പ്രകടനപത്രികയിലെ പൊള്ള വാഗ്ദാനങ്ങള്‍ക്ക് കൂച്ചുവിലങ്ങ്

Posted on: February 23, 2014 11:21 pm | Last updated: February 23, 2014 at 11:21 pm

voteeeeeeeeeeeന്യൂഡല്‍ഹി: പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ വിശദീകരണം നല്‍കണം. വാഗ്ദാനങ്ങള്‍ പുലര്‍ത്താനുള്ള സാമ്പത്തിക നിലയും വ്യക്തമാക്കണം. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെ മറികടക്കുന്നതും സ്ഥിതി കലുഷമാക്കുന്നതും വോട്ടര്‍മാരില്‍ മോശം സ്വാധീനം ഉളവാക്കുന്നതുമായ വാഗ്ദാനങ്ങള്‍ പുറപ്പെടുവിക്കരുതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പാലിക്കപ്പെടുമെന്ന് വോര്‍ട്ടമാര്‍ വിശ്വസിക്കാന്‍ പാകത്തിലുള്ള വാഗ്ദാനങ്ങള്‍ മാത്രമേ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താവൂ. ഭരണഘടനാ തത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും അരോചകമായതും പെരുമാറ്റച്ചട്ടങ്ങളെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നതുമാകണം പ്രകടന പത്രികയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു.
നിയമമനുസരിച്ച് തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങള്‍ അഴിമതിയാണെന്ന് വ്യാഖ്യാനിക്കാന്‍ പറ്റില്ലെങ്കിലും ഉപകരണങ്ങളും മറ്റും വിതരണം ചെയ്യുന്നത് ജനങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് കഴിഞ്ഞ ജൂലൈയിലെ സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പിന്റെ അടിവേര് ഇത് ഇളക്കുന്നതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.