തെലുങ്കാന ബില്‍ രാജ്യസഭയില്‍ പാസായി; ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം

Posted on: February 20, 2014 8:20 pm | Last updated: February 21, 2014 at 2:00 pm

thelunkanaന്യൂഡല്‍ഹി: തെലുങ്കാന സംസ്ഥാന രൂപീകരണ ബില്‍ രാജ്യസഭയില്‍ പാസായി. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ അവതരിപ്പിച്ച ബില്‍ ശബ്ദ വോട്ടോടെയാണ് സഭ പാസാക്കിയത്. ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ സംസ്ഥാന രൂപീകരണം യാഥാര്‍ത്ഥ്യമാവും. ബി ജെ പി അവതരിപ്പിച്ച ഭേദഗതികള്‍ കൂടാതെയാണ് ബില്‍ പാസാക്കിയത്.

ഇന്നലെയും ഇന്നുമായി ശ്ക്തമായി വാക്കേറ്റവും കയ്യാങ്കളിയുമാണ് രാജ്യസഭയിലുണ്ടായത്. ഇന്ന് എം പിമാര്‍ പ്രധാനമന്ത്രിയുടെ മുഖത്തേക്ക് ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. തൃണമൂല്‍ എം പിമാരാണ് പ്രധാനമന്ത്രിയുടെ മുഖത്തേക്ക് ബില്‍ വലിച്ചുകീറിയെറിഞ്ഞത്. സീമാന്ധ്രമേഖലക്ക് അഞ്ചുവര്‍ഷത്തേക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ ഉറപ്പ് നല്‍കി.

കേന്ദ്ര ടൂറിസം മന്ത്രി ചിരഞ്ജീവി പ്രസംഗിക്കുന്നതിനിടെയും ബഹളം ഉണ്ടായി. തെലുങ്കാന വിഷയം ചില കക്ഷികള്‍ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നുവെന്ന പരാമര്‍ശമാണ് അംഗങ്ങളെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലിനെ മന്ത്രി തന്നെ എതിര്‍ക്കുന്നതിന്റെ പേരില്‍ ബി ജെ പി നേതാക്കളായ അരുണ്‍ ജയ്റ്റ്‌ലിയും വെങ്കയ്യ നായിഡുവും എതിര്‍ത്തു.