നിര്‍മാണ യൂനിറ്റ് മന്ത്രി കുഞ്ഞാലിക്കുട്ടി നാളെ ഉദ്ഘാടനം ചെയ്യും

Posted on: February 20, 2014 12:27 am | Last updated: February 20, 2014 at 12:27 am

കല്‍പ്പറ്റ: പടിഞ്ഞാറത്തറ പഞ്ചായത്ത് കുടുംബശ്രീയില്‍ ഉള്‍പ്പെട്ട വനിതകള്‍ക്കായി ആരംഭിക്കുന്ന വനിതാ ചെറുകിട വ്യവസായ സംരംഭമായ മാറ്റ് നിര്‍മ്മാണയൂണിറ്റിന്റെ ഉദ്ഘാടനം നാളെ ഉച്ചക്ക് ശേഷം 2.30ന് ഐ.ടി.-വ്യവസായ വകുപ്പു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശക.ബി. നസീമ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മാറ്റുനിര്‍മ്മാണ യൂണിറ്റുവഴി പഞ്ചായത്തിശല 120 കുടുംബങ്ങളിലെ വനിതകള്‍ക്ക് സ്വയംതൊഴിലിലൂടെ വരുമാനം ഉറപ്പുവരുത്താന്‍ കഴിയും. ഭാരത് സേവക് സമാജ് എന്ന സംഘടനയുമായി കുടുംബശ്രീ സംസ്ഥാന മിഷന്‍ നടത്തിയ ധാരണയുടെ ഭാഗമായി പഞ്ചായത്ത് അവരുമായി ഉടമ്പടി വെച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഭാരത് സേവക് സമാജ് നല്‍കും. ഉത്പന്നങ്ങളുടെ വിപണനവും ഇവര്‍തന്നെ ഉറപ്പുവരുത്തും. 10 അംഗങ്ങളടങ്ങുന്ന 12 ഗ്രൂപ്പുകളായാണ് യൂണിറ്റ് പ്രവര്‍ത്തിക്കുക. ഓരോ അംഗത്തിനും 300 രൂപാ ദിവസവരുമാനം ഉറപ്പുവരുത്താന്‍ പദ്ധയിലൂടെ കഴിയുമെന്നും ഇവര്‍ പറഞ്ഞു. ഒരു ഗ്രൂപ്പിന് ഒരു ലക്ഷം രൂപാ വീതം സബ്‌സിഡിയും, ബാങ്ക് വായ്പയും ഉള്‍പ്പെടുത്തിയാണ് പദ്ധതി. എസ്.സി., എസ്.ടി. ഗ്രൂപ്പുകള്‍ക്ക് രണ്ടു ലക്ഷം സബ്‌സിഡിയും അടക്കം അര കോടി രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. ഗുണഭോക്താക്കളെ ഗ്രാമസഭകള്‍ വഴി കണ്ടെത്തി ആവശ്യമായ പരിശീലനം കുടുംബശ്രീ വഴി നല്‍കിയതായും, 20 എസ്.സി. വനിതകളെയും, 20 എസ്.ടി. വനിതകളെയും ഉള്‍പ്പെടുത്തി പിന്നോക്കവിഭാഗത്തിന്റെ പ്രധിനിത്യം ഉറപ്പുവരുത്താന്‍ കഴിഞ്ഞതായും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അനില്‍കുമാര്‍, പി.പി.എ. കരിം, എം. മുഹമ്മദ് ബഷീര്‍, കെ.എല്‍. പൗലോസ്, തുടങ്ങിയവര്‍ സംബന്ധിക്കും. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.എം. ശാന്തകുമാരി, എം.പി. ഷഗസുദ്ദീന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി.പി. മുഹമ്മദ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ഗീതാ വിജയന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.