ്യമരുളാന്‍ ദുബൈക്ക് അവസരം ലഭിച്ചതും സമ്പദ് വ്യവസ്ഥ പ്രകടമാക്കുന്ന ഉണര്‍വുമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാടക ക്രമാതീതമായി ഉയരാന്‍ ഇടയാക്കുന്നത്.
റാസല്‍ ഖൈമയില്‍ കോര്‍ണിഷ് മേഖലയിലാണ് ഏറ്റവും വലിയ വാടക വര്‍ധനവ് നേരിട്ടിരിക്കുന്നത്. ഒറ്റ മുറി ഫ്‌ളാറ്റിന് 60,000 ദിര്‍ഹമാണ് ഇപ്പോഴത്തെ വാര്‍ഷിക വാടക. മറ്റ് ചില ഭാഗങ്ങളില്‍ 15,000 മുതല്‍ 20,000 വരെയുണ്ടായിരുന്ന വാകടയിലും 20ഉം 30ഉം ശതമാനം വരെയാണ് വര്‍ധനവ് സംഭവിച്ചിരിക്കുന്നത്. അജമാനില്‍ ഏതാനും മാസം മുമ്പ് വരെ ഒറ്റ മുറിക്ക് 14,000 മുതല്‍ 16,000 വരെയായിരുന്നു വാടക. എന്നാല്‍ ഇപ്പോള്‍ ഇതേ സൗകര്യത്തിന് ചോദിക്കുന്നത് 25,000 ദിര്‍ഹത്തിന് മുകളിലാണ്.
അജ്മാനില്‍ ഇത്തരം ഒരു സ്ഥിതി സംജാതമാവുമെന്നു കരുതിയതല്ലെന്നു താമസക്കാരനായ ഈജിപ്ത് സ്വദേശി എം ഖാലിദ് അഭിപ്രായപ്പെട്ടു. നാലു മാസം മുമ്പ് 15,000 ദിര്‍ഹത്തിന് ലഭിച്ചിരുന്ന ഒറ്റ മുറി ഫ്‌ളാറ്റിന് ഇപ്പോള്‍ കെട്ടിട ഉടമ ആവശ്യപ്പെടുന്നത് 25,000 ദിര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. 35 ശതമാനത്തില്‍ കൂടുതല്‍ വാടക ഉയര്‍ന്ന സാഹചര്യത്തില്‍ റാസല്‍ ഖൈമയില്‍ നിന്നും ഉമ്മുല്‍ ഖുവൈനിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് നുഐമിയ മേഖലയില്‍ താമസിക്കുന്ന ശരീഫ് അല്‍ വക്കീല്‍ വ്യക്തമാക്കി. വാടക ഉയരുന്ന സാഹചര്യത്തില്‍ കുടുംബത്തെ സ്വദേശമായ സൂഡാനിലേക്ക് അയക്കുകയേ നിര്‍വാഹമുള്ളൂവെന്ന് അബു മുസ്തഫ പറഞ്ഞു. കുടുംബം ഇതുവരേയും എന്നോടൊപ്പമായിരുന്നു ഇന്നത്തെ സാഹചര്യത്തില്‍ കുടുംബത്തെ ഒപ്പം നിര്‍ത്താന്‍ സാധ്യമാവാത്ത സ്ഥിതിയാണെന്നും ഇദ്ദേഹം വേദനയോടെ വ്യക്തമാക്കി. ഇന്റര്‍നാഷണല്‍ സിറ്റിയില്‍ 2013ല്‍ വാടകയില്‍ 76 ശതമാനത്തോളം വര്‍ധനവ് സംഭവിച്ചതായി ആസ്റ്റോ പ്രോപര്‍ട്ടി മാനേജ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഒറ്റ മുറി ഫ്‌ളാറ്റിന് 40,000 ദിര്‍ഹം മുതല്‍ 45,000 ദിര്‍ഹം വരെയായിരുന്നു വാര്‍ഷിക വാടക. ജുമൈറ ലേക്ക് ടവേഴ്‌സി(ജെ എല്‍ ടി)ലാണ് നഗരത്തില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടിയ രണ്ടാമത്തെ വാടക വര്‍ധനവ് സംഭവിച്ചത്. ഇവിടെ 50 ശതമാനം വര്‍ധനവാണ് വാടകയില്‍ വര്‍ധനവ് ഉണ്ടായത്. ഡിസ്‌കവറി ഗാര്‍ഡണില്‍ വാകടയില്‍ സംഭവിച്ചത് 44 ശതമാനം വര്‍ധനവായിരുന്നു.
ഏകപക്ഷീയമായി വാടക കുത്തനെ കൂട്ടുന്നതിന് തടയിടാന്‍ സര്‍ക്കാര്‍ വാടക കരാര്‍ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ഷാര്‍ജയിലെ വാടകക്കാര്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഷാര്‍ജയില്‍ 30 മുതല്‍ 45 ശതമാനം വരെ വാടക വര്‍ധിച്ച സാഹചര്യത്തിലാണ് താമസക്കാര്‍ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചത്.