ഭാര്യക്ക് സാമ്പത്തികശേഷിയുണ്ടെങ്കില്‍ ജീവനാംശമില്ലെന്ന് കോടതി

Posted on: February 24, 2014 1:58 pm | Last updated: February 24, 2014 at 5:00 pm

court-hammer

മുംബൈ: ഭാര്യക്ക് സാമ്പത്തികശേഷിയുണ്ടെങ്കില്‍ ജീവനാംശം നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനല്ലെന്ന് മുംബൈ ഹൈക്കോടതി. തന്നോട് വേര്‍പിരിഞ്ഞ് ആസ്‌ത്രേലിയയില്‍ താമസിക്കുന്ന നിധിന്‍ ശര്‍മ മാസം 15,000 രൂപ ചെലവിന് നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ അന്ധേരി സ്വദേശി ഷീല ശര്‍മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സ്ത്രീയുടെ പേരില്‍ 50 ലക്ഷം രൂപയുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപമുള്ളതായി കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഈ നിക്ഷേപത്തിന് മാസത്തില്‍ 37,500 രൂപ പലിശയിനത്തില്‍ ഈ സ്ത്രീക്ക് ലഭിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ പണം കൂടി ഉപയോഗിച്ച് വാങ്ങിച്ച ഫ്‌ലാറ്റിലാണ് ഷീല ശര്‍മ താമസിക്കുന്നത്. ഇത് ഇപ്പോള്‍ ഷീലയുടെ പേരിലാണുള്ളത്.

ചെലവിന് നല്‍കണമെന്ന കുടുംബകോടതി ഉത്തരവ് മുമ്പ് സിംഗില്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. രണ്ട് മക്കളുള്ള ദമ്പതികള്‍ 2007 മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.