വിള നശിച്ചതിന് ഹരിയാന സര്‍ക്കാറിന്റെ നഷ്ടപരിഹാരം; ഒരു രൂപ മുതല്‍ 50 രൂപ വരെ

Posted on: February 24, 2014 10:34 am | Last updated: February 24, 2014 at 11:40 am

haryana

ഗുഡ്ഗാവ്: കൊടുങ്കാറ്റില്‍ വിള നശിച്ചതിന് ഹരിയാനയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് ഒരു രൂപ മുതല്‍ 50 രൂപ വരെ. ഒരു രൂപ മുതല്‍ 50 രൂപ വരെയുള്ള ചെക്കാണ് സര്‍ക്കാര്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലുണ്ടായ കൊടുങ്കാറ്റിലാണ് കര്‍ഷകര്‍ക്ക് കനത്ത വിളനഷ്ടം ഉണ്ടായത്.

കുറഞ്ഞ തുകയുടെ ചെക്ക് നല്‍കി തങ്ങളെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് ചില കര്‍ഷകര്‍ ചെക്കുകള്‍ കീറിയെറിഞ്ഞു. ഇനി ചെക്ക് മാറണമെങ്കില്‍ പണം മുടക്കി ബേങ്ക് അക്കൗണ്ട് തുടങ്ങണം. മെവാത്ത് മേഖലയില്‍ പതിനാല് ഗ്രാമങ്ങളില്‍ 3000 ചെക്കുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതില്‍ 300 എണ്ണം ഇതുവരെ വിതരണം ചെയ്തു. വിളനശിച്ച ഗ്രാമങ്ങളില്‍ റവന്യൂ ഡിപ്പാര്‍ട്ടമെന്റിന്റെ സര്‍വേ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.

ഇത് ക്രൂരമായ തമാശയാണെന്ന് ഗ്രാമീണനായ മജീദ് പറഞ്ഞു. ബേങ്കിലേക്ക് പോവാന്‍ തന്നെ 20-15 രൂപയാവും. യാചകര്‍ പോലും ഇത്ര ചെറിയ പണം സ്വീകരിക്കില്ലെന്നും മജീദ് പറഞ്ഞു. വന്‍ തുക ചെലവാക്കി തടത്തിയ സര്‍വേയുടെ ഫലമാണ് രണ്ടും ഒന്നും രൂപയുടെ ചെക്കെന്ന് മറ്റൊരു ഗ്രാമീണനായ സാലിം പറഞ്ഞു.