Gulf
കാര്‍ രഹിത ദിനത്തിന് ഉജ്വല വിജയം
ദുബൈ: കാര്‍ രഹിത ദിനവുമായി 40 സര്‍ക്കാര്‍ സ്ഥാപനങ്ങളും 25 സ്വകാര്യ സ്ഥാപനങ്ങളും സഹകരിച്ചതായി ദുബൈ നഗര സഭാ ഡയറക്ടര്‍ ജനറല്‍ എഞ്ചിനിയര്‍ ഹുസൈന്‍ നാസല്‍ ലൂത്ത അറിയിച്ചു.
വന്‍ പ്രതികരണമാണ് പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിച്ചത്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ സഹകരിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലുമടങ്ങ് ആളുകള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തിരുന്നു. 4,000 പേരുടെ പങ്കാളിത്തം ഓണ്‍ലൈന്‍ വഴി ഉറപ്പിച്ചു. ഇതിനു പുറമെ ആയിരക്കണക്കിന് ജീവനക്കാര്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഇതില്‍ കൂടുതല്‍ പങ്കാളിത്തം ലഭ്യമാകും.
പരിസ്ഥിതി മലിനീകരണം പരമാവധി കുറയ്ക്കുകയാണ് കാര്‍ രഹിത ദിനത്തിന്റെ ലക്ഷ്യം. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കാനുള്ള പ്രചോദനവുമാണിത്. ഒറ്റ ദിവസം ഒമ്പതിനായിരത്തോളം വാഹനങ്ങള്‍ നിരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ചെറിയ കാര്യമല്ല. 205 ടണ്‍ കാര്‍ബണ്‍ പുറന്തള്ളല്‍ ഒഴിവാകുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവനയാണ് ഇത് അര്‍പ്പിക്കുന്നത്. ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു. ഹുസൈന്‍ നാസര്‍ ലൂത്ത രാവിലെ 7.30ന് ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്ന് യൂണിയനിലേക്ക് ട്രെയിനില്‍ എത്തി. വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖാത്തമി, പരിസ്ഥിതി-ജല വിഭവ മന്ത്രി റാശിദ് ബിന്‍ ഫഹദ്, പോലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വരും വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വലിയ പങ്കാളിത്തം ഉണ്ടാകുമെന്ന് മന്ത്രി ഹുമൈദ് അല്‍ ഖാത്തമി പറഞ്ഞു.


