ഡല്‍ഹിയിലെ രാഷ്ട്രപതി ഭരണത്തിനെതിരെ എ എ പി സുപ്രീം കോടതിയില്‍

Posted on: February 20, 2014 11:06 pm | Last updated: February 20, 2014 at 11:06 pm

am admiന്യൂഡല്‍ഹി: ലെഫ്. ഗവര്‍ണര്‍ നജീബ് ജംഗിന്റെ ശിപാര്‍ശ പ്രകാരം ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. അഴിമതയാരോപണങ്ങളില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെയും കോണ്‍ഗ്രസ് നേതാക്കളെയും സംരക്ഷിക്കാനാണ് ഇതെന്ന് എ എ പി ആരോപിച്ചു.
അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം രജിസ്റ്റര്‍ ചെയ്ത അഴിമതി കേസുകളിലെ അന്വേഷണം ഇല്ലാതാക്കാനാണ് കഴിഞ്ഞ 16ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഉത്തരവെന്ന് പാര്‍ട്ടി ആരോപിച്ചു. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാത്തതിന് പിന്നില്‍ കേന്ദ്രമന്ത്രിമാര്‍ വരെ ഉള്‍പ്പെട്ട ഉന്നത നേതാക്കള്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ്. രാഷ്ട്രപതി ഭരണം വഴി കേന്ദ്രത്തിലെ സര്‍ക്കാര്‍ തന്നെയാണ് ഡല്‍ഹിയിലെയും കാര്യങ്ങള്‍ നിയന്ത്രിക്കുക.
അതുകൊണ്ട് തന്നെ ഇത് ഏകപക്ഷീയമാണെന്ന് മാത്രമല്ല, നിയമവിരുദ്ധവും ഡല്‍ഹിക്കാരുടെ ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന സൗരഭ് ഭരദ്വാജ് ആണ് പത്ര റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സംയുക്ത ഹരജി സമര്‍പ്പിച്ചത്. നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന ഭൂരിപക്ഷ സര്‍ക്കാറിന്റെ ശിപാര്‍ശ കാറ്റില്‍പറത്തിയതിലൂടെ ഡല്‍ഹിക്കാരുടെ ജനാധിപത്യ അവകാശത്തെ ഹനിച്ചിരിക്കുകയാണെന്നും ഹരജിയില്‍ പറയുന്നു. കഴിഞ്ഞയാഴ്ചയാണ് കെജ്‌രിവാള്‍ മന്ത്രിസഭ രാജിവെച്ചത്.