Connect with us

National

എ എ പിയുടെ മുംബൈ ഓഫീസിന് നേരെ ആക്രമണം

Published

|

Last Updated

മുംബൈ: മുംബൈയില്‍ അന്ധേരി ഈസ്റ്റിലെ ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസിന് നേരെ ആക്രമണം. എന്‍ സി പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എ എ പി ആരോപിച്ചു. തങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി മുപ്പതോളം വരുന്ന എന്‍ സി പി പ്രവര്‍ത്തകര്‍ ഉച്ചക്ക് രണ്ടരയോടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ഇരച്ചുകയറുകയായിരുന്നുവെന്ന് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ട്രഷറര്‍ സുരേഷ് ആചാര്യ പറഞ്ഞു.
ബാനറുകളും പരസ്യങ്ങളും ബലമായി പിടിച്ചുകൊണ്ടുപോകുകയും പുറത്ത് വെച്ച് കത്തിക്കുകയും ചെയ്തിട്ടുണ്ട്. പാര്‍ട്ടി ഓഫീസിന്റെ മുന്നിലുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ കീറിക്കളഞ്ഞു. വലിയ ശബ്ദഘോഷത്തോടു കൂടിയാണ് സംഘം ഓഫീസ് വിട്ടത്. എന്നാല്‍ ഓഫീസിലെ മറ്റ് സാധനങ്ങള്‍ക്ക് നാശമോ ആരെയും കൈയേറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്ന് സുരേഷ് ആചാര്യ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ചില പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഓഫീസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍ സി പി നേതാവും സംസ്ഥാന ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പിലെ അഴിമതികള്‍ക്കുമെതിരെ രംഗത്ത് വന്നതാകണം പ്രകോപനത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
അതേസമയം, അന്ധേരി വെസ്റ്റിലെ എന്‍ സി പി ഓഫീസിന് മുന്നില്‍ ചൂല്‍ കൊണ്ട് തൂത്തുവാരിയാണ് ആക്രമണത്തിനെതിരെ എ എ പി പ്രര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇത്തരം അക്രമങ്ങള്‍ നടത്താന്‍ അവര്‍ക്ക് തോന്നിക്കരുതേയെന്ന പ്രാര്‍ഥന ചൊല്ലിയായിരുന്നു വൃത്തിയാക്കല്‍.