ധനമന്ത്രിയെ കണക്കുകള്‍ ശരിവെക്കുന്നില്ല

Posted on: February 19, 2014 5:59 am | Last updated: February 19, 2014 at 12:30 am

maniസാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എം മാണി എന്തിനാണിങ്ങനെ ആവര്‍ത്തിക്കുന്നത്? ഏതാനും മാസങ്ങളായി, സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല, ബുദ്ധിമുട്ട് മാത്രമേയുള്ളൂ എന്ന പതിവു പല്ലവി മന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ഈ വാദത്തെ പൊളിച്ചടുക്കുന്നതാണ് സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്ന എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്കും സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിലെ കുറവും സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുമ്പോള്‍ ഇത് മറച്ചുപിടിക്കാനുള്ള തത്രപ്പാടാണ് മന്ത്രിയുടെ നിരന്തര പ്രസ്താവന. കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അവസാന ബജറ്റ് അവതരിപ്പിച്ചപ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.9 ശതമാനമാണെന്നാണ് സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയാണ് അടിസ്ഥാന ലക്ഷ്യമെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഒന്നാം യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായിരുന്നു.
രാജ്യം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനകാര്യമന്ത്രി പറയുന്നതിന്റെ യുക്തി എന്താണ്? സാമ്പത്തിക വളര്‍ച്ചയില്‍ രാജ്യത്തെ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത യു പി എ 10 ശതമാനം സാമ്പത്തിക വളര്‍ച്ചയെങ്കിലും കൈവരിക്കുകയാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ രണ്ട് ഘട്ടങ്ങളിലായി 10 വര്‍ഷം പിന്നിട്ടപ്പോള്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7.5ല്‍നിന്ന് 4.9 ലേക്ക് കൂപ്പ് കുത്തുന്ന അവസ്ഥയാണ് രാജ്യം കാണുന്നത്. ഇക്കാലയളവിലാണ് ലക്ഷം കോടിയിലധികം രൂപയുടെ ഒട്ടേറെ അഴിമതികള്‍ നടന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രധാനമായും നിക്ഷേപ വളര്‍ച്ചയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ സമ്പാദ്യ നിരക്ക് ഇടിയുകയാണെന്നാണ് സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ പഠനങ്ങള്‍ തെളിയിക്കുന്നത്. രാജ്യത്തെ ഒരു വിഭാഗത്തിന്റെ മാത്രം സമ്പാദ്യത്തില്‍ വര്‍ധനയുണ്ടായാലും രാജ്യത്തിന്റെ സാമ്പത്തിക ഘടന ഉയരും. എന്നാല്‍ ഇതുകൊണ്ട് രാജ്യത്തിനോ ജനങ്ങള്‍ക്കോ വലിയ ഗുണമുണ്ടാകാനിടയില്ല. സമ്പന്നര്‍ക്കും കുത്തകകള്‍ക്കും മാത്രമാണിതിന്റെ നേട്ടം. മാത്രമല്ല ഇത്തരത്തിലുള്ള വളര്‍ച്ചാ നിരക്ക് കൈവരിക്കാനായി ഇക്കൂട്ടര്‍ക്ക് ഒട്ടേറെ നികുതി ഇളവുകളും നല്‍കേണ്ടിവരും. ഇതാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക അവസ്ഥ.
ഇനി പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി ആണയിടുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയിലേക്ക് വരാം. ഈ ധനമന്ത്രിയുടെ നേതൃത്വത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ നാല് തവണയായി 2000 ത്തിലധികം കോടി രൂപ കടമെടുത്തത് ഇല്ലാത്ത പ്രതിസന്ധി തരണം ചെയ്യാനാണോ? സംസ്ഥാന സമ്പദ്ഘടനയുടെ നട്ടെല്ലായ നികുതി വരുമാനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷം ഒമ്പത് മാസം പിന്നിട്ടപ്പോള്‍ കേന്ദ്ര നികുതി വിഹിതമുള്‍പ്പെടെ 53.26 ശതമാനം മാത്രമാണ് പിരിച്ചെടുത്തത്.
ഇതില്‍ സംസ്ഥാനത്തിന്റെ തനതു നികുതി വരുമാനത്തില്‍ നിന്ന് പ്രതീക്ഷിത തുകയുടെ 52 ശതമാനം മാത്രമാണ് സംസ്ഥാന ഖജനാവിലേക്കെത്തിയത്. 2013-2014 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 38771.10 കോടി രൂപയാണ് സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനമായി പ്രതീക്ഷിക്കുന്നത്. കേന്ദ്ര നികുതി വിഹിതം 8143.79 കോടി രൂപയുമാണ്. എന്നാല്‍ അക്കൗന്റ് ജനറലിന്റെ പ്രാഥമിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനത്തില്‍ നിന്ന് കഴിഞ്ഞ നവംബര്‍ 31 വരെ 20337.46 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്. 2012-13 സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടിരുന്ന 32122.21 കോടിയില്‍ 30076.61 (93.63 ശതമാനം) കോടി രൂപയാണ് പിരിച്ചെടുത്തിരുന്നത്. ഒപ്പം കേന്ദ്ര നികുതി വരുമാനത്തിലും ഗണ്യമായ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. കേന്ദ്ര നികുതി വിഹിതത്തിലൂടെ നടപ്പുസാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന 8143.79 കോടി രൂപയില്‍ ഇതുവരെ 4653.6 കോടി രൂപ മാത്രമേ പിരിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഒപ്പം സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളായ കെ എസ് ആര്‍ ടി സി, സര്‍വകലാശാലകള്‍ തുടങ്ങിയവകളില്‍ ശമ്പള-പെന്‍ഷന്‍ വിതരണം യഥാസമയം നടത്താനാകാതെ പ്രതിസന്ധിയിലാണെന്നാണ് കേരള പബ്ലിക് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍. സര്‍വകലാശാലകളിലെ ധനപ്രതിസന്ധി അക്കാദമിക പ്രവര്‍ത്തനങ്ങളുടെ നിലവാരത്തകര്‍ച്ചയിലേക്ക് നയിച്ചിരിക്കുന്നുവെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. വാര്‍ഷിക വരുമാനത്തിന്റെ 49.32 ശതമാനം സര്‍ക്കാര്‍ ചെലവിടുന്ന വിദ്യാഭ്യാസ മേഖലയിലാണ് ഈ സാമ്പത്തിക പ്രതിസന്ധിയെന്നത് കൂടുതല്‍ ശ്രദ്ധേയമാണ്.
ഇത് പരിഹരിക്കാന്‍ നികുതിയേതര വരുമാനം വര്‍ധിപ്പിക്കണമെന്നും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് വര്‍ധിപ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്തത്. വി എച്ച് എസ് ഇ ഹയര്‍ സെക്കന്‍ഡറിയില്‍ ലയിപ്പിക്കുക, വെള്ളക്കരം വര്‍ധിപ്പിക്കുക, പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ധിപ്പിക്കുക, സ്വകാര്യ ആവശ്യങ്ങള്‍ള്ള പോലീസ് സേവനത്തിന്റെ പ്രതിഫലം വര്‍ധിപ്പിക്കുക, സര്‍ക്കാര്‍ ആശുപത്രികളിലെ മെഡിക്കല്‍ പരിശോധനകളുടെ നിരക്ക്് വര്‍ധിപ്പിക്കുക, പെറ്റി കേസുകളുടെ പിഴ, പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള പിഴ, ശബ്ദ, വായു മലിനീകരണത്തിനുള്ള പിഴ തുങ്ങിയവ വര്‍ധിപ്പിക്കുക തുടങ്ങിയ ശിപാര്‍ശകകളും സമിതി മുന്നോട്ടുവെച്ചിരുന്നു. ഇതെല്ലാം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തുറന്നു കാട്ടുന്നതാണ്. എന്നാല്‍ ഇതെല്ലാം മറച്ചുവെച്ച് സംസ്ഥാനം സാമ്പത്തികമായി സുരക്ഷിതമാണെന്ന് ആവര്‍ത്തിക്കുന്ന ധനമന്ത്രി ഇതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് ശമ്പള-പെന്‍ഷന്‍ നിരക്കില്‍ രേഖപ്പെടുത്തിയ വര്‍ധനക്കനുസരിച്ച് വരുമാനം ഉയര്‍ത്താന്‍ സര്‍ക്കാറുകള്‍ക്ക് കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിയുടെ മൂല കാരണം. ഇക്കലയളവില്‍ ശമ്പള നിരക്കില്‍ 41.74 ശതമാനത്തിന്റെയും പെന്‍ഷന്‍ നിരക്കില്‍ 42.85 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2004-05 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെ ശമ്പള ബാധ്യത 5346 കോടിയും (വളര്‍ച്ചാ നിരക്കിന്റെ 3.90 ശതമാനം), പെന്‍ഷന്‍ ബാധ്യത 2601 കോടി (വളര്‍ച്ചാ നിരക്കിന്റെ എട്ട് ശതമാനം)യുമായിരുന്നു. എന്നാല്‍ നിലവില്‍ ഇത് യഥാക്രമം 16083 കോടിയും (വളര്‍ച്ചാ നിരക്കിന്റെ 45.64 ശതമാനം), 8700 കോടി (വളര്‍ച്ചാ നിരക്കിന്റെ 50.85 ശതമാനം) യുമായി ഉയര്‍ന്നിരിക്കുകയാണ്.
വിവിധ വകുപ്പുകളുടെ കെടുകാര്യസ്ഥതയാണ് ഈ സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയതെന്ന് എക്‌സപെന്‍ഡിച്ചര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. സര്‍വകലാശാലകളുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഈ വകുപ്പുകള്‍ സര്‍ക്കാറിന് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യതകളെ കുറിച്ച് വ്യക്തമായ ബോധ്യമില്ലാതെ പദ്ധതികള്‍ ആവിഷ്‌കരിക്കുക, നടപ്പിലാക്കുന്ന പദ്ധതികള്‍ക്കാവശ്യമായ വിഭവ ലഭ്യത ഉറപ്പാക്കാതെ പദ്ധതികള്‍ക്ക് തുടക്കമിടുക, ഉയര്‍ന്ന യോഗ്യതയുള്ളവരെ ചെറിയ തസ്തികകളില്‍ നിയമിക്കുക, അശാസ്ത്രീയ നിയമനങ്ങള്‍ നടത്തുക, (ഉദാഹരണം: കേരള കാര്‍ഷിക സര്‍വകലാശാലയില്‍ 1368 വിദ്യാര്‍ഥികള്‍ക്ക് 544 അധ്യാപകര്‍) വകുപ്പുകള്‍ തങ്ങളുടെ സാമ്പത്തിക നില പരിഗണിക്കാതെ പുതിയ നടപടികള്‍ ആരംഭിക്കുക തുടങ്ങിയ അധികൃതരുടെ അനാസ്ഥകള്‍ സംസ്ഥാനത്തെ വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കും.

ALSO READ  വംശവെറി വീണ്ടും ഇരകളെ തേടുന്നു