Connect with us

Eranakulam

ലാവ്‌ലിന്‍: 86.25 കോടിയുടെ നഷ്ടമെന്ന് ചൂണ്ടിക്കാട്ടി വീണ്ടും സര്‍ക്കാറിന്റെ ഹരജി

Published

|

Last Updated

കൊച്ചി: എസ് എന്‍ സി ലാവ്‌ലിന്‍ ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് 86.25 കോടിയുടെ സാമ്പത്തിക നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാറിനു വേണ്ടി പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ജനറലിന്റെ ഹരജി. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണാ കോടതി വിധിക്കെതിരെ സി ബി ഐ സമര്‍പ്പിച്ച ഹരജിയില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ഹരജി സമര്‍പ്പിച്ചു.
സാക്ഷരകേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ലാവ്‌ലിന്‍ കേസിലേതെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണവും സര്‍ക്കാറിന്റെ ഹരജിയില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. മലബാര്‍ ക്യാന്‍സര്‍ സെന്ററിന് ലാവ്‌ലിന്‍ കമ്പനി വാഗ്ദാനം ചെയ്ത 86.25 കോടിയുടെ ഗ്രാന്റ് നഷ്ടപ്പെടുത്തിയത് പ്രതികളുടെ ഗൂഢാലോചനയുടെ ഫലമാണെന്നും ഈ തുക ലാവ്‌ലിന്‍ കമ്പനിക്ക് അമിത ലാഭത്തിന് വഴിയൊരുക്കിയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതി നവീകരണത്തിനുള്ള കരാറിലെ ക്രമക്കേടുകളെക്കുറിച്ച് 2005 ലെ സി എ ജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ലാവ്‌ലിന്‍ കമ്പനിക്ക് കരാര്‍ നല്‍കിയത് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണെന്നും ഹരജിയില്‍ പറയുന്നു. പദ്ധതിയുടെ നവീകരണത്തിനുവേണ്ടി 374.50 കോടി രൂപ ചെലവഴിച്ചിട്ടും കാര്യമായ പ്രയോജനം ലഭിച്ചിട്ടില്ലെന്നും സി എ ജി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ലാവ്‌ലിന്‍ കമ്പനിക്ക് കന്‍സള്‍ട്ടന്‍സി കരാറിനൊപ്പം സപ്ലൈ കരാറും നല്‍കാനുള്ള തീരുമാനം കൈക്കൊണ്ട നടപടിയും സര്‍ക്കാര്‍ ചോദ്യം ചെയ്തു.
വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ 1986 ഒക്‌ടോബറില്‍ കാനഡ സന്ദര്‍ശിച്ച് ഇതുസംബന്ധിച്ച കരാര്‍ ഒപ്പ് വെക്കാന്‍ തീരുമാനമെടുത്തത് വിദഗ്ധ സമിതി അംഗങ്ങളുടെ അഭിപ്രായം തേടാതെയായിരുന്നുവെന്നും പിണറായി വിജയന്റെ നേതൃത്വത്തില്‍ കാനഡ സന്ദര്‍ശിച്ച സംഘത്തില്‍ വിദഗ്ധര്‍ ഇല്ലായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
മന്ത്രിയുടെ അറിവോ അംഗീകാരമോ കൂടാതെ വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും അംഗങ്ങള്‍ക്കും 243 കോടിയുടെ സപ്ലൈ കരാര്‍ വിദേശ കമ്പനിക്ക് നല്‍കുന്നതിന് പ്രതികള്‍ അമിതമായി താത്പര്യം കാട്ടിയെന്നും സര്‍ക്കാര്‍ ആരോപിച്ചു.
പന്നിയാര്‍ ചെങ്കുളം പള്ളിവാസല്‍ പദ്ധതി നവീകരണവുമായി ബന്ധപ്പെട്ട് രാജ്യസഭാംഗമായിരുന്ന ഇ ബാലാനന്ദന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി യന്ത്ര സാമഗ്രികള്‍ പൂര്‍ണമായും മാറ്റേണ്ടതില്ലായിരുന്നുവെന്നും പ്രത്യേക ഘടകങ്ങള്‍ മാത്രം മാറ്റിയാല്‍ മതിയെന്നുമായിരുന്നു ശിപാര്‍ശ. ഇതു സാധൂകരിക്കുന്ന കണ്ടെത്തലുകളാണ് സി എ ജി റിപ്പോര്‍ട്ടിലും ഉള്ളത്.
ലാവ്‌ലിന്‍ കമ്പനിക്ക് കണ്‍സള്‍ട്ടന്‍സി കരാറിനൊപ്പം സപ്ലൈ കരാറും നല്‍കിയത് ഉന്നത ഉദ്യോഗസ്ഥരും വൈദ്യുതി മന്ത്രിയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നും സി ബി ഐ കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് തെളിവായി ആറ് സുപ്രധാന രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.