പഞ്ചായത്തുകളില്‍ ആരംഭിച്ച ഹരിജന്‍ സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം നിലച്ചു

Posted on: February 19, 2014 8:27 am | Last updated: February 19, 2014 at 8:27 am

വടക്കഞ്ചേരി: ഹരിജന ക്ഷേമത്തിനായി രണ്ട് പതിറ്റാണ്ട്മുമ്പ് പഞ്ചായത്തുകളില്‍ ആരംഭിച്ച പട്ടികജാതി സഹകരണസംഘങ്ങള്‍ നോക്കിനടത്താന്‍ ആളില്ലാതെ പ്രവര്‍ത്തനം നിലക്കുന്നു.
ജില്ലയില്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും ഇത്തരം സംഘങ്ങള്‍ ആരംഭിച്ചെങ്കിലും എട്ടോളം പഞ്ചായത്തുകളില്‍ മാത്രമേ സംഘം നാമമാത്രമായെങ്കിലും പ്രവര്‍ത്തിച്ചുള്ളൂ. മറ്റു പഞ്ചായത്തുകളിലെല്ലാം ഓഫീസുകള്‍ തകര്‍ന്നടിഞ്ഞ് കോടികളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. കുറഞ്ഞ ശമ്പളത്തില്‍ സംഘം ഓഫീസുകളില്‍ ജോലിചെയ്തിരുന്ന സെക്രട്ടറിമാരും ഇപ്പോഴില്ല. സ്വന്തമായി കെട്ടിടവും മതിയായ സ്ഥലവും ഉള്ള സംഘങ്ങളും പിടിപ്പുകേടുമൂലം നാമാവശേഷമായി. സംഘങ്ങള്‍ക്കുള്ള ഫണ്ട് നിലച്ചതോടെ ഭരണസമിതി യോഗങ്ങളും ഇല്ലാതായി.
വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് ഇത്തരം പല സംഘങ്ങളിലും നടന്നതെന്നും ആക്ഷേപമുണ്ട.്
രണ്ട് പതിറ്റാണ്ട് മുമ്പാണ് ഹരിജനക്ഷേമത്തിനും വികസനത്തിനുമായി ലക്ഷങ്ങള്‍ ചെലവഴിച്ച് സംഘങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ സംഘങ്ങളെല്ലാം നല്ലനിലയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഫണ്ട് ഒഴുകിയതോടെ ക്രമക്കേടുകളും അഴിമതിയും സംഘത്തിന്റെ നിലനില്‍പ്പ്തന്നെ അപകടത്തിലാക്കി. താഴെ തട്ടിലുള്ളവര്‍ക്ക് തൊഴില്‍ കണ്ടെത്തി വരുമാനം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിനായി കരിങ്കല്‍ ക്വാറികളുടെ നടത്തിപ്പ്, പാട്ടത്തിനു സ്ഥലമെടുത്ത് കപ്പകൃഷി, ഇഷ്ടിക നിര്‍മാണം തുടങ്ങിയവയായിരുന്നു സംഘങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.
കൃഷിവകുപ്പില്‍നിന്നും ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാധനസാമഗ്രികളും സംഘത്തിന്റെ വളര്‍ച്ചക്കായി നല്‍കിയിരുന്നു. എന്നാല്‍ ട്രാക്ടറുകളെല്ലാം ഇപ്പോള്‍ തുരുമ്പിച്ച് നശിച്ചു. ഊരിയെടുക്കാവുന്ന ഭാഗങ്ങളെല്ലാം പലരും മോഷ്ടിച്ചു.സംഘം കെട്ടിടങ്ങളുടെ സ്ഥിതിയും മറിച്ചല്ല. ഇളക്കിയെടുക്കാവുന്ന ജനാലകളും വാതിലുമെല്ലാം നഷ്ടപ്പെട്ടു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ പുന്നപ്പാടത്തുള്ള സംഘം കെട്ടിടം കാടുപിടിച്ച് കാണാത്ത സ്ഥിതിയാണ്. ഇവിടെ കെട്ടിടത്തിന് പിറകില്‍ സൂക്ഷിച്ചിരുന്ന ട്രാക്ടറിന്റെ ഏതാനും കമ്പികള്‍ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ. 1986ലാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്.