Connect with us

International

പ്രക്ഷോഭം: വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് കീഴടങ്ങി

Published

|

Last Updated

കാരക്കസ്: രാജ്യത്ത് അക്രമാസക്തമായ പ്രക്ഷോഭത്തിനും കലാപത്തിനും ആഹ്വാനം ചെയ്ത കേസില്‍ കുറ്റാരോപിതനായ വെനിസ്വേലന്‍ പ്രതിപക്ഷ നേതാവ് ലിയോപോല്‍ഡോ ലോപെസ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങി. ആയിരങ്ങളടങ്ങിയ അനുയായികളോട് പ്രഭാഷണം നടത്തിയ ശേഷമാണ് നാടകീയമായ കീഴടങ്ങല്‍. അനീതി നിറഞ്ഞ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ ഉണര്‍ത്താന്‍ തന്റെ അറസ്റ്റിന് കഴിയുമെന്ന വ്യാഖ്യാനത്തോടെയാണ് അദ്ദേഹത്തിന്റെ കീഴടങ്ങല്‍.
നാല് പേരുടെ മരണത്തിനിടയാക്കിയ അക്രമാസക്ത പ്രക്ഷോഭത്തിന് വിദ്യാര്‍ഥികളെ തെരുവിലിറക്കിയതിന്റെ പേരിലാണ് ലോപെസിനെതിരെ പോലീസ് കേസെടുത്തത്. തെരുവ് പ്രതിഷേധത്തിനിടെ അക്രമങ്ങളെ പ്രചോദിപ്പിച്ചുവെന്ന് കുറ്റം ലോപെസിന് മേല്‍ ചുമത്തിയിട്ടുണ്ട്.
ലോപെസിനെ നീതിക്ക് മുമ്പില്‍ കൊണ്ടുവരുമെന്ന് പ്രസിഡന്റ് നിക്കോളസ് മദുറോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ കീഴടങ്ങലുണ്ടായത് എന്നതും ശ്രദ്ധേയമാണ്. ലോപെസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ച നടന്ന പ്രക്ഷോഭം കലാപമായി മാറുകയും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ പ്രതിപക്ഷ പാര്‍ട്ടിക്കാരായിരുന്നു. ഞാന്‍ തെറ്റുചെയ്തിട്ടില്ലെന്നും എന്നാല്‍ നീതിന്യായ സംവിധാനത്തിലെ അനീതി അവസാനിപ്പിച്ച് ജനാധിപത്യം സ്ഥാപിക്കാനാണ് താന്‍ അറസ്റ്റിന് കീഴടങ്ങിയതെന്നും ലാപെസ് പറഞ്ഞു. വെനിസ്വേലയില്‍ പുതിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തെ എതിര്‍ത്ത് ആയിരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രക്ഷോഭകരെ വിട്ടയച്ചിട്ടും നിരവധി വിദ്യാര്‍ഥികള്‍ കൂറ്റന്‍ പ്രകടനവുമായി രംഗത്തെത്തുകയായിരുന്നു.
എണ്ണയാല്‍ രാജ്യം സമ്പന്നമാണെങ്കിലും ജനങ്ങള്‍ ദരിദ്രരായി ജീവിക്കുകയാണെന്നും പണപ്പെരുപ്പവും അഴിമതിയും വര്‍ധിക്കുകയാണെന്നും ആരോപിച്ചാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍, രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷിക്കാന്‍ വേണ്ടി ആരംഭിച്ച പ്രക്ഷോഭത്തെ എന്ത് വിലകൊടുത്തും നേരിടാനാണ് സര്‍ക്കാറിന്റെ തീരുമാനം.

Latest