Connect with us

Articles

വര്‍ഗീയവിരുദ്ധ നിലപാടിലെ ഇരട്ട മുഖം

Published

|

Last Updated

ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ അബ്ദുന്നാസര്‍ മഅ്ദനിയില്‍ ആരോപിക്കപ്പെടുന്ന പങ്കാളിത്തം അഞ്ച് വര്‍ഷം മുമ്പ് വലിയ ചര്‍ച്ചാവിഷയമായിരുന്നു. അതുമൊരു ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍, എങ്ങനെയെങ്കിലുമൊരു ജയം ലാക്കാക്കി അബ്ദുന്നാസര്‍ മഅ്ദനിക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാന്‍ സി പി എം തീരുമാനിച്ചത് കൂടിയാണ് ബംഗളൂരു സ്‌ഫോടനക്കേസില്‍ സവിശേഷമായ ഊന്നല്‍ നല്‍കാന്‍ പലരെയും പ്രേരിപ്പിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട് ജയില്‍മോചിതനായ ശേഷം മഅ്ദനി നടത്തിയ യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍, ഓരോ സ്ഥലത്തും കണ്ടവരെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍, കൊച്ചിയിലെ വീട്ടില്‍ മഅ്ദനിയെ കാണാനെത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍, അങ്ങനെയെത്തിയവരില്‍ ചിലര്‍ സംസാരിച്ചത് അബദ്ധത്തില്‍ കേട്ടുവെന്ന് അവകാശപ്പെട്ടവരുടെ മൊഴിപ്പകര്‍പ്പുകള്‍ തുടങ്ങിയ വിഭവങ്ങള്‍ പത്രത്താളുകളിലും ടെലിവിഷന്‍ സ്‌ക്രീനുകളിലും നിറഞ്ഞുനിന്നു. ഭീകരരിലൊരാളായി നേരത്തെ തന്നെ ചിത്രീകരിക്കപ്പെട്ടിരുന്ന മഅ്ദനിക്ക് രാജ്യം കണ്ട കൊടുംഭീകരരിലൊരാളെന്ന സ്ഥാനക്കയറ്റം നല്‍കും വിധത്തിലുള്ള പ്രചാരണങ്ങള്‍. പത്രമാധ്യമങ്ങളില്‍ നിറഞ്ഞ വിവരങ്ങള്‍ തന്നെ തെളിവായി ചൂണ്ടിക്കാട്ടി കര്‍ണാടക പോലീസ് മഅ്ദനിയെ പിന്നീട് അറസ്റ്റ് ചെയ്ത് കൊണ്ടുപോയി. പൊന്നാനി മണ്ഡലം, പതിവുപോലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയെ വിജയിപ്പിച്ച് ഉള്‍പുളകം കൊണ്ട് നിന്നിരുന്നു അതിന് മുമ്പ് തന്നെ. മഅ്ദനിയുടെ സാന്നിധ്യമുണ്ടായില്ലെങ്കിലും ഇത്രയും വലിയൊരു തോല്‍വിയുണ്ടാകുമായിരുന്നുവെന്നും മഅ്ദനിയെ കൂടെക്കൂട്ടി രണ്ട് പേര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പിന്നീട് വിലയിരുത്തിയിട്ടുണ്ടാകണം. തുറന്നു പറഞ്ഞിട്ടുണ്ടാകില്ലെന്ന് മാത്രം.

അഞ്ച് വര്‍ഷം മുമ്പ് അബ്ദുന്നാസര്‍ മഅ്ദനിക്കെതിരെ കേരളത്തില്‍ നടന്ന പ്രചാരണങ്ങള്‍ക്ക് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഈ പ്രചാരണത്തെ ഏറ്റെടുത്ത ദേശീയ മാധ്യമങ്ങള്‍ക്ക്, പഴയൊരു ഭീകരവാദിയെ പുതിയൊരു പശ്ചാത്തലത്തില്‍ ലഭിച്ചതിന്റെ ആവേശവും. ലശ്കറെ ത്വയ്യിബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറെന്ന് ആരോപിക്കപ്പെടുന്ന തടിയന്റവിട നസീറുമായി ബന്ധമുണ്ടെന്നതിനാല്‍ ലശ്കറെ ത്വയ്യിബയുമായി മഅ്ദനിക്ക് ബന്ധമുണ്ടെന്ന് ഗണിതശാസ്ത്ര സിദ്ധാന്തപ്രകാരം അവര്‍ സ്ഥാപിച്ചു. ലശ്കറെ ത്വയ്യിബയുടെ രാജ്യത്തെ പ്രധാന അധോകേന്ദ്രങ്ങളിലൊന്നായി കേരളം മാറുകയാണെന്ന് വാദിക്കാന്‍ ഒരു വിഭാഗം ദേശീയ മാധ്യമങ്ങള്‍ക്കെങ്കിലും സാധിച്ചു. അതിന്റെ തുടര്‍ച്ചയെന്നോണം ഭീകരവാദികളുടെ കേന്ദ്രമായി കേരളം മാറുന്നതിലുള്ള ഉത്കണ്ഠ നരേന്ദ്ര മോദിയെപ്പോലുള്ളവര്‍ പ്രകടിപ്പിക്കുകയും ചെയ്തു.

ജനായത്തം ആവൃത്തികളിലൊന്ന് പൂര്‍ത്തിയാക്കി, അടുത്തവട്ടം മഷിപുരട്ടലിനൊരുങ്ങുമ്പോള്‍ പഴയ ചില വൃത്താന്തങ്ങളുടെ പുതിയ സ്ഥിരീകരണം പുറത്തുവന്നിട്ടുണ്ട്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്ന് കുറച്ചുകാലത്തേക്ക് നിരോധിക്കപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നിലവിലെ നേതൃത്വം, രാജ്യത്ത് പലേടത്തും സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നതാണ് ആരോപണം. ആര്‍ എസ് എസ് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ഇന്ദ്രേഷ് കുമാറിന്റെ പേര് ഇതുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിന്റെ പേരാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ് എന്നിവിടങ്ങളിലും സംഝോത എക്‌സ്പ്രസ്സിലുമുണ്ടായ സ്‌ഫോടനങ്ങളുള്‍പ്പെടെ അഞ്ച് ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഹിന്ദുത്വ ഭീകരവാദ ശൃംഖലക്കായിരുന്നുവെന്ന് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റസമ്മത മൊഴി നല്‍കിയിരുന്നു, നവകുമാര്‍ സര്‍ക്കാര്‍ എന്ന സ്വാമി അസിമാനന്ദ. ഒറ്റക്കിരുന്ന് ആലോചിച്ച് തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് അനുവദിച്ച 48 മണിക്കൂര്‍ സമയം അവസാനിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തപ്പെട്ടത് എങ്കിലും വിവരങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിറകെ അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയതിനാലാണ് കുറ്റസമ്മത മൊഴി നല്‍കിയത് എന്ന് അസിമാനന്ദ പിന്നീട് പറഞ്ഞു.

ആ മൊഴിയിലാണ് സ്‌ഫോടനാസൂത്രണങ്ങളില്‍ ഇന്ദ്രേഷ്‌കുമാറിനുണ്ടായിരുന്ന പങ്കിനെക്കുറിച്ച് അസിമാനന്ദ പറഞ്ഞത്. എന്നാല്‍, കേസന്വേഷിച്ച സി ബി ഐയോ പിന്നീട് അന്വേഷണമേറ്റെടുത്ത നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയോ (എന്‍ ഐ എ) ഇന്ദ്രേഷ് കുമാറിന് പങ്കുണ്ടോ എന്നത് അന്വേഷിച്ചില്ല. സ്‌ഫോടനങ്ങള്‍ നടത്താന്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് വിശാലമായി അന്വേഷിക്കാനും അന്വേഷണ ഏജന്‍സി തയ്യാറായില്ല. അസിമാനന്ദയുടെ കുറ്റസമ്മതമൊഴിയില്‍ പരാമര്‍ശിച്ച സ്‌ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതി പിന്നീടുണ്ടായതായും അറിയില്ല. സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതൊഴിച്ചാല്‍. കേസില്‍ ഉള്‍പ്പെടുകയും ഒളിവില്‍ കഴിയുന്നതായി അന്വേഷണ ഏജന്‍സി പറയുകയും ചെയ്യുന്നവരുടെ വിവരങ്ങള്‍ (ചിത്രങ്ങളടക്കം) പുറത്തുവിട്ടുവെങ്കിലും ഇവരെ പിടികൂടാന്‍ സാധിച്ചില്ല. അസിമാനന്ദ കുറ്റസമ്മത മൊഴി നല്‍കുന്നത് 2010 ഡിസംബറിലാണ്. മൂന്ന് വര്‍ഷം പിന്നിട്ടിട്ടും അതിന്‍മേല്‍ കാര്യമായ നടപടികളുണ്ടാകാതിരുന്നതിന്റെ കാരണം അജ്ഞാതമാണ്.

ഇക്കാലത്തിനിടെ നാല് തവണയായി അസിമാനന്ദയെ കണ്ട് സംസാരിച്ചതിന്റെ വിവരങ്ങളാണ് കാരവന്‍ മാസികയുടെ ലേഖിക പുറത്തുവിട്ടത്. രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതിക്ക് ഇന്ദ്രേഷ് കുമാറിന്റെ മാത്രമല്ല മോഹന്‍ ഭഗവതിന്റെ കൂടി അനുഗ്രഹാശിസ്സുകളുണ്ടായിരുന്നുവെന്ന് സംഭാഷണത്തില്‍ അസിമാനന്ദ പറയുന്നു. ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി ചെയ്യുന്ന മഹത്തായ കാര്യമാണെന്നാണ് മോഹന്‍ ഭഗവത് പറഞ്ഞതെന്നും അസിമാനന്ദ പറയുന്നുണ്ട്. ഈ വിവരം പുറത്തുവന്നപ്പോള്‍, അഞ്ച് വര്‍ഷം മുമ്പ് അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ കാണിച്ച ജാഗ്രതയോ ആവേശമോ രാജ്യത്ത് ആര്‍ക്കെങ്കിലുമുണ്ടായോ? സംശയമാണ്. ആവേശമില്ലായ്മ എന്തുകൊണ്ടായിരിക്കും? ഭൂരിപക്ഷവര്‍ഗീയത, അതിന്റെ സര്‍വ തീവ്രതയോടും പ്രയോഗക്ഷമമാകണമെന്ന് ആഗ്രഹിക്കുന്ന ആര്‍ എസ് എസ്സിന്റെ മേധാവി സ്‌ഫോടനങ്ങളുടെ ആസുത്രണത്തില്‍ പങ്കാളിയായെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ടായിട്ടുണ്ടാകുമോ? അതോ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടത്താനുള്ള പദ്ധതിക്ക് ആര്‍ എസ് എസ് മേധാവി അനുഗ്രഹാശിസ്സുകള്‍ നല്‍കിയിട്ടുണ്ടെങ്കില്‍ അതു നന്നായെന്ന് കരുതിയിട്ടുണ്ടാകുമോ? ദൗര്‍ഭാഗ്യവശാല്‍, ദേശീയ പൊതുബോധം രണ്ടാമത്തെ ചോദ്യത്തിന് അനുകൂല ഉത്തരം നല്‍കിയാണ് നില്‍ക്കുന്നത് എന്ന് സംശയിക്കേണ്ടിവരും.

വര്‍ഗീയതയെ എതിര്‍ക്കുകയും രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവവും സാംസ്‌കാരിക ബഹുസ്വരതയും നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് പത്ത് വര്‍ഷമായി രാജ്യം ഭരിക്കുന്നത്. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ടുതന്നെ. എന്നിട്ടും കുറ്റസമ്മതമൊഴിയില്‍ പറയുകയും അസിമാനന്ദ അഭിമുഖത്തില്‍ ആവര്‍ത്തിക്കുകയും ചെയ്ത വലിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതിരുന്നത് എന്തുകൊണ്ടായിരിക്കും? ഇത്തരമൊരു അന്വേഷണം നടക്കുകയും ആരോപണങ്ങള്‍ ശരിയെന്ന് തെളിയുകയും ചെയ്താല്‍ അത് രാഷ്ട്രീയമായി ഗുണം ചെയ്യുക തങ്ങള്‍ക്കാണെന്ന് ഉറപ്പുണ്ടായിട്ടും കോണ്‍ഗ്രസ് നേതാക്കള്‍ അതിന് മെനക്കെട്ടില്ല. ദേശീയ പൊതുബോധം അനുകൂല ഉത്തരം നല്‍കിയ രണ്ടാമത്തെ ചോദ്യത്തിനൊപ്പം നില്‍ക്കുകയോ അത്തരത്തിലാണ് വികാരമെന്ന് മനസ്സിലാക്കി, എതിര്‍ക്കുന്നത് ഭൂരിപക്ഷ വോട്ടുകളെ പ്രതികൂലമാക്കുമെന്ന് തിരിച്ചറിയുകയോ ചെയ്യുന്നുണ്ടാകണം കോണ്‍ഗ്രസ് പാര്‍ട്ടി.

സ്‌ഫോടനങ്ങളുടെ ആസൂത്രണത്തില്‍ ആര്‍ എസ് എസ് നേതൃത്വം പങ്കാളിയായെന്ന ആരോപണമുയര്‍ന്നതോടെ ഈ സംഘടനയെ നിരോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ആര്‍ എസ് എസ്സിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ പോലും ചിദംബരത്തിന്റെയും സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെയും നേതൃത്വത്തിലുണ്ടായിരുന്ന ആഭ്യന്തരമന്ത്രാലയം തയ്യാറായില്ല. ഇത്തരം സ്‌ഫോടനങ്ങളെ രാജ്യത്തിനെതിരായ യുദ്ധമായാണ് സാധാരണ വിവക്ഷിക്കാറ്. അത്തരം യുദ്ധങ്ങള്‍ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് പല സംഘടനകളെയും ഭീകരവാദ സംഘടനകളുടെ പട്ടികയില്‍പ്പെടുത്തി നിരോധിച്ചിരിക്കുന്നത്. അതില്‍ കണ്ണിചേര്‍ക്കാന്‍ പാകത്തിലേക്ക് വളര്‍ന്നിട്ടുണ്ട് ഈ സംഘടനയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുമ്പോഴും നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയവും അതിന്റെ നിയന്ത്രണം കൈയാളുന്ന കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകുന്നില്ലെങ്കില്‍ ദേശീയ പൊതുബോധത്തെ ഭയക്കുന്ന അവസ്ഥയിലേക്ക് അവരെത്തിയെന്ന് മാത്രമേ അര്‍ഥമാക്കാനാകൂ. ഭീകരാക്രമണങ്ങളില്‍ ആര്‍ എസ് എസ്സിന്റെയും ബി ജെ പിയുടെയും നേതൃത്വത്തിന് പങ്കുണ്ടെന്ന് ആഭ്യന്തര മന്ത്രി പദം ഏറ്റെടുത്തയുടന്‍ സുശീല്‍ കുമാര്‍ ഷിന്‍ഡെ പരസ്യമായി പറഞ്ഞതും വിമര്‍ശമുയര്‍ന്നപ്പോള്‍ ഖേദപ്രകടനം നടത്തിയതും ഓര്‍ക്കുക.

അതുമല്ലെങ്കില്‍, വരാനിരിക്കുന്നത് ആര്‍ എസ് എസ്സിന്റെ രാഷ്ട്രീയരൂപമായ ബി ജെ പിയുടെ നേതൃത്വത്തിലുള്ള ഭരണമാണെന്ന് കരുതുന്ന ഉദ്യോഗസ്ഥവൃന്ദത്തിലെ വിഭാഗം അന്വേഷണവുമായി മുന്നോട്ടുപോകാന്‍ തയ്യാറാകുന്നുണ്ടാകില്ല. പരമാധികാരിയാകാന്‍ പോകുന്നത് നരേന്ദ്ര മോദിയാണെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിലോ (അത്തരക്കാര്‍ വിവിധ തലങ്ങളിലുണ്ടെന്നതില്‍ തര്‍ക്കം വേണ്ട) അവരൊരിക്കലും അന്വേഷണം മുന്നോട്ടുപോകുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് കരുതാനാകില്ല. അതുകൊണ്ടു കൂടിയാകണം മൂന്ന് വര്‍ഷം മുമ്പ് അസിമാനന്ദ വെളിപ്പെടുത്തിയ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണമുണ്ടാകാതിരുന്നത്. ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണമെന്ന ആവശ്യം പോലും ഉയരാതിരിക്കുന്നതും.
“ഒരുകാലില്ലാത്ത, നിത്യരോഗി ജാമ്യം ലഭിച്ച് പുറത്തുവന്നാല്‍ ഉണ്ടാകാനിടയുള്ള കൊടിയ അപകടങ്ങളെ”ക്കുറിച്ച് നമ്മുടെ അന്വേഷണ ഏജന്‍സികള്‍ അപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. അത് ഭരണകൂടങ്ങള്‍ (കോണ്‍ഗ്രസ്, ബി ജെ പി ഭേദമില്ലാതെ) ആവര്‍ത്തിച്ചുകൊണ്ടുമിരിക്കും. ജയിലിന് പുറത്ത് എവിടെയിരുന്നാലും അപകടകാരിയാകാന്‍ ഇടയുണ്ടിയാളെന്ന് നമ്മുടെ നീതിപീഠം വിലയിരുത്തുകയും ചെയ്യും.

sankaranrajeev@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്