ടെക്‌ഫെസ്റ്റ് ശാസ്ത്രസാങ്കേതികമേള 20 മുതല്‍ മാനന്തവാടിയില്‍

Posted on: February 19, 2014 8:07 am | Last updated: February 19, 2014 at 8:07 am

കല്‍പ്പറ്റ: സംസ്ഥാന സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, സാങ്കേതിക വിദ്യാഭ്യാസവകുപ്പ്, സെന്റര്‍ഫോര്‍ എന്‍ജിനീയറിംഗ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ്, ഗവ. എന്‍ജിനീയറിംഗ് കോളജ് മാനന്തവാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 20 മുതല്‍ 22 വരെ മാനന്തവാടി ഗവ. എന്‍ജിനീയറിംഗ് കോളജില്‍ വെച്ച് ടെക്‌ഫെസ്റ്റ്-2014 ശാസ്ത്രസാങ്കേതികമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ടെക്‌ഫെസ്റ്റിന്റെ ഭാഗമായി ശാസ്ത്രസാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ഐ എസ് ആര്‍ ഒ, സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്‌നോളജിക്കല്‍ മ്യൂസിയം, എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കെ എസ് ഇ ബി, എന്‍ ആര്‍ എച്ച് എം, അനേര്‍ട്ട്, ബി എസ് എന്‍ എല്‍, ഉറവ് എന്നിവയുടെ സ്റ്റാളുകളും കേരളത്തിലെ നൂറോളം എന്‍ജീനിയറിംഗ്-പോളി ടെക്‌നിക് കോളജുകളിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന നൂതന എന്‍ജിനീയറിംഗ് ഉല്പന്നങ്ങളുടെ മത്സരവും പ്രദര്‍ശനവും, ടെക്‌നിക്കല്‍ ക്വിസ് മത്സരവും നടക്കും. 21ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ മന്ത്രി പി കെ ജയലക്ഷ്മി, പ്രഫ. വി എന്‍ രാജശേഖരന്‍ പിള്ള, ഡോ. കെ കെ രാമചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. 22ന് നടക്കുന്ന സമാപനച്ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും.ചടങ്ങില്‍ പ്രീ ഇന്‍ക്യുബേന്‍ സെന്ററിന്റെ എം ഒ യു അദ്ദേഹം സംരഭകര്‍ക്ക് കൈമാറും.
അന്നേദിവസം മികച്ച സംരഭകനെ തിരഞ്ഞെടുക്കുന്നതിനുള്ള മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന മൂന്ന് ദിവസവും വൈകുന്നേരം ആറ് മുതല്‍ 10 വരെ പൊതുജനങ്ങള്‍ക്കായി സൗജന്യ വാനനിരീക്ഷണത്തിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 20, 21 തിയ്യതികളായി കോളജില്‍ വെച്ച് നാഷണല്‍ ടെക്‌നോളജിക്കല്‍ കോണ്‍ഗ്രസും നടക്കും. 20ന് എം ചന്ദ്രദത്തന്‍ ഉദ്ഘാടനം ചെയ്യും. സുസ്ഥിരവികസനത്തിന്റെ നൂതനാശയങ്ങള്‍ എന്ന വിഷയത്തില്‍ വിദഗ്ധര്‍ ക്ലാസെടുക്കും.
അഡ്വാന്‍സ്ഡ് കംപ്യൂട്ടേഷന്‍, ആര്‍ക്കിടെക്ച്ചര്‍, സിവില്‍ എന്‍ജിനീയറിംഗ്, ഇലക്ട്രിക്കല്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, കെമിക്കല്‍ എന്‍ജീനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് എന്നീ എന്‍ജിനീയര്‍ ശാഖകളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട 160-ഓളം പ്രബന്ധങ്ങള്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കും. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ കൃഷിരീതികള്‍, സോളാര്‍ എന്‍ര്‍ജി, നൂതന മാലിന്യനിര്‍മ്മാര്‍ജ്ജന മാര്‍ഗ്ഗങ്ങള്‍ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ശില്പശാലകളും ഗവേഷക ബിരുദ ബിരുദാന്തര വിദ്യാര്‍ത്ഥികള്‍ക്കായി പ്രമുഖ ശാസ്ത്രജ്ഞരുമായി സംവാദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യ സമൂഹത്തിലെ എല്ലാതലത്തിലേക്കും എത്തിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നത്. പത്രസമ്മേളനത്തില്‍ എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബി അനില്‍, ഡോ. താജുദ്ദീന്‍ അഹമ്മദ് വി ഐ, ഡോ. മോഹന്‍ദാസ് വി പി, ജ്യോതി ടി, വരുണ്‍ പി ഗോപി എന്നിവര്‍ പങ്കെടുത്തു.