തുല്യാവസര കമ്മീഷന്‍ യാഥാര്‍ഥ്യമാകുന്നു

Posted on: February 20, 2014 11:02 pm | Last updated: February 20, 2014 at 11:02 pm

discriminationന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി തുല്യാവസര കമ്മീഷന്‍ (ഇ ഒ സി) നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ നേരിടുന്ന വിവേചനം പരിശോധിക്കാനുള്ള സമിതിയായ തുല്യാവസര കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിന് ഏറെ പഴക്കമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുമ്പില്‍ കണ്ടാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.
മുസ്‌ലിംകളുടെ സാമൂഹിക- സാമ്പത്തിക പിന്നാക്കാവസ്ഥയെ സംബന്ധിച്ച് പഠിക്കാന്‍ നിയമിതമായ ജസ്റ്റിസ് സച്ചാര്‍ കമ്മിറ്റി, ഇത്തരമൊരു കമ്മിറ്റി രൂപവത്കരിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ഇതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. മതകീയ കാരണങ്ങളാല്‍ ഹൗസിംഗ് സൊസൈറ്റികളില്‍ താമസവും, വാങ്ങലും നിഷേധിക്കപ്പെടുക തുടങ്ങിയ പരാതികളും കമ്മീഷന്‍ കൈകാര്യം ചെയ്യും.
തുല്യാവസര കമ്മീഷന്‍ സംവിധാനിക്കാന്‍ ഒന്നാം യു പി എ ശിപാര്‍ശ ചെയ്തിരുന്നു. രണ്ടാം യു പി എ അധികാരമേറ്റയുടനെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി വിശാല കമ്മിറ്റി സംവിധാനിക്കാനുള്ള നടപടികള്‍ ന്യൂനപക്ഷ മന്ത്രാലയം ആരംഭിച്ചിരുന്നു. തുല്യാവസര കമ്മീഷന്‍ തങ്ങളുടെ അധികാരങ്ങളിലും കൈകടത്തുമെന്ന് മറ്റ് ദേശീയ കമ്മീഷനുകളും മന്ത്രാലയങ്ങളും പരാതിപ്പെട്ടതിനെ തുടര്‍ന്ന്, ഇതിന്റെ അധികാര മേഖലകള്‍ പരിശോധിക്കുന്നതിന് വേണ്ടി പ്രതിരോധ മന്ത്രി എ കെ ആന്റണി അധ്യക്ഷനായ ജംബോ മന്ത്രിതല സമിതിയെ നിയോഗിച്ചിരുന്നു. തുടര്‍ന്ന്, തുല്യാവസര കമ്മീഷന്‍ ന്യൂനപക്ഷങ്ങളുടെ മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ മതിയെന്ന തീരുമാനം മന്ത്രിതല സമിതി കൈക്കൊള്ളുകയായിരുന്നു.
മതകീയ കാരണങ്ങളാല്‍ ന്യൂനപക്ഷങ്ങളുടെ പരാതികളില്‍ തീര്‍പ്പുണ്ടാകാത്ത സ്ഥിതി ഒഴിവാക്കുകയെന്നതാണ് തുല്യാവസര കമ്മീഷന്റെ പ്രധാന ഉത്തരവാദിത്വം.സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂനപക്ഷ സമുദായങ്ങളുടെ കൂടുതല്‍ പ്രാതിനിധ്യം ഉണ്ടാകാന്‍ ശിപാര്‍ശകളെ ഏകോപിപ്പിക്കേണ്ട ചുമതലയും തുല്യാവസര കമ്മീഷനുണ്ട്. വിദ്യാഭ്യാസ, സര്‍ക്കാര്‍ ജോലി മേഖലകളില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പരിതാപകരാവസ്ഥ സച്ചാര്‍ കമ്മീഷന്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനസംഖ്യയില്‍ 18.5 ശതമാനമുണ്ടെങ്കിലും ഉദ്യോഗസ്ഥതലത്തില്‍ വെറും രണ്ടര ശതമാനമാണ് മുസ്‌ലിംകളുടെ പ്രാതിനിധ്യമെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു.