യു എസ് നയതന്ത്ര പ്രതിനിധികളെ വെനിസ്വേല പുറത്താക്കി

Posted on: February 19, 2014 6:00 am | Last updated: February 19, 2014 at 2:10 am

caracasകരാകസ്: മൂന്ന് അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ വെനിസ്വേല പുറത്താക്കി. ഈ മാസം 12 മുതല്‍ രാജ്യത്ത് അരങ്ങേറുന്ന അക്രമ സംഭവങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതെന്ന് അധിക്യതര്‍ പറഞ്ഞു. ബുധനാഴ്ചയോടെ ഇവരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി എലിയാസ് ജൗഅ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ വൈസ് കോണ്‍സല്‍ ബ്രന്റ് മേരി മാക്‌സ്‌കര്‍, എംബസി ഉദ്യോഗസ്ഥരായ എല്‍സന്‍ ഗോര്‍ദോന്‍, ക്ലാര്‍ക് ക്രിസ്റ്റഫര്‍ ലീ എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നതെന്ന് തലസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. വ്യാജ വിസ അനുവദിക്കുന്നതിന് യൂനിവേഴ്‌സിറ്റികളില്‍ മീറ്റിംഗ് കൂടുന്നതിനിടെയാണ് ഇവര്‍ പിടിയിലായതെന്നും അദ്ദേഹം ആരോപിച്ചു. അക്രമങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന യൂനിവേഴിസിറ്റികള്‍ കേന്ദ്രീകരിച്ചാണ് എംബസികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത പൊതുപദ്ധതികള്‍ നടപ്പാക്കാന്‍ രാജ്യം ബുദ്ധിമുട്ടുന്നതിനിടെ നടക്കുന്ന അക്രമങ്ങളെ നിയമപരമായി സര്‍ക്കാര്‍ നേരിടുകയാണ്. എന്നാല്‍ സര്‍ക്കാറിനെ അന്യായമായി ആക്രമിക്കുകയാണ് അമേരിക്കയെന്നും അദ്ദേഹം ആരോപിച്ചു.