Connect with us

Business

റെക്കോര്‍ഡ് പുതുക്കി വെളിച്ചെണ്ണ; റബ്ബര്‍ ഉത്പാദകര്‍ ആശങ്കയില്‍

Published

|

Last Updated

കൊച്ചി: വെളിച്ചെണ്ണ വീണ്ടും റെക്കോര്‍ഡ് പുതുക്കി. കാര്‍ഷിക മേഖലയില്‍ നിന്നുള്ള കുരുമുളക് വരവ് കനത്തത് വിലയെ ബാധിച്ചിരിക്കുകയാണ്. സംഭരണം വൈകുന്നത് റബ്ബര്‍ ഉത്പാദകരെ ആശങ്കയിലാക്കി. പവന്റെ നിരക്ക് ഉയര്‍ന്നു.
നാളികേരോത്പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില. വെളിച്ചെണ്ണയും കൊപ്രയുമാണ് പിന്നിട്ടവാരം പുതിയ ഉയരങ്ങളിലേക്കാണ് സഞ്ചരിച്ചത്. തമിഴ്‌നാട്ടില്‍ നിലനില്‍ക്കുന്ന വരണ്ട കാലാവസ്ഥ നാളികേര ഉത്പാദനം ചുരുങ്ങാന്‍ ഇടയാക്കി. പഴനി, പൊള്ളാച്ചി, ഈറോഡ്, കോയമ്പത്തൂര്‍ മേഖലകളില്‍ വിളവ് ചുരുങ്ങി. ഇത് കൊപ്ര ക്ഷാമം രുക്ഷമാക്കി.
ഇതിനിടയില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് കൊപ്ര ശേഖരിച്ചിരുന്ന മുംബൈ വ്യവസായികള്‍ കേരളത്തിലേക്ക് ശ്രദ്ധതിരിച്ചു. വന്‍കിട എണ്ണ കമ്പനികളുടെ വരവ് കൊച്ചി മാര്‍ക്കറ്റിനെ കുടുതല്‍ ശക്തമാക്കി. ഈ വര്‍ഷം ഇതാദ്യമായി കൊച്ചി വിപണിയില്‍ കൊപ്രയുടെ ഇടപാടുകള്‍ പിന്നിട്ടവാരം നടന്നു. കൊപ്ര 8325-8800 രൂപയിലാണ്. കൊച്ചിയില്‍ വെളിച്ചെണ്ണ 11,500 ല്‍ നിന്ന് റെക്കോര്‍ഡ് വിലയായ 12,100 രൂപയായി. എന്നാല്‍ പ്രാദേശിക വിപണികളില്‍ വെളിച്ചെണ്ണ വില്‍പ്പന ചുരുങ്ങി. ഈ അവസരത്തില്‍ പാം ഓയില്‍ വില്‍പ്പന ഉയര്‍ന്നു.
കുരുമുളക് വിളവെടുപ്പ് കേരളത്തിലും കര്‍ണാടകത്തിലും പുരോഗമിക്കുകയാണ്. ചരക്കിന്റെ ലഭ്യത കനത്തതോടെ കുരുമുളകിനു വില ഇടിഞ്ഞു. നേരത്തെ 54,700 വരെ കയറിയ ഗാര്‍ബിള്‍ഡ് മുളക് ഇപ്പോള്‍ 52,000 രൂപയിലാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഡിമാണ്ട് കുറഞ്ഞു. യുറോപ്യന്‍ ഷിപ്പ്‌മെന്റിനു 8600 ഡോളറും ന്യൂയോര്‍ക്കിലേയ്ക്ക് 8850 ഡോളറുമാണ് കയറ്റുമതിക്കാര്‍ ആവശ്യപ്പെടുന്നത്. അതേ സമയം മറ്റ് കുരുമുളക് ഉത്പാദക രാജ്യങ്ങളില്‍ നിന്ന് താഴ്ന്ന വിലക്ക് ഇപ്പോഴും ചരക്ക് ലഭ്യമാണ്.
ചുക്ക് വില 1000 രൂപ വര്‍ധിച്ചു. ആഭ്യന്തര, വിദേശ അന്വേഷണങ്ങളാണ് നിരക്ക് ഉയര്‍ത്തിയത്. കാര്‍ഷിക മേഖലയിലും ടെര്‍മിനല്‍ വിപണിയിലും സ്‌റ്റോക്ക് കുറവാണ്. അറബ് രാജ്യങ്ങളില്‍ നിന്ന് പുതിയ ആവശ്യക്കാര്‍ എത്തിയാല്‍ വിപണിയിലെ ചുടു നിലനില്‍ക്കും. മിഡിയം ചുക്ക് വില 22,500 ലും ബെസ്റ്റ് ചുക്ക് 23,500 രൂപയിലും വ്യാപാരം നടന്നു.
റബ്ബര്‍ സംഭരണത്തിനു കാലതാമസം നേരിടുമെന്ന മനസിലാക്കിയ ടയര്‍ ലോബി ഷീറ്റു വില വീണ്ടും ഇടിച്ചു. കമ്പനികളും ചെറുകിട വ്യവസായികളും വാരത്തിന്റെ തുടക്കത്തില്‍ നിരക്ക് ഉയര്‍ത്തി. എന്നാല്‍ രണ്ടാം പകുതിയില്‍ അവര്‍ രംഗത്ത് നിന്ന് അകന്നാണ് നിരക്ക് താഴ്ത്തിയത്. ടയര്‍ വ്യവസായികള്‍ ആര്‍ എസ് എസ് നാലാം ഗ്രേഡ് റബ്ബര്‍ വില 15,400 ല്‍ നിന്ന് 14,800ലേക്ക് ഇടിച്ചു. കൊച്ചിയില്‍ 800 ടണ്ണിന്റെ കൈമാറ്റം നടന്നു.
കേരളത്തില്‍ സ്വര്‍ണ വില പവനു 200 രൂപ ഉയര്‍ന്നു. ആഭരണ വിപണികളില്‍ പവന്‍ 22,60 രൂപയില്‍ നിന്ന് 22,800 രൂപയായി. ഒരു ഗ്രാമിന്റെ വില 2850 രൂപ.

Latest